• Home
  • Sports
  • ഏഷ്യകപ്പ്: ഇന്ത്യയ്ക്കിന്ന് ആദ്യ മത്സരം

ഏഷ്യകപ്പ്: ഇന്ത്യയ്ക്കിന്ന് ആദ്യ മത്സരം

ദുബായ്: ഏഷ്യകപ്പ് ഗ്രൂപ്പ് എ മത്സരത്തില്‍ ചൊവ്വാഴ്ച ഇന്ത്യയും ഹോങ് കോങ്ങും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം അഞ്ചുമണിക്കാണ് മത്സരം. ജയിച്ചാല്‍ ഇന്ത്യ സൂപ്പര്‍ ഫോര്‍ റൗണ്ടിലേക്ക് മുന്നേറും.

ഇംഗ്ലണ്ടിനോടേറ്റ ടെസ്റ്റ് പരമ്പരയിലെ ദയനീയ പരാജയം മറക്കാനും വിമര്‍ശകരുടെ വായടപ്പിക്കാനും ഏഷ്യാ കപ്പ് സ്വന്തമാക്കാനുറച്ച ഇന്ത്യ ജയം മാത്രമാണ് മുന്നില്‍ കാണുന്നത്. അതേസമയം, ആദ്യ മല്‍സരത്തില്‍ പാകിസ്താനോട് ദയനീയ പരാജയം ഏറ്റുവാങ്ങിയ ഹോങ്കോങിന് ഇന്ന് ജയിച്ചാല്‍ മാത്രമാണ് സെമി സാധ്യത നിലനിര്‍ത്താനാവൂ.വിദേശ പര്യടനങ്ങള്‍ കഴിഞ്ഞ് വിശ്രമത്തിലിരിക്കുന്ന വിരാട് കോഹ്‌ലിക്ക് പകരമായി മറ്റൊരു സൂപ്പര്‍ താരം രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ നീലപ്പട ഇന്നിറങ്ങുമ്പോള്‍ വന്‍മാര്‍ജിനിലുള്ള വിജയം മാത്രമാണ് ലക്ഷ്യം.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിറം മങ്ങിയ ശിഖര്‍ ധവാന്‍ പക്ഷേ ഏകദിനത്തില്‍ മികച്ച റെക്കോഡുമായാണ് ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്തിയത്. രാഹുലിന്റെ വിശഷണവും മറിച്ചല്ല. അവസാന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി പൊരുതി സെഞ്ച്വറി നേടിയ താരത്തിന് ഫോം തുടരാന്‍കഴിയുമെന്നാണ് ആരാധകരും സെലക്ഷന്‍ കമ്മറ്റിയും പ്രതീക്ഷിക്കുന്നത്. ആയതിനാല്‍ തന്നെ ആദ്യ ഇലവനില്‍ ഇവര്‍ ഉണ്ടാവുമെന്നുറപ്പ്. ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയ കേദാര്‍ ജാദവിനും ദുബയ് മണ്ണില്‍ എതിരാളിയെ വിറപ്പിക്കാനുള്ള കരുത്തുണ്ട്.

കോഹ്‌ലിയുടെ അസാന്നിധ്യം പ്രകടമാവുന്ന ടൂര്‍ണമെന്റില്‍ ഒരു ഉപദേശകനെന്നതിലുപരി മികച്ചൊരു ഫിനിഷറായി ധോണിയും കൂടി എത്തുന്നതോടെ ഇന്ത്യന്‍ കിരീടമോഹം വിദൂരമല്ല. പരിക്കില്‍ നിന്ന് മുക്തനായ ഭുവനേശ്വര്‍ കുമാറിന്റെ കടന്നുവരവും ഇന്ത്യന്‍ ടീമിന് ശുഭപ്രതീക്ഷയാണ് നല്‍കുന്നത്. താരത്തോടൊപ്പം ബൂംറയും സ്പിന്നില്‍ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും കൂടി പന്തെറിയുമ്പോള്‍ എതിരാളികള്‍ വിയര്‍ക്കുമെന്നുറപ്പ്.മനീഷ് പാണ്ഡെ, കെ എല്‍ രാഹുല്‍, കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, ചാഹല്‍ തുടങ്ങിയ യുവനിരയ്ക്ക് ഈ ടൂര്‍ണമെന്റ് ലോകകപ്പിലേക്കുള്ള ഒരു യോഗ്യതാ മല്‍സരം കൂടിയാണ്. അതുകൊണ്ട് തന്നെ ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഇവര്‍ ഒരുങ്ങുന്നത്. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഏറെയുള്ള പാക്‌നിരയെ തുരത്താനായി ശ്രീലങ്കയില്‍ നിന്നുള്ള ഇടങ്കയ്യന്‍ ബൗളിങ് സ്‌പെഷ്യലിസ്റ്റിനെ കൊണ്ടുവന്നാണ് ഇന്ത്യ സമൃദ്ധമായ മുന്നൊരുക്കം നടത്തുന്നത്. കൂടാതെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് നൂതന ശൈലികള്‍ പകര്‍ന്നു നല്‍കാന്‍ ഖലീല്‍ അഹമ്മദും കൂടി ഇന്ത്യന്‍ ടീമില്‍ ചേരുമ്പോള്‍ ഏഷ്യയില്‍ ഇന്ത്യന്‍ വിജയഗാഥ തുടരും. അതേസമയം, പാകിസ്താനോടുള്ള ആദ്യ മല്‍സരത്തില്‍ എട്ട് വിക്കറ്റിനാണ് ഹോങ്കോങ് അടിയറവ് പറഞ്ഞത്. ഈ മല്‍സരത്തില്‍ 116 റണ്‍സാണ് അവര്‍ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞത്.

Recent Updates

Related News