• Home
  • News
  • നീണ്ട 18 വർഷങ്ങൾക്കിപ്പുറം ഇനി പുതുവെളിച്ചം, ജയിലിൽ കണ്ണുനിറഞ്ഞ് വാക്കുകൾ ഇടറി അ

നീണ്ട 18 വർഷങ്ങൾക്കിപ്പുറം ഇനി പുതുവെളിച്ചം, ജയിലിൽ കണ്ണുനിറഞ്ഞ് വാക്കുകൾ ഇടറി അബ്ദുൾ റഹീം

റിയാദ് ∙ മോചനദ്രവ്യം നൽകാൻ തയാറായ സാഹചര്യത്തിൽ അബ്ദുൽ റഹീമിന്‍റെ മോചനത്തിന് നൽകിയ ഹര്‍ജി സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു. കേസിൽ വാദം കേൾക്കാനുള്ള തീയതി കോടതി അറിയിക്കും. ശേഷം ഇരുവിഭാഗങ്ങളുടെയും വാദം കേട്ട് അന്തിമ വിധിയുണ്ടാകും. മോചന കരാർ അനുസരിച്ചുള്ള ദയാധനം തയാറാണെന്ന വിവരം സൗദി കുടുബത്തിന്റെ അഭിഭാഷകന് കൈമാറി. മോചനത്തിനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും ഓൺലൈനിലൂടെ നടന്ന കൂടികാഴ്ചയിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും റിയാദ് റഹീം സഹായസമിതി ഭാരവാഹികളും ആവശ്യപ്പട്ടു. വധശിക്ഷ  റദ്ദാക്കാനുള്ള  കോടതി  നടപടി  കൈക്കൊള്ളുന്നതിനുള്ള അടിയന്തിര ശ്രമമാണ് ഈ ഘട്ടത്തിൽ നടത്തുന്ന സുപ്രധാന ചുവട് വയ്പ്. അതിനു മുന്നോടിയായാണ് ഓൺലൈനിലിലൂടെ വാദിഭാഗം അഭിഭാഷകനെ ബന്ധപ്പെട്ട് ഔപചാരികമായി  വിവരങ്ങൾ ധരിപ്പിച്ചത്. വിചാരണകീഴ്കോടതി വധശിക്ഷ റദ്ദ് ചെയ്യുന്ന വിധി പുറപ്പെടുവിക്കുന്നതോടെ ആ വിധി സുപ്രീം കോടതി അംഗീകരിക്കുന്നതോടെ വധശിക്ഷയിൽ നിന്നും ഒഴിവാക്കും. അതോടെ മറ്റ് നിയമനടപടികൾ പൂർത്തീകരിച്ച് ജയിൽമോചനത്തിനുള്ള അടുത്ത ഘട്ടത്തിലേക്ക് കടക്കും.

ഇരു വിഭാഗം അഭിഭാഷകർ കോടതി നടപടികൾക്ക് സംയുക്ത നീക്കം നടത്തുന്നതോടെ വേഗത്തിൽ പുരോഗതിയുണ്ടാവുമെന്നും സമതിയംഗങ്ങൾ സൂചിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിനെ സൗദിയിൽ റഹീമിന്റെ കുടുംബത്തിനെ പ്രതിനിധീകരിച്ച്  തീരുമാനങ്ങൾ അറിയിക്കുന്നതിന് കുടുംബം ഔദ്യോഗീകമായി ഉത്തരവാദിത്വം നൽകിയിട്ടുണ്ട്. എംബസി പ്രതിനിധിയായ യുസഫ് കാക്കഞ്ചേരിക്കൊപ്പം റിയാദ് സഹായസമതി ഭാരവാഹികളായ അഷ്റഫ് വേങ്ങാട്ട്,സി.പി. മുസ്തഫ,മുനീബ്പാഴൂർ, നജാത്തി,കുഞ്ഞോയി, സിദ്ദീഖ് തുവ്വൂർ എന്നിവരാണ് വാദി ഭാഗം അഭിഭാഷകനോടുള്ള കൂടികാഴ്ചയിൽ പങ്കെടുത്തത്.

∙ നീണ്ട 18 വർഷങ്ങൾക്കിപ്പുറം പുതിയ വെളിച്ചം

18 വർഷങ്ങൾക്കിപ്പുറം തെളിയുന്ന മോചനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ശുഭ പ്രതീക്ഷകളുമായി വാർത്തകൾ പരക്കുമ്പോഴും പ്രാർഥനകളിൽ തുടരുകയാണ് റഹീമെന്ന് തനിക്ക് പെരുന്നാൾ ദിനത്തിൽ ലഭിച്ച ഫോൺ വിളിയിലൂടെ പറഞ്ഞതായി  ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരി വിവരങ്ങൾ പങ്കുവെച്ചു. തന്റെ മോചനത്തിനായി ലോകമെമ്പാടുമുള്ള മലയാളികൾ ഒരുമനപ്പെട്ടതിന്റെ നന്ദി പറഞ്ഞ് തീർക്കാനാതെ റഹീമിന്റെ വാക്കുകൾ മുറിഞ്ഞ് ഇടറിപ്പോയിരുന്നു. തനിക്ക് ജയിൽ മോചനം സാധ്യമായാൽ രാത്രിയും പകലുമില്ലാതെ  ചെറുതും വലുതുമായി അധ്വാനിച്ച, പലതരത്തിൽ സഹായിച്ചവരേയും ഓർത്ത് ഇടതടവില്ലാതെ ഒരോ നിമിഷവും ജീവിതകാലം മുഴുവൻ പ്രാർഥിക്കുമെന്നും റഹിം പറഞ്ഞു. അവിശ്വസനീയമാം വിധം 18 വർഷങ്ങൾക്കിപ്പുറം  മോചനത്തിനുള്ള വഴികൾ തെളിയുന്ന വിവരങ്ങൾ താൻ വിശദമായി കൈമാറിയപ്പോൾ സങ്കടവും സന്തോഷവുംകൊണ്ട് കണ്ണീരിൽ നിറഞ്ഞ് കുതിർന്ന വാക്കുകളിൽ നന്ദി പറയുന്ന റഹീമിനെയാണ് തനിക്ക് കേൾക്കാനായതെന്നു യൂസുഫ് കാക്കഞ്ചേരി  പറഞ്ഞു. ഈ കേസിന്റെ തുടക്കം മുതൽക്കേ എംബസി പ്രതിനിധിയായി ബന്ധപ്പെട്ടിരുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. 

∙ കണ്ണുനിറഞ്ഞ് വാക്കുകൾ ഇടറി റഹീം
റഹീമിന്റെ ജീവൻ തിരികെ പിടിക്കാൻ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സമാനകളില്ലാത്ത പ്രവർത്തനമാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ പ്രവാസി സമൂഹം ഒരുമനസ്സോടെ ലോകമലയാളി മനസാക്ഷിക്കൊപ്പം നടത്തിയത്. റിയാദിൽ അബ്ദുൽ റഹീം നിയമസഹായസമിതിയും ഒപ്പം രാജ്യത്തെ വിവിധ പ്രവിശ്യകളിലുള്ള വിവിധ പ്രവാസി സംഘടനകളുമെല്ലാം രാവുംപകലുമില്ലാതെ  എണ്ണയിട്ട യന്ത്രം കണക്കാണ് ദയാധന സമാഹരണത്തിനായി പ്രവർത്തനം നടത്തിയത്. യുദ്ധകാലടിസ്ഥാനത്തിൽ വിവിധ പ്രവിശ്യകളിൽ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ, സേവന, രാഷ്ട്രീയ സംഘടനകൾ  ഒറ്റക്കെട്ടായി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കഴിഞ്ഞദിവസങ്ങളായി സംയുക്ത യോഗങ്ങൾ സംഘടിപ്പിച്ചും, വിവിധ വാട്സആപ് ഗ്രൂപ്പുകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും വ്യാപകമായി പ്രചരണം നടത്തി മനുഷ്യമനസാക്ഷികളെ തൊട്ടുണർത്തി. റഹീമിന്റെ മോചനം എന്ന ഒരേ ഒരു മുദ്രാവാക്യവും, ലക്ഷ്യവുമായി മലയാളി പ്രവാസി സംഘടനകൾ കൈകോർത്ത് ഇറങ്ങിയപ്പോൾ തുച്ഛ ശമ്പളക്കാർമുതൽ വൻകിടക്കാർവരെ പലതുറകളിലുള്ള സൗദിയിലെ മലയാളികൾ ആബാലവൃദ്ധം ഒപ്പമെത്തി.

∙ ആപ്പ് മുതൽ ബിരിയാണി ചലഞ്ച് വരെ
റിയാദിൽ റഹിം നിയമസഹായസമിതി ധനസമാഹരണത്തിന് ആപ്പ് രൂപീകരിച്ച് ഊർജ്ജിതപ്പെടുത്തിയതിനും പുറമേ പെരുന്നാൾ ദിനം ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചപ്പോൾ സമൂഹമപ്പാടെ വലിയ പിന്തുണ നൽകി. റമസാനിലെ അവസാന പത്ത് ദിനങ്ങളിൽ റഹീം മോചനം മലയാളി സമൂഹത്തിൽ അലയടിക്കുന്ന വികാരമായി മാറിക്കഴിഞ്ഞിരുന്നു. കിഴക്കൻ പ്രവിശ്യയിലെ എഴുപതോളം സംഘടനകൾ സംയുക്തമായി  ദയാധനം സ്വരൂപിച്ച് നൽകാനായി ഏകോപനസമതി രൂപീകരിച്ചപ്പോൾ   പ്രതീക്ഷകൾക്കുമപ്പുറമുള്ള  പിന്തുണയാണ് ലഭിച്ചത്.

∙ തുടർനടപടികൾ വേഗത്തിലാക്കാൻ ഊർജ്ജിത നടപടികളുമായി ഇന്ത്യൻ എംബസി
ജയിൽ മോചനം സാധ്യമാക്കുന്നതിന് സ്വരൂപിച്ച ദയാധനം ഇന്ത്യൻ എംബസി മുഖാന്തിരമാണ് കൈമാറുന്നത്. മോചനദ്രവ്യം നൽകാൻ തയാറായ സാഹചര്യത്തിൽ അബ്ദുൽ റഹീമിന്‍റെ മോചനത്തിന് നൽകിയ ഹര്‍ജി സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു. കേസിൽ വാദം കേൾക്കാനുള്ള തീയതി കോടതി അറിയിക്കും. ശേഷം ഇരുവിഭാഗങ്ങളുടെയും വാദം കേട്ട് അന്തിമ വിധിയുണ്ടാകും. വാദി, പ്രതിഭാഗങ്ങൾ കേസ് ഒത്തുതീർപ്പിനുള്ള മറ്റു നടപടികളിലേക്കും  പ്രവേശിച്ചു.

എകദേശം 34 കോടി ഇന്ത്യൻ രൂപക്ക് തുല്യമായ സൗദി റിയാലാണ് വാദിഭാഗമായ സൗദികുടുംബം റഹീമിന്റെ മോചനത്തിന് ആവശ്യമായ ദയാധനമായി അവശ്യപ്പെട്ടിരുന്നത്. സമാഹരിച്ച തുക കോഴിക്കോട് നിന്നും വിദേശകാര്യ മന്ത്രാലയം മുഖേന റിയാദിലെ ഇന്ത്യൻ എംബസിയിലൂടെ സൗദിയിലേക്ക് എത്തിച്ചേരും. തുടർന്ന് എംബസിയിൽ നിന്നും ബന്ധപ്പെട്ട കോടതി മുഖാന്തിരം വാദിയായ സൗദികുടുംബത്തിന് കൈമാറുക എന്നതാണ് ഏറ്റവും നിർണ്ണായകം. അതോടുകൂടെ കോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടാവുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ഇന്ത്യൻ എംബസി ഈ ആവശ്യത്തിലേക്ക് റിയാദിൽ തുടങ്ങുന്ന ബാങ്ക് അക്കൗണ്ടിലേക്ക് വിദേശകാര്യ മന്ത്രാലയം  മുഖാന്തിരം എത്തുന്ന ദയാധനം നിക്ഷേപിക്കും. മരണമടഞ്ഞ സൗദി പൌരന്റെ കുടുംബം ആവശ്യപ്പെട്ട ദയാധനം തയ്യാറായിട്ടുണ്ടെന്ന വിവരം വധശിക്ഷ വിധിച്ച സുപ്രീം കോടതിയെ അറിയിക്കുക എന്നതാണ് അടുത്ത നടപടിക്രമം. തുടർന്ന് സൗദി കുടുംബത്തിന് തുകയ്ക്കുള്ള ചെക്ക് കൈമാറണം. അതിനു ശേഷം ആഭ്യന്തര മന്ത്രാലയത്തിലും നീതിന്യായ മന്ത്രാലയത്തിലുമുള്ള നിയമനടപടികൾ പൂർത്തീകരിക്കുന്നതോടെ ഒന്നോ രണ്ടോ മാസത്തിനുള്ളിൽ റഹീം ജയിൽ മോചിതനാകുമെന്ന് റിയാദിലെ ഇന്ത്യൻ എംബസി  വെൽഫെയർ വിഭാഗം ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി പറഞ്ഞു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All