• Home
  • Sports
  • ദുബായ് :ഇന്ത്യയും പാകിസ്താനും മുഖാമുഖം

ദുബായ് :ഇന്ത്യയും പാകിസ്താനും മുഖാമുഖം

ദുബായ്: ക്രിക്കറ്റിലെ പരമ്പരാഗത എതിരാളികളായ ഇന്ത്യയും പാകിസ്താനും ഏറെക്കാലത്തിന് ശേഷം സെപ്റ്റംബറിൽ മുഖാമുഖം എത്തുന്നു. ഐ.സി.സി. യുടെ നേതൃത്വത്തിലുള്ള ഏഷ്യാകപ്പ് മത്സരങ്ങൾ സെപ്റ്റംബർ 15 മുതൽ 28 വരെയായി അബുദാബിയിലും ദുബായിലുമായാണ് നടക്കുന്നത്.

ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സെപ്റ്റംബർ 15-ന് ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. 19-ന് ദുബായിലാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടുന്നത്. പന്ത്രണ്ട് വർഷത്തിന് ശേഷമാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം യു.എ.ഇ യിൽ നടക്കുന്നതെന്നതാണ് ഏഷ്യാകപ്പിന്റെ വലിയ സവിശേഷത.

മൂന്ന് ടീമുകൾ ഉള്ള രണ്ട് ഗ്രൂപ്പുകളായാണ് മത്സരം. ഗ്രൂപ്പ് എയിൽ ഇന്ത്യ, പാകിസ്താൻ, ഗ്രൂപ്പ് ബിയിൽ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ ടീമുകൾ നേരത്തെ തന്നെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പ് എ യിലെ മൂന്നാമത്തെ ടീമിനെ കണ്ടെത്താനുള്ള യോഗ്യതാ മത്സരങ്ങൾ ഈമാസം 29 മുതൽ സെപ്റ്റംബർ ആറ് വരെയായി ഇന്ത്യയിൽ നടക്കും. യു.എ.ഇ, ഹോങ്കോങ്, മലേഷ്യ, നേപ്പാൾ, ഒമാൻ, സിങ്കപ്പൂർ എന്നീ ടീമുകളാണ് ഇതിനായി മത്സരിക്കുന്നത്. സെപ്റ്റംബർ 28-ന് ദുബായിൽ തന്നെയാണ് ഫൈനൽ.

ദുബായ് സ്റ്റേഡിയത്തിൽ എട്ടും അബുദാബിയിലെ ശൈഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അഞ്ച് മത്സരങ്ങൾ നടക്കും. ഏഷ്യാകപ്പിന്റെ പതിനാലാമത് എഡിഷനാണ് യു.എ.ഇ. വേദിയാവുന്നത്. യു.എ.ഇ.യിൽ മൂന്നാം തവണയാണ് ടൂർണമെന്റ് നടക്കുന്നത്.

2006-ൽ അബുദാബിയിലാണ് ഏറ്റവും ഒടുവിലായി യു.എ.ഇ. യിൽവെച്ച് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയത്. 2005-ലെ കശ്മീർ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായിട്ടായിരുന്നു ആ മത്സരം.

Recent Updates

Related News