മികച്ച ഫുട്‌ബോള്‍ താരത്തെ തെരഞ്ഞെടുക്കാനുള്ള മത്സരപ്പട്ടിക ഫിഫ പ്രഖ്യാപിച്ചു; സൂപ്പര്‍ താരങ്ങള്‍ക്ക് ഭീഷണിയായി ലൂക്കാ മോഡ്രിച്ച്
മ്യൂണിച്ച്: പോയ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തെ തെരഞ്ഞെടുക്കാനുള്ള മത്സരപ്പട്ടിക ഫിഫ പ്രഖ്യാപിച്ചു. ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍ പട്ടികയിലില്ല. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പട്ടികയിലുണ്ട്. ക്രൊയേഷ്യയെ ലോകകപ്പിന്റെ ഫൈനല്‍ വരെയെത്തിച്ച നായകന്‍ ലൂക്കാ മോഡ്രിച്ച് ആണ് മെസിക്കും ക്രിസ്റ്റ്യാനോക്കും ഭീഷണിയായി പട്ടികയില്‍ നിലയിറുപ്പിച്ചിരിക്കുന്നത്. 2017 ജൂലായ് മുതല്‍ 2018 ജൂലായ് വരെയുള്ള താരങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക.
ലോക ജേതാക്കളായ ഫ്രാന്‍സിന്റെ മൂന്ന് കളിക്കാരാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ആന്റോയിന്‍ ഗ്രീസ്മാന്‍, റയല്‍ ഡിഫന്‍ഡര്‍ റാഫേല്‍ വരാനെ, ലോകകപ്പിലെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ട കെയ്‌ലിയന്‍ എംബാപ്പെ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ ഫ്രഞ്ച് താരങ്ങള്‍.
ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ ബെല്‍ജിയം താരങ്ങളായ കെവിന്‍ ഡി ബ്രൂയ്ന്‍, ഈഡന്‍ ഹസാര്‍ഡ് എന്നിവരും പട്ടികയിലുണ്ട്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ഹാരി കെയ്ന്‍, ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയ മുഹമ്മദ് സലാ തുടങ്ങിയ താരങ്ങളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.