• Home
  • Sports
  • നേട്ടങ്ങള്‍ക്കു പിന്നിൽ ധോണിയുടെ സ്വാധീനത്തെക്കുറിച്ച് തുറന

നേട്ടങ്ങള്‍ക്കു പിന്നിൽ ധോണിയുടെ സ്വാധീനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഋഷഭ് പന്ത്

ലണ്ടന്‍∙ ഇന്ത്യയുടെ പ്രതിഭാധനരായ യുവ വിക്കറ്റ് കീപ്പർമാരിൽ ഒരാളാണ് ഋഷഭ് പന്ത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിലേക്കും താരം തിരഞ്ഞെടുക്കപ്പെട്ടു. വ‍ൃദ്ധിമാൻ സാഹ പരുക്കിൽ നിന്ന് മുക്തനായി തിരിച്ചെത്താതിരുന്നതോടെയാണ് പന്തിന് നറുക്ക് വീണത്. പാർഥിവ് പട്ടേലിനെയും പന്തിനെയുമാണ് ടെസ്റ്റ് ടീമിലേക്ക് വിക്കറ്റ് കീപ്പർമാരായി പരിഗണിച്ചിരിക്കുന്നത്.

എന്നാലിതാ തന്റെ നേട്ടങ്ങള്‍ക്കു പിന്നിലെ ധോണിയുടെ സ്വാധീനത്തെക്കുറിച്ച് തുറന്നുപറയുകയാണ് ഋഷഭ് പന്ത്. ധോണിയുടെ ഉപദേശങ്ങൾ കാരണമാണ് ഐപിഎൽ ഉൾപ്പെടെയുള്ള ടൂർണമെന്റുകളിൽ വിജയം കൈവരിക്കാൻ സാധിക്കുന്നതെന്ന് പന്ത് വ്യക്തമാക്കി. എപ്പോഴൊക്കെ എനിക്ക് മഹി ഭായുടെ പിന്തുണ ആവശ്യമായിരുന്നോ അപ്പോഴൊക്കെ ഞാൻ അദ്ദേഹത്തെ വിളിച്ചു. ഐപിഎൽ കരാർ മുതൽ വിക്കറ്റ് കീപ്പിങ് വരെ എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന്റെ ഉപദേശം എനിക്ക് തുണയായി– ഋഷഭ് പറഞ്ഞു.

വിക്കറ്റ് കീപ്പറായെത്തുമ്പോൾ തലയുടെയും കൈകളുടെയും ഏകോപനം സുപ്രധാനമാണെന്നാണ് അദ്ദേഹം പറയുന്നത്. ശരീരത്തിന്റെ നിയന്ത്രണം പിന്നീടാണ് വരുന്നത്. ഇക്കാര്യങ്ങളെല്ലാം എനിക്ക് വളരെ അധികം ഉപകാരപ്പെട്ടു. കളിക്കളത്തിലും പുറത്തും എപ്പോഴും ക്ഷമ കൈവിടരുത്. മൽസരങ്ങളുടെ സാഹചര്യത്തിന് അനുസരിച്ചാണ് കളിക്കേണ്ടത്. അതിന് അനുസരിച്ച് കളി മാറ്റാന്‍ സാധിക്കണമെന്നും ധോണി ഉപദേശിക്കാറുണ്ട്– ഇന്ത്യൻ‌ യുവതാരം പറയുന്നു. 

എന്നാൽ വിക്കറ്റ് കീപ്പിങ്ങിന്റെ കാര്യത്തിൽ ഋഷഭ് പന്ത് ഏറ്റവും കൂടുതൽ ആരാധിക്കുന്നത് മറ്റൊരാളെയാണ്. ഓസീസ് മുൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റ്. വിക്കറ്റിന് പിറകിൽ നിൽക്കുമ്പോഴെല്ലാം അദ്ദേഹത്തിന്റെ പ്രകടനങ്ങളാണ് മാതൃകയാക്കാറെന്നും പന്ത് പറയുന്നു. കളി മെച്ചപ്പെടുത്തുന്നതിന് വിരാട് കോ‍ഹ്‍ലി, അജിൻക്യ രഹാനെ എന്നിവരില്‍ നിന്നും ഏറെ പഠിച്ചിട്ടുണ്ടെന്നും പന്ത് വ്യക്തമാക്കി. 2017ൽ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 മൽസരത്തോടെയാണ് പന്ത് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്. നാല് മല്‍സരങ്ങളിൽ നിന്ന് 73 റൺസാണ് താരത്തിന്റെ സമ്പാദ്യം. ഐപിഎല്ലിൽ കഴിഞ്ഞ സീസണിൽ ഡെൽഹി ഡെയർ ഡെവിൾസിന്റെ താരമായിരുന്നു പന്ത്. 

Recent Updates

Related News