ഏഷ്യാകപ്പിന് നാളെ തുടക്കം
അബുദാബി: ഏകദിന ക്രിക്കറ്റിൽ ഏഷ്യ കപ്പിനായി ആറു രാജ്യങ്ങൾ നാളെ മുതൽ പോരടിക്കും. ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലദേശ് ടീമുകൾക്ക് പുറമേ അഫ്ഗാനിസ്ഥാനും ഹോങ്കോങ്ങും രണ്ടു ഗ്രൂപ്പുകളിലായി ഏറ്റുമുട്ടും.ശനിയാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന ആദ്യ മൽസരത്തിൽ ശ്രീലങ്ക നാളെ ബംഗ്ലദേശിനെ നേരിടും. ഹോങ്കോങ്ങിനെതിരെ ചൊവ്വാഴ്ചയാണ് ഇന്ത്യയുടെ ആദ്യ കളി. പാക്കിസ്ഥാനാണ് രണ്ടാം മൽസരത്തിൽ ഇന്ത്യയുടെ എതിരാളികൾ. രണ്ടു ഗ്രൂപ്പുകളിലെയും ആദ്യ രണ്ടു സ്ഥാനക്കാരാകും സെമി ഫൈനലിനു യോഗ്യത നേടുക. ഈ മാസം ഇരുപത്തിട്ടിനാണു ഫൈനൽ.
നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയും രണ്ടുതവണ കിരീടംനേടിയ പാകിസ്ഥാനുമാണ് കിരീടപ്രതീക്ഷയിൽ മുമ്പിൽ. ഏഴാം കിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം. ഏറ്റവും കൂടുതൽ തവണ കിരീടംനേടിയ ടീമും ഇന്ത്യതന്നെ. ശ്രീലങ്ക അഞ്ചുതവണ കിരീടം സ്വന്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞതവണയും 2012ലും ഫൈനലിലെത്തിയതാണ് ബംഗ്ലാദേശിന്റെ ഏറ്റവും മികച്ചപ്രകടനം. പത്തുവർഷങ്ങൾക്കുശേഷം ടൂർണമെന്റിലെത്തിയ ഹോങ്കോങ്ങിന് ഇതുവരെ ആദ്യറൗണ്ടിൽനിന്ന് മുന്നേറാൻ സാധിച്ചിട്ടില്ല. 2004ലും 2008ലും ഹോങ്കോങ് യോഗ്യത നേടിയിരുന്നു. 2014ൽ ഗ്രൂപ്പ്ഘട്ടത്തിൽ അവസാനിച്ചു അഫ്ഗാനിസ്ഥാന്റെ പ്രകടനം.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‐ഏകദിന പരമ്പരകൾ തോറ്റത്തിന്റെ ക്ഷീണവുമായാണ് ഇന്ത്യ ടൂർണമെന്റിന് എത്തുന്നത്. വിരാട് കോഹ്ലിക്ക് വിശ്രമം നൽകിയതിനാൽ പകരം ക്യാപ്റ്റൻ രോഹിത് ശർമയാണ് ടീമിനെ നയിക്കുക. ഏകദിനത്തിന് എത്തുമ്പോൾ ഇന്ത്യൻ ടീം കൂടുതൽ സന്തുലിതമാണ്. ഇംഗ്ലണ്ട് പര്യടനം ഒഴിച്ചുനിർത്തിയാൽ സമീപകാലത്ത് മികച്ചപ്രകടനമാണ് ഇന്ത്യനടത്തിയത്. ഏകദിനത്തിൽ രണ്ടാംപടിക്കാരാണ് ഇന്ത്യ. രോഹിതും ശിഖർ ധവാനും ഏകദിന റാങ്കിൽ ആദ്യപത്തിലുള്ളവരാണ്.
ഇംഗ്ലണ്ടിൽ പരാജയമായിരുന്നുവെങ്കിലും. മഹേന്ദ്രസിങ് ധോണി യുടെ അനുഭവസമ്പത്ത് ഇന്ത്യക്ക് തുണയാകുമെന്നാണ് പ്രതീക്ഷ. പരിക്കിൽനിന്ന് മോചിതനായ ഭുവനേശ്വർ കുമാർ ടീമിൽ മടങ്ങിയെത്തിയത് ബൗളിങ്നിരയുടെ മൂർച്ച കൂട്ടും. ജസ്പ്രീത് ബുമ്ര ഇംഗ്ലണ്ടിൽ മികച്ചപ്രകടമാണ് പുറത്തെടുത്ത്. ദക്ഷിണാഫ്രിക്കയിൽ അത്ഭുതംകാണിച്ച കൈക്കുഴ സ്പിന്നർമാരാണ് ഇന്ത്യയുടെ മറ്റൊരു തുറുപ്പുചീട്ട്. ആർ അശ്വിനെയും രവീന്ദ്ര ജഡേജയെയും മറികടന്നാണ് കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹാൽഎന്നിവർ ടീമിൽ ഇടംനേടിയത്.