• Home
  • Sports
  • ന്യൂസീലൻഡിനെതിരേ ഇന്ത്യയ്ക്ക് വമ്പൻ ജയം, ക്യാപ്റ്റൻ ഹർമൻപ്രീ

ന്യൂസീലൻഡിനെതിരേ ഇന്ത്യയ്ക്ക് വമ്പൻ ജയം, ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ തകർപ്പൻ സെഞ്ചുറി

ഗയാന: മുന്നിൽനിന്ന് നയിച്ച ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ തകർപ്പൻ സെഞ്ചുറിയുടെ (103) മികവിൽ ന്യൂസീലൻഡിനെതിരേ ഇന്ത്യയ്ക്ക് വമ്പൻ ജയം.വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യമത്സരത്തിൽ ഇന്ത്യ കിവീസിനെ 34 റൺസിന് തോൽപ്പിച്ചു. ഹർമൻപ്രീതാണ് കളിയിലെ താരം. ടി-20 ലോകകപ്പിൽ ഒരു രാജ്യത്തിന്റെ ഉയർന്ന സ്കോർ ടീം സ്വന്തമാക്കിയപ്പോൾ ഇന്ത്യൻ താരത്തിന്റെ ആദ്യ ടി-20 സെഞ്ചുറി ഹർമൻപ്രീതിന്റെപേരിൽ കുറിക്കപ്പെട്ടു. 51 പന്തിലാണ് കൗർ 103 റൺസെടുത്തത്. 49 പന്തിലായിരുന്നു സെഞ്ചുറി. 33 പന്തിൽ അർധസെഞ്ചുറി തികച്ച താരം അടുത്ത 50 റൺസ് കേവലം 16 പന്തിലാണ് നേടിയത്. എട്ട് സിക്സും ഏഴു ബൗണ്ടറിയും അടങ്ങുന്നതാണ് ഇന്നിങ്‌സ്. നാലാം വിക്കറ്റിൽ ജമീമ റോഡ്രിഗസുമായി (59) ചേർന്ന് 134 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ഹർമൻപ്രീതിനായി.ടി-20 ലോകകപ്പിൽ അർധസെഞ്ചുറി നേടുന്ന പ്രായംകുറഞ്ഞ താരമെന്ന റെക്കോഡ് ജമീമയ്ക്ക് സ്വന്തമായി. 18 വയസ്സും 65 ദിവസവുമാണ് ഇന്ത്യൻ താരത്തിന്റെ പ്രായം.

ഓപ്പണർമാരായ തനിയ ഭാട്യയ്ക്കും (ഒമ്പത്) സ്മൃഥി മന്ഥാനയ്ക്കും (രണ്ട്) കാര്യമായ സംഭാവനനൽകാനായില്ല. അരങ്ങേറ്റമത്സരം കളിക്കുന്ന ദയാലൻ ഹേമലതയും (15) നിരാശപ്പെടുത്തി. കിവീസിനായി ലീ താഹുഹു മൂന്ന് ഓവറിൽ 18 റൺസിന് രണ്ടുവിക്കറ്റ് വീഴ്ത്തി. 2014 ലോകകപ്പിൽ അയർലൻഡിനെതിരേ ഓസ്‌ട്രേലിയ നേടിയ 191 റൺസിന്റെ റെക്കോഡാണ് ഇന്ത്യ മറികടന്നത്.വമ്പൻ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കിവീസ് നിരയിൽ ഓപ്പണർ സൂസി ബെയ്റ്റ്സ് (67), വിക്കറ്റ് കീപ്പർ കാറ്റി മാർട്ടിൻ (39) എന്നിവർക്ക് മാത്രമാണ് തിളങ്ങാനായത്. ഇവർക്ക് പുറമേ അന്ന പീറ്റേഴ്സൺ (14), കാസ്പെരെക് (19) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ഇന്ത്യയ്ക്കായി അരങ്ങേറ്റക്കാരി ദയാലൻ ഹേമലതയും പൂനം യാദവും മൂന്നുവീതം വിക്കറ്റെടുത്തു. രാധ യാദവിന് രണ്ടുവിക്കറ്റുണ്ട്.

Recent Updates

Related News