ഏഷ്യ കപ്പ്; ബംഗ്ലാദേശിനെതിരേ ഇന്ത്യക്ക് ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം
ദുബൈ: ഏഷ്യാ കപ്പ് സൂപ്പര്‍ 4 മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 174 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യ അയല്‍ക്കാരി 49.1 ഓവറില്‍ പുറത്താക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ 173 റണ്‍സിന് പുറത്താക്കിയപ്പോള്‍ കുറഞ്ഞ വിജയലക്ഷ്യവുമായി ബാറ്റേന്തിയ ഇന്ത്യ നായകന്റെ തകര്‍പ്പന്‍ പ്രകടന മികവില്‍ 36.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 174 റണ്‍സെടുത്ത് വിജയം കാണുകയായിരുന്നു. 104 പന്തില്‍ അഞ്ച് ഫോറും മൂന്ന് പടുകൂറ്റന്‍ സിക്‌സറും പറത്തി നായകന്‍ 83 റണ്‍സാണ് പുറത്താകാതെ നേടിയത്.
പാകിസ്താനെതിരായ മല്‍സരത്തില്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റതോടെയാണ് ബംഗ്ലാദേശിനെതിരായ ആദ്യ സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ രവീന്ദ്ര ജഡേജയെ പകരക്കാരനായി ഇറക്കിയത്. 10 ഓവറില്‍ വെറും 29 റണ്‍സ് വഴങ്ങി നാലുവിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബൂംറയും മൂന്ന് വീതം വിക്കറ്റുകളും വീഴ്ത്തി.ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപണിങിനിറങ്ങിയ ധവാനും രോഹിതും ചേര്‍ന്ന് ബംഗ്ലാ പേസര്‍മാരെ കണക്കിന് ശിക്ഷിച്ചു. സ്‌കോര്‍ 61ല്‍ നില്‍ക്കേ ഇന്ത്യക്ക് ആദ്യ മല്‍സരത്തിലെ സെഞ്ച്വറി വീരന്‍ ധവാനെ (40) നഷ്ടമായി. റായിഡു(13) കത്തിക്കയറും മുമ്പേ പവലിയനിലേക്ക് മടങ്ങി. തുടര്‍ന്നെത്തിയ ധോണിയുമായി(33) നായകന്‍ രോഹിത് ശര്‍മ കൂട്ടുകെട്ട് സ്ഥാപിച്ചതോടെ ഇന്ത്യ ടോപ് ഗിയറില്‍ തന്നെ മല്‍സരം തുടര്‍ന്നു. ഒടുവില്‍ ഇന്ത്യക്ക് വിജയതീരത്തെത്താന്‍ നാല് റണ്‍സ് മാത്രം ബാക്കി നില്‍ക്കേ ധോണി മടങ്ങിയതോടെ കാര്‍ത്തികിനെ കൂട്ടുപിടിച്ച് നായകന് രോഹിത് ശര്‍മ തന്നെ ഇന്ത്യന്‍ ജയം അനായാസമാക്കി.