ഇന്ത്യ ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെതിരെ
ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്ന് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിടും. വൈകീട്ട് അഞ്ചുമുതല്‍ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
പാകിസ്ഥാനെതിരെ ആധികാരിക ജയമാണ് ഇന്ത്യ നേടിയത്. ബൗളിങ്ങിലും ബാറ്റിങ്ങിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കി. 164 റണ്ണിന് പാകിസ്ഥാനെ പുറത്താക്കിയ ഇന്ത്യ 29 ഓവറിൽ വിജയംകണ്ടു. രോഹിത് ശർമയുടെയും (39 പന്തിൽ 52) ശിഖർ ധവാന്റെയും (54 പന്തിൽ 46) ബാറ്റിങ് മികവ് ഇന്ത്യയുടെ ജയം എളുപ്പത്തിലാക്കി.
സൂപ്പർ ഫോറിൽ പാകിസ്ഥാനുമായി വീണ്ടും കളിയുണ്ട് ഇന്ത്യക്ക്. ഞായറാഴ്ചയാണ് ഈ മത്സരം. 25ന് അവസാന മത്സരത്തിൽ അഫ്ഗാനെയും നേരിടും. 28നാണ് െെഫനൽ.
ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പരിക്ക് ഇന്ത്യക്ക് തിരിച്ചടിയാണ്. ടീമിൽ മാറ്റങ്ങളുണ്ടായേക്കും. ഭുവനേശ്വർ കുമാറിന് വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്. ഭുവനേശ്വറായിരുന്നു പാകിസ്ഥാനെതിരെ കളിയിലെ കേമനായത്. മൂന്ന് വിക്കറ്റാണ് ഭുവനേശ്വർ നേടിയത്. ഭുവനേശ്വർ ഇറങ്ങിയില്ലെങ്കിൽ ഖലീൽ അഹമ്മദ് കളിക്കാനെത്തും. രവീന്ദ്ര ജഡേജയും കളിക്കുമെന്നാണ് സൂചന.