• Home
  • Sports
  • ഇന്ത്യയും ആസ്‌ത്രേലിയയും തമ്മിലുള്ള രണ്ടാം ടി20 മത്സരം ഇന്ന്
t20 india vs aus

ഇന്ത്യയും ആസ്‌ത്രേലിയയും തമ്മിലുള്ള രണ്ടാം ടി20 മത്സരം ഇന്ന്

ബംഗളൂരു: ഇന്ത്യയും ആസ്‌ത്രേലിയയും തമ്മിലുള്ള രണ്ടാം ടി20 മത്സരം ഇന്ന്. രാത്രി ഏഴിന് ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ആദ്യ ടി20യില്‍ ആസ്‌ത്രേലിയക്ക് മുന്‍പില്‍ പൊരുതി കീഴടങ്ങിയ ഇന്ത്യക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ന് ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് സ്വന്തം നാട്ടില്‍ ഓസീസിന് മുന്‍പില്‍ ഇതുവരെ പരാജയപ്പെട്ടിട്ടില്ലെന്ന റെക്കോര്‍ഡ് കാത്തുസൂക്ഷിക്കാന്‍ സാധിക്കൂ. വിശാഖപട്ടണത്ത് നടന്ന ആദ്യ ടി20യില്‍ ജയത്തിനരികേ എത്തിയ ശേഷമായിരുന്നു ഇന്ത്യയുടെ തോല്‍വി. മൂന്ന് വിക്കറ്റിനാണ് ഇന്ത്യ ഈ കളിയില്‍ പരാജയപ്പെട്ടത്. അവസാന ഓവറില്‍ ജയിക്കാന്‍ 14 റണ്‍സ് വേണ്ടിയിരുന്ന ഓസീസ് അവസാന പന്തിലാണ് വിജയം നുണഞ്ഞത്. ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറില്‍ രണ്ടാം പന്തില്‍ റിച്ചാര്‍ഡ്‌സണും അഞ്ചാം പന്തില്‍ കുമ്മിന്‍സും ഫോര്‍ നേടിയതോടെയാണ് ജയം ഉറപ്പിച്ച ഇന്ത്യ പരാജയത്തിലേക്ക് കൂപ്പുകുത്തിയത്.

ആദ്യ കളിയില്‍ മോശം പ്രകടനം കാഴ്ചവച്ച ബാറ്റിങ് നിര ഈ മത്സരത്തില്‍ ഫോമിലേക്കുയരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഒരിടവേളയ്ക്കു ശേഷം ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട ലോകേഷ് രാഹുല്‍ മാത്രമാണ് ആദ്യ ടി20യില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ തിളങ്ങിയത്. രോഹിത് ശര്‍മയോടൊപ്പം ഓപ്പണറായി ഇറങ്ങിയ രാഹുല്‍ 36 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 50 റണ്‍സെടുത്തിരുന്നു. ക്യാപ്റ്റന്‍ കോഹ്‌ലി (24), എം.എസ് ധോണി (29) എന്നിവരാണ് രണ്ടക്കം സ്‌കോര്‍ തികച്ച മറ്റു താരങ്ങള്‍. രണ്ടാമങ്കത്തില്‍ ജയിച്ച് പരമ്പര സമനിലയിലാക്കണമെങ്കില്‍ ബാറ്റിങ് നിരയില്‍നിന്ന് മികച്ച പ്രകടനം തന്നെ ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. ആദ്യ കളിയില്‍ ഓപ്പണര്‍ ശിഖര്‍ ധവാന് വിശ്രമം അനുവദിച്ചാണ് ഇന്ത്യ കളത്തിലിറങ്ങിയത്. പകരക്കാരനായി രോഹിത്തിനൊപ്പം രാഹുല്‍ ഓപ്പണിങില്‍ എത്തുകയായിരുന്നു. രാഹുല്‍ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയതിനാല്‍ ധവാനെ തിരിച്ചുവിളിക്കുമോയെന്ന കാര്യം ഉറപ്പില്ല. എന്നാല്‍ ഇന്ത്യന്‍ ബൗളിങ് നിരയില്‍ ഏവും മോശം പ്രകടനം നടത്തിയ ഉമേഷ് യാദവിനെ ഒഴിവാക്കിയേക്കും. പകരം സിദ്ധാര്‍ഥ് കൗള്‍ ടീമിലെത്തിയേക്കുമെന്നാണ് സൂചന. മായങ്ക് മര്‍ക്കാണ്ഡെയ്ക്കു പകരം ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെയും കളിപ്പിക്കാന്‍ സാധ്യതയുണ്ട്.

Recent Updates

Related News