ഏഷ്യ കപ്പ്; ഇന്ത്യ-പാക്കിസ്ഥാൻ മൽസരം ഇന്ന്
ദുബായ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം എന്നും ആരാധകരില്‍ ആവേശമുണ്ടാക്കുന്നതാണ്. എവിടെ കളിച്ചാലും ഈ കളി കാണാന്‍ ആരാധകരുണ്ടാകും. ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തിനൊരുങ്ങുകയാണ് ദുബായ്. ഇന്ത്യക്കാരും പാകിസ്താന്‍കാരും ഏറെയുള്ള ദുബായിയില്‍ മത്സരത്തിന്റെ ആവേശം ഇരട്ടിയാകുമെന്നുറപ്പ്.
രണ്ടു ടീമുകളും അവസാനമായി കണ്ടുമുട്ടിയത് 2017 ചാംപ്യൻസ് ട്രോഫി ഫൈനലിൽ ലണ്ടനിലെ ഓവൽ മൈതാനത്തു വച്ചാണ്. ഇന്ത്യ മറക്കാനാഗ്രഹിക്കുന്ന മൽസരമാണ് അത്. പാക്ക് യുവതാരങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ ഫഖർ സമാന്റെ സെഞ്ചുറിയിൽ നാലു വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ നേടിയ 338 റൺസിനെ പിന്തുടർന്ന ഇന്ത്യ മുഹമ്മദ് ആമിറിന്റെയും ഹസൻ അലിയുടെയും പേസിലും ഷദബ് ഖാന്റെ സ്പിന്നിലും തകർന്നു പോയി. 30.3 ഓവറിൽ 158നു പുറത്ത്. ഇന്ത്യൻ തോൽവി 180 റൺസിന്.
ഇന്ത്യയ്ക്കു മറക്കാനുള്ളത് ആ തോൽവി മാത്രമല്ല. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയിലേറ്റ പരാജയം കൂടിയാണ്. കണക്കുകളിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനും മുൻതൂക്കമുണ്ട്. ഇരു ടീമുകളും പരസ്പരം ആകെ 196 മൽസരങ്ങൾ കളിച്ചതിൽ പാക്കിസ്ഥാൻ 86 മൽസരങ്ങൾ ജയിച്ചു. ഇന്ത്യ 67 കളികളും. എന്നാൽ ഏഷ്യ കപ്പിൽ ഇന്ത്യ പൊടിക്കു മുന്നിൽ നിൽക്കുന്നു.12 കളികളിൽ ഇന്ത്യ ആറെണ്ണം ജയിച്ചപ്പോൾ പാക്കിസ്ഥാൻ അഞ്ച്. ഒരു കളി ഫലമില്ലാതെ പോയി.