• Home
  • Sports
  • പാകിസ്ഥാനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഓസ‌്ട്രേലിയ
cricket

പാകിസ്ഥാനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഓസ‌്ട്രേലിയ

ഷാർജ: പാകിസ്ഥാനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഓസ‌്ട്രേലിയ ഒരുങ്ങി. മേയിൽ ഏകദിന ലോകകപ്പിൽ എതിരാളികൾ ഏറ്റവും ഭയക്കേണ്ട സംഘമായി ഓസീസ‌് മാറി. പന്ത‌് ചുരണ്ടൽ വിവാദത്തിൽത്തട്ടി ഒരുവർഷംമുമ്പ‌് തകർന്നുപോയ ഓസീസല്ല ഇപ്പോൾ. രൂപത്തിലും ഭാവത്തിലും അവർ മാറി. വാർണറും സ‌്റ്റീവൻ സ‌്മിത്തും തിരിച്ചെത്തുന്നതോടെ ഏറ്റവും സന്തുലിതമായ സംഘമാകും ഓസീസ‌്. ഇന്ത്യയുമായുള്ള പരമ്പര നേട്ടത്തിനു പിന്നാലെ ദുബായിയിൽ എത്തിയ ഓസീസ‌് പാകിസ്ഥാനെ അഞ്ച‌് കളിയിലും വീഴ‌്ത്തി. തുടർച്ചയായ എട്ട‌ു ജയങ്ങൾ. അഞ്ചാം ഏകദിനം 20 റണ്ണിനാണ‌് ഓസീസ‌് ജയിച്ചത‌്.

വിലക്കു കഴിഞ്ഞെത്തിയ ഡേവിഡ‌് വാർണർ ഐപിഎലിൽ റണ്ണടിച്ചുകൂട്ടുകയാണ‌്. രണ്ട‌് മാസം മുമ്പ‌് ടീമിലെ സ്ഥാനംപോലും സംശയത്തിലായിരുന്ന ആരോൺ ഫിഞ്ച‌് പാകിസ്ഥാനുമായുള്ള പരമ്പരയിൽ രണ്ട‌് സെഞ്ചുറികളാണ‌് നേടിയത‌്. അഞ്ച‌് കളിയിൽ 451 റൺ നേടിയ ഫിഞ്ച‌് പരമ്പരയുടെ താരവുമായി. ഗ്ലെൻ മാക‌്സ‌്‌വെൽ, ഉസ‌്മാൻ ഖവാജ, പീറ്റർ ഹാൻഡ‌്സ‌്കോമ്പ‌്, ഷോൺ മാർഷ‌്, ആഷ്ടൺ ടേണർ എന്നിവരെല്ലാം ബാറ്റിങ‌് നിരയുടെ കരുത്താണ‌്. മുൻ ക്യാപ‌്റ്റൻ സ‌്റ്റീവൻ സ‌്മിത്ത‌് തിരിച്ചെത്തിയാൽ എവിടെ ഇടംനൽകുമെന്നാണ‌് ഓസീസിന്റെ ആശങ്ക.

ഇന്ത്യയുമായുള്ള ഏകദിന പരമ്പരയ‌്ക്കെത്തുമ്പോൾ ക്യാപ‌്റ്റൻ എന്ന പദവി മാത്രമാണ‌് ഫിഞ്ചിന‌് ഓസീസ‌് ബാറ്റിങ‌് നിരയിൽ ഇടംനൽകിയത‌്. ആദ്യകളികളിൽ പരാജയപ്പെട്ട ഈ മുപ്പത്തിരണ്ടുകാരൻ അവിശ്വസനീയ തിരിച്ചുവരവാണ‌് പിന്നീട‌് നടത്തിയത‌്. പാകിസ്ഥാനെതിരെ 116, 153, 90, 39, 53 എന്നിങ്ങനെയാണ‌് ഫിഞ്ചിന്റെ സ‌്കോർ. ഐസിസി ഏകദിന റാങ്കിങ‌് പട്ടികയിൽ ഒമ്പതാമതാണ‌് ഫിഞ്ച‌് ഇപ്പോൾ. ലോകകപ്പിനുള്ള ഓസീസ‌് ടീമിനെ ഫിഞ്ച‌് തന്നെ നയിക്കും. വാർണർക്ക‌ു പകരം ടീമിലെത്തിയതാണ‌് ഖവാജ‌. കഴിഞ്ഞ 10 ഇന്നിങ‌്സ‌ിൽ ഈ ഇടംകൈയൻ നേടിയത‌്‌ 655 റണ്ണാണ‌്‌. വാർണർ എത്തുമ്പോൾ ഖവാജയ‌്ക്ക‌് ബാറ്റിങ‌് നിരയിൽ മൂന്നാമനാകേണ്ടിവരും. ഫിഞ്ചും വാർണറും തുടങ്ങും.

Recent Updates