ബാഴ്സലോണ സ്പാനിഷ് ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി
നൗകാമ്പ്: സെൽറ്റ ഡി വിഗോയെ രണ്ട് ഗോളിന് തോൽപ്പിച്ച് ബാഴ്സലോണ സ്പാനിഷ് ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. ഈവർഷം ബാഴ്സയുടെ അവസാന മത്സരമായിരുന്നു ഇത്.ലയണൽ മെസിയാണ് ബാഴ്സയുടെ വിജയശിൽപ്പി. മെസി ഒരു ഗോളടിച്ചു. രണ്ടാം ഗോളിന് വഴിയൊരുക്കി. ഉസ്മാൻ ഡെംബലെയാണ് ബാഴ്സയുടെ ആദ്യ ഗോൾ നേടിയത്. എസ്പാന്യോളിനെ ഒരു ഗോളിന് മറികടന്ന അത്ലറ്റികോ മാഡ്രിഡാണ് പട്ടികയിൽ രണ്ടാമത്. 17 കളിയിൽ ബാഴ്സയ്ക്ക് 37ഉം അത്ലറ്റികോയ്ക്ക് 34ഉം പോയിന്റാണ്.സ്വന്തം തട്ടകമായ നൗകാമ്പിൽ മികച്ച തുടക്കമാണ് ബാഴ്സയ്ക്കു കിട്ടിയത്. മെസിയും ലൂയിസ് സുവാരസും ചേർന്നുള്ള നീക്കങ്ങൾ തുടക്കത്തിലേ കളി ബാഴ്സയുടെ കാലുകളിലാക്കി. 10 മിനിറ്റിനുള്ളിൽ ബാഴ്സ മുന്നിലെത്തി. മെസി–-ജോർഡി ആൽബ–-ഡെംബലെ കൂട്ടുകെട്ടായിരുന്നു ഗോളിനു പിന്നിൽ. മെസിയിൽനിന്നായിരുന്നു തുടക്കം. പിന്നെ ഇടതുവശത്ത് ആൽബ പന്തുമായി മുന്നേറി. ബോക്സിന്റെ ഇടതുമൂലയിൽവച്ച് ആൽബ മെസിക്ക് ക്രോസ് കൊടുത്തു. മെസിയുടെ ഇടങ്കാലനടി സെൽറ്റ ഗോൾകീപ്പർ റൂബെൻ ബ്ലാങ്കോ തട്ടിയകറ്റി. എന്നാൽ, പന്ത് വീണത് ഡെംബലെയുടെ കാലിൽ. അനായാസം ഈ ഫ്രഞ്ചുകാരൻ ബ്ലാങ്കോയെ മറികടന്നു.