• Home
  • Sports
  • ലോർഡ്സിൽ സ്പിന്നർമാരെ പരീക്ഷിച്ച് ഇന്ത്യ

ലോർഡ്സിൽ സ്പിന്നർമാരെ പരീക്ഷിച്ച് ഇന്ത്യ

ലോർഡ്സ്: എഡ്ജ്ബാസ്റ്റണിൽ കൈവിട്ടത് ലോർഡ്സിൽ നേടാനുള്ള ഒരുക്കത്തിൽ ഇന്ത്യ. ലോർഡ്സിൽ നാളെയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ്. എഡ്ജ്ബാസ്റ്റണിലെ ആദ്യ ടെസ്റ്റിൽ 31 റണ്ണിനായിരുന്നു ഇന്ത്യയുടെ തോൽവി. ബാറ്റിങ്ങിലെ പോരായ്മകളാണ് തിരിച്ചടിയായത്. ലോർഡ്സിൽ മാറ്റങ്ങളുമായിട്ടായിരിക്കും ഇന്ത്യ ഇറങ്ങുക. രണ്ട് സ്പിന്നർമാരെ ഒരുമിച്ച് ഇറക്കാനുള്ള സാധ്യതയുണ്ട്. ഇംഗ്ലണ്ടും രണ്ട് സ്പിന്നർമാരെ പരീക്ഷിച്ചേക്കും.

എഡ്ജ്ബാസ്റ്റണിലെ പിച്ചിന് സമാനമാണ് ലോർഡ്സും. പിച്ചിൽ നനവുണ്ട്. പേസർമാർക്ക് ഗുണംകിട്ടും. പഴകുംതോറും പിച്ചിൽ ടേൺ ലഭിച്ചേക്കും. റിവേഴ്സ് സ്വിങ്ങും ഉണ്ടാകും. ഈ സാഹചര്യത്തിൽ പേസർമാരിൽനിന്ന് ഒരാളെക്കുറിച്ച് പകരം സ്പിന്നർ കുൽദീപ് യാദവിനെ കളിപ്പിച്ചേക്കും. മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് ഉൾപ്പെടെയുള്ളവർ കുൽദീപിനെ കളിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നിട്ടുണ്ട്. എഡ്ജ്ബാസ്റ്റണിൽ കുൽദീപിനെ കളിപ്പിക്കാത്തത് അബദ്ധമായെന്നും ഹർഭജൻ പറഞ്ഞു.  ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കി കുൽദീപിനോ, രവീന്ദ്ര ജഡേജയ്ക്കോ അവസരം നൽകണമെന്നും മുൻ ഇന്ത്യൻ താരം വ്യക്തമാക്കി.

എഡ്ജ്ബാസ്റ്റണിൽ അശ്വിൻ രണ്ട് ഇന്നിങ്സിലുമായി ഏഴ് വിക്കറ്റാണ് നേടിയത്. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലീഷ് ബാറ്റിങ് നിരയെ അശ്വിൻ നന്നായി പരീക്ഷിച്ചു. കുൽദീപ് ട്വന്റി‐20യിലും ഏകദിനത്തിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ടെസ്റ്റിലും അത് ആവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കുൽദീപിനെ കളിപ്പിച്ചാൽ പാണ്ഡ്യയോ ഉമേഷ് യാദവോ പുറത്തിരിക്കും.
ബാറ്റിങ്ങിൽ ആശങ്കകൾ ബാക്കിയാണ്്. വിരാട് കോഹ്ലിയൊഴികെ മറ്റാരും തിളങ്ങുന്നില്ല. പേസ് ബൗളർമാർക്ക് മുന്നിൽ പരുങ്ങുന്ന ശിഖർ ധവാനെ മാറ്റി ചേതേശ്വർ പൂജാരയെ ടീമിലെടുക്കണമെന്ന അഭിപ്രായവുമുണ്ട്.

ഇംഗ്ലണ്ട് ആദിൽ റഷീദിനൊപ്പം ഓൾ റൗണ്ടർ മൊയീൻ അലിയെയും കളിപ്പിച്ചേക്കും. ബെൻ സ്റ്റോക്സ് ഇല്ലാത്തത് ഇംഗ്ലണ്ടിന് ക്ഷീണമാണ്.

Recent Updates

Related News