• Home
  • Sports
  • മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ അഴിച്ചുപണി

മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ അഴിച്ചുപണി

ഇംഗ്ലണ്ട്: മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യത. ലോർഡ്സിലെ രണ്ടാം ടെസ്റ്റിൽ അപമാനകരമായ തോൽവി വഴങ്ങിയ ടീമിനുനേരെ രൂക്ഷ വിമർശമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കളിക്കാരിൽ ചിലരെ ഒഴിവാക്കാൻ ശ്രമിക്കുന്നത്. പരിക്കുമാറി, ശാരീരികക്ഷമത വീണ്ടെടുത്ത പേസർ ജസ്പ്രീത് ബുമ്ര മൂന്നാം ടെസ്റ്റിൽ കളിച്ചേക്കും. യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനും സാധ്യതയുണ്ട്. 18ന് ട്രെന്റ് ബ്രിഡ്ജിലാണ് മൂന്നാം ടെസ്റ്റ്. അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ 0‐2ന് പിന്നിലാണ്.

ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം റാങ്കുകാരാണ് ഇന്ത്യ. ഇംഗ്ലണ്ടിൽ നിരന്തരം തോൽക്കുന്നുവെന്നതിന്റെ പേരുദോഷം മാറ്റുമെന്ന് പ്രഖ്യാപിച്ചാണ് ടീം കളത്തിലിറങ്ങിയത്. പക്ഷേ, രണ്ടാഴ്ച കഴിയുമ്പോൾ പഴയതിനെക്കാളും മോശമായി. അടിസ്ഥാനപാഠംപോലും മനസിലാകാതെ ബാറ്റ് വീശുന്ന ബാറ്റ്സ്മാന്മാർ രണ്ട് ടെസ്റ്റിലും നിറംകെട്ടു. ക്യാപ്റ്റൻ വിരാട് കോഹ്ലി മാത്രമാണ് ഇതിന് അപവാദം. ടീം തെരഞ്ഞെടുപ്പിലും കളി രീതിയിലും കോഹ്ലിയുടെ നായകത്വത്തിന് നേരെ വിമർശമുയരുന്നുണ്ട്. പരിശീലകൻ രവി ശാസ്ത്രിയുടെ തന്ത്രങ്ങളും വിമർശിക്കപ്പെട്ടു.

ബുമ്ര തിരിച്ചെത്തുന്നത് ആശ്വാസകരമാണ്. പേസിനെ തുണയ്ക്കുന്നതാണ് ട്രെന്റ് ബ്രിഡ്ജിലെ പിച്ചും. അയർലൻഡിനെതിരായ ട്വന്റി‐20 മത്സരത്തിൽ വിരലിന് പരിക്കേറ്റ ബുമ്ര വിശ്രമത്തിലായിരുന്നു. രണ്ടാം ടെസ്റ്റിന് മുമ്പ് സുഖം പ്രാപിച്ചെങ്കിലും കൂടുതൽ വിശ്രമം നൽകാൻ തീരുമാനിക്കുകയായിരുന്നു. ജനുവരിയിൽ ദക്ഷിണാഫ്രിക്കയോടാണ് ബുമ്ര അരങ്ങേറിയത്. മൂന്ന് ടെസ്റ്റിൽ 14 വിക്കറ്റ് വീഴ്ത്താനായി.

ബുമ്ര എത്തുമ്പോൾ സ്പിന്നർ കുൽദീപ് പുറത്തിരിക്കും. ലോർഡ്സിൽ കുൽദീപിനെ കളിപ്പിച്ചത് മണ്ടൻ തീരുമാനമായിരുന്നു. പേസർ ഉമേഷ് യാദവിനെ മാറ്റി കുൽദീപിന് അവസരം കൊടുത്തത് തിരിച്ചടിയായി. പേസർമാരുടെ വിളനിലമായ പിച്ചിൽ കുൽദീപിന് ശോഭിക്കാനായില്ല.

ദിനേശ് കാർത്തിക് വിക്കറ്റ് കീപ്പർ സ്ഥാനത്തുനിന്ന് മാറാനാണ് സാധ്യത. വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയ കാർത്തിക് നിരാശപ്പെടുത്തി. 0, 20, 1,0 എന്നിങ്ങനെയാണ് രണ്ട് ടെസ്റ്റിൽ കാർത്തികിന്റെ പ്രകടനം. വൃദ്ധിമാൻ സാഹയ്ക്ക് പരിക്കായതുകൊണ്ടാണ് കാർത്തിക് ടീമിലെത്തിയത്. പക്ഷേ, കിട്ടിയ അവസരം പ്രയോജനപ്പെടുത്താൻ കാർത്തികിന് കഴിഞ്ഞില്ല.

പന്ത് ആഭ്യന്തര ക്രിക്കറ്റിൽ മിന്നുന്ന കളിയാണ് പുറത്തെടുക്കുന്നത്. ഒന്നാംക്ലാസ് ക്രിക്കറ്റിൽ 54.50 ആണ് ഈ പത്തൊമ്പതുകാരന്റെ ബാറ്റിങ് ശരാശരി. നാല് സെഞ്ചുറിയും എട്ട് അരസെഞ്ചുറിയും ഇതിൽ ഉൾപ്പെടും. രണ്ടുവർഷംമുമ്പ് ഡൽഹിക്കുവേണ്ടി രഞ്ജി ട്രോഫി ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടി.  സമീപകാലത്ത് ഇംഗ്ലണ്ട് ലയൺസ്, വെസ്റ്റിൻഡീസ് എ ടീമുകളോടും ശ്രദ്ധേയ പ്രകടനം പുറത്തെടുത്തു.

ഹാർദിക് പാണ്ഡ്യ, മുരളി വിജയ്, ചേതേശ്വർ പൂജാര എന്നിവർ തുടരാനാണ് സാധ്യത. പരിക്കിലുള്ള ക്യാപ്റ്റൻ കോഹ്ലി മൂന്നാം ടെസ്റ്റിൽ കളിച്ചേക്കും.

Recent Updates

Related News