• Home
  • Sports
  • ഇന്ത്യയെ വിറപ്പിച്ച്​ ഹോ​േങ്കാങ്​ കീഴടങ്ങി

ഇന്ത്യയെ വിറപ്പിച്ച്​ ഹോ​േങ്കാങ്​ കീഴടങ്ങി

ദുബായ്: പരിശീലന മല്‍സരം എന്ന രീതിയിലാണ് ഇന്ത്യ ഇന്ന് ഹോങ്കോങിനെ നേരിട്ടത്. എന്നാല്‍ അതൊരു പ്രധാന മല്‍സരമായിരുന്നെന്ന് കളി കഴിഞ്ഞതോടെ രോഹിതിനും സംഘത്തിനും മനസ്സിലായി. ഇന്ത്യയെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ വെള്ളം കുടിപ്പിച്ചശേഷം കീഴടങ്ങി ഹോങ്കോങ് ദുബായില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങി. അവസാന ഓവര്‍ വരെ ഇന്ത്യയെ വിറപ്പിച്ച ഹോങ്കോങ് 26 റണ്‍സിനാണ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 285 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഹോങ്കോങിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 259 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

കൂറ്റൻ സ്കോർ ലക്ഷ്യമിട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് അവസാന ഓവറുകളിലെ വിക്കറ്റ് വീഴ്ചയും മെല്ലെപ്പോക്കും വിനയാവുകയായിരുന്നു. 300നു മുകളിൽ സ്കോർ ചെയ്യാമായിരുന്ന സാഹചര്യങ്ങൾ ടീമിന് മുതലാക്കാനായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ കരുതലോടെയാണ് തുടങ്ങിയത്. പക്ഷേ എട്ടാം ഓവറിൽ 22 പന്തിൽ 23 റൺസെടുത്ത് നായകൻ രോഹിത് ശർമ പവലിയനിലേക്ക് മടങ്ങി. പിന്നീട് മൂന്നാമനായി ക്രീസിലെത്തിയ അമ്പാട്ടി റായിഡുവിനെ കൂട്ടുപിടിച്ച് ധവാൻ പടനയിക്കുന്നതാണ് കണ്ടത്. രണ്ടാം വിക്കറ്റിലെ ഈ കൂട്ടുകെട്ട് 116 റൺസാണ് അടിച്ചെടുത്തത്. 70 പന്തിൽ 60 റൺ‌സെടുത്ത് റായിഡുവും മടങ്ങിയതോടെ ധവാനിലേക്കായി ആരാധകരുടെ കണ്ണുകൾ. ഒടുവിൽ ഏകദിനത്തിലെ 14ാം സെഞ്ചുറിയും തികച്ച ശേഷം 36ാം ഓവറിൽ പുറത്താകുമ്പോൾ 120 പന്തിൽ 127 റൺസ് നേടിയിരുന്നു ധവാൻ. എണ്ണംപറഞ്ഞ രണ്ട് സിക്സറുകളും 15 ഫോറുകളും ആ ഇന്നിംഗ്സിന് തൊങ്ങൽ ചാർത്തി.

33പന്തിൽ 27 റൺസെടുത്ത ദിനേശ് കാർത്തിക്കും 27 പന്തിൽ 28 റൺസെടുത്ത കേദാർ യാദവും ഇന്ത്യയുടെ സ്കോർ 280 കടക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി മൂന്ന് പന്തുകൾ മാത്രം നേരിട്ട് സംപൂജ്യനായി മടങ്ങിയതും ഇന്ത്യൻ സ്കോർ 300 കടക്കുന്നതിന് വിഘാതമായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഹോങ്കോംഗ് തെല്ലും ഭയമില്ലാതെയാണ് ബാറ്റുവീശിയത്. അർഹിക്കുന്ന പന്തുകളെ ബഹുമാനിച്ചും മോശംപന്തുകളെ അതിർത്തി കടത്തിയും ഓപ്പണർമാരായ അൻഷുമാൻ റാത്തും നിസാകത് ഖാനും യഥേഷ്ടം റൺസ് വാരിക്കൂട്ടി. ഇന്ത്യൻ നായകൻ രോഹിത് ശർമ ബൗളർമാരെ മാറി മാറി പരീക്ഷിച്ചിട്ടും അവയൊന്നും വക്ഷ്യം കണ്ടില്ല. ഹോങ്കോംഗ് സ്കോർ ബോർഡ് ഇടതടവില്ലാതെ ചലിച്ചുകൊണ്ടിരുന്നതോടെ 286 എന്ന സ്കോർ മതിയാവില്ല എന്ന തോന്നലുണ്ടായി. ഒടുവിൽ സ്കോർ 174 ൽ എത്തിനിൽക്കെ 73 റൺസെടുത്ത അൻഷുമാനെ കുൽദീപ് യാദവ് മടക്കി. ഇതോടെ ശ്വാസം നേരെവീണ ഇന്ത്യയ്ക്ക് അരങ്ങേറ്റക്കാരൻ ഖലീൽ അഹമ്മദ് വീണ്ടും മുൻതൂക്കം നൽകി. സ്കോർ ബോർഡിൽ ഒരു റൺസ് കൂടി മാത്രം കൂട്ടിച്ചേർത്തതിനു പിന്നാലെ സെഞ്ചുറിയിലേക്ക് കുതിച്ച നിസാകത് ഖാനെ അഹമ്മദ് പുറത്താക്കി.

പിന്നീട് വന്ന ഹോങ്കോംഗ് ബാറ്റ്സ്മാൻമാർക്ക് ചെറുത്തു നിൽക്കാനായില്ല. റൺസുയരുന്നതിനിടെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകളും വീണുകൊണ്ടിരുന്നു. ഒടുവിൽ നിശ്ചിത 50 ഓവറിൽ 259 റൺസെടുത്ത് ഹോങ്കോംഗിന് പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. അരങ്ങേറ്റത്തിൽ ഖലീൽ അഹമ്മദ് മൂന്ന് വിക്കറ്റുകൾ നേടിയപ്പോൾ യുസ്‌വേന്ദ്ര ചഹൽ മൂന്നും കുൽദീപ് യാദവ് രണ്ടു വിക്കറ്റുകൾ നേടി മികച്ച പിന്തുണ നൽകി.

Recent Updates

Related News