• Home
  • Sports
  • ഒ​ന്നാം ടെ​സ്​​റ്റ്​ ഇന്ത്യൻ റൂട്ടിൽ ;കോലിയോട് കളിച്ചാല്‍ ഇങ

ഒ​ന്നാം ടെ​സ്​​റ്റ്​ ഇന്ത്യൻ റൂട്ടിൽ ;കോലിയോട് കളിച്ചാല്‍ ഇങ്ങിനെയിരിക്കും

ബെര്‍മിങ്ഹാം: ഒന്ന് കിട്ടിയാല്‍ രണ്ട് തിരിച്ചുകൊടുക്കന്നവനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. കളിക്കളത്തിലെ ഈ അക്രമണോത്സുകത തന്നെയാണ് കോലിയെ വ്യത്യസ്തനാക്കുന്നതും. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ടെസ്റ്റിലും കാണികള്‍ കോലിയുടെ ഒരു പകരംവീട്ടലിന് സാക്ഷികളായി. ടെസ്റ്റിലെ ആദ്യ ദിനത്തിലെ ഏറ്റവും മനോഹര നിമിഷം എന്നുതന്നെ അതിനെ വിശേഷിപ്പിക്കാം.

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സെഞ്ചുറി നേടിയ ശേഷം ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ജോ റൂട്ട് ബാറ്റ് താഴെയിട്ട് 'മൈക്ക് ഡ്രോപ് സെലിബ്രേഷന്‍' നടത്തിയിരുന്നു. ഇതിനെ പരിഹസിച്ചാണ് ഇന്ത്യന്‍ ക്യാപ്റ്റനും മൈക്ക് ഡ്രോപ് സെലിബ്രേഷന്‍ നടത്തിയത്. അതും ടെസ്റ്റില്‍ റൂട്ടിനെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാക്കിയ ശേഷം!

ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് പരമ്പര വിജയം സമ്മാനിച്ച മൂന്നാം ഏകദിനത്തിലായിരുന്നു റൂട്ടിന്റെ െൈമക്ക് ഡ്രോപ് സെലിബ്രേഷന്‍. അന്ന് റൂട്ടിന്റെ സെഞ്ചുറി മികവിലാണ് ഇംഗ്ലണ്ട് പരമ്പര നേടിയത്. ഈ ആഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന് ഇത് ഒട്ടും ദഹിച്ചിരുന്നില്ല. പശ്ചാത്തലത്തില്‍ അനിഷ്ടത്തോടെ കോലി നോക്കി നില്‍ക്കുന്നത് ആ വീഡിയോയില്‍ വ്യക്തമായി കാണാമായിരുന്നു. മത്സരശേഷം ഈ ആഘോഷത്തെ വിമര്‍ശിച്ച് നിരവധി ക്രിക്കറ്റ് താരങ്ങള്‍ രംഗത്തുവരികയും റൂട്ട് മാപ്പ് പറയുകയും ചെയ്തിരുന്നു. അങ്ങിനെ ആഘോഷിച്ചത് തെറ്റായിപ്പോയെന്നായിരുന്നു റൂട്ടിന്റെ പ്രതികരണം.

എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ തന്നെ ഇതിന് മറുപടി നല്‍കാനുള്ള അവസരം കോലിക്ക് ലഭിച്ചു. ടെസ്റ്റിന്റെ 63-ാം ഓവറില്‍ ഇംഗ്ലണ്ട് ശക്തമായ നിലയിലിരിക്കുന്ന സമയത്തായിരുന്നു ഈ സംഭവം. മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 215 റണ്‍സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്.  സ്‌കോര്‍ 26-ലെത്തിയപ്പോള്‍ അലെസ്റ്റയര്‍ കുക്കിനെ നഷ്ടമായ ശേഷം ജെന്നിങ്‌സിനെ കൂട്ടുപിടിച്ച് റൂട്ട് ഇംഗ്ലണ്ടിനെ കര കയറ്റാനുള്ള ശ്രമത്തിലായിരുന്നു. രണ്ടാം വിക്കറ്റില്‍ ജെന്നിങ്‌സിനൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയ റൂട്ട് മൂന്നാം വിക്കറ്റില്‍ ജോണി ബെയര്‍സ്‌റ്റോവിനൊപ്പം ഇംഗ്ലണ്ടിന് 104 റണ്‍സ് കൂടി സമ്മാനിച്ചു.

എന്നാല്‍ അശ്വിന്റെ ആ ഓവറിലെ മൂന്നാം പന്ത് എല്ലാം തകിടംമറിച്ചു. അശ്വിന്റെ പന്ത് മിഡ്‌വിക്കറ്റിലേക്ക് അടിച്ച ശേഷം റൂട്ടും ബെയര്‍‌സ്റ്റോവും സിംഗിളെടുത്തു. വീണ്ടും രണ്ടാം റണ്ണിന് ശ്രമിച്ചത് റൂട്ടിന് വിനയായി. പന്ത് കൈയില്‍ കിട്ടിയ ഉടനെ നേരിട്ടുള്ള ഏറിലൂടെ കോലി സ്റ്റമ്പ് ഇളക്കുമ്പോള്‍ റൂട്ട് ക്രീസിന് അടുത്തുപോലും എത്തിയിരുന്നില്ല. 156 പന്തില്‍ 80 റണ്‍സുമായി റൂട്ട് പുറത്ത്. എറിഞ്ഞയുടനെ ഗ്രൗണ്ടില്‍ വീണ കോലി എഴുന്നേറ്റു നോക്കുമ്പോള്‍ ഇല്ലാത്ത റണ്ണിനോടി നിരാശനായി ഗ്രൗണ്ട് വിടുന്ന റൂട്ടിനെയാണ് കണ്ടത്.

കോലിക്ക് ആഘോഷത്തിന് ആ നിമിഷം മാത്രം മതിയായിരുന്നു. സഹതാരങ്ങള്‍ക്കെല്ലാം ചുംബനങ്ങളെറിഞ്ഞ കോലി ചുണ്ടില്‍ വിരല്‍ വെച്ച് റൂട്ടിനോട് നിശബ്ദനാകാന്‍ പറഞ്ഞു. പിന്നീട് റൂട്ടിന്റെ മൈക്ക് ഡ്രോപ് സെലിബ്രേഷന്‍ അതുപോലെ അനുകരിച്ചു. ഈ റണ്‍ഔട്ട് മത്സരത്തില്‍ നിര്‍ണായകമായി. പിന്നീട് ക്രീസിലെത്തിയവരെല്ലാം വേഗത്തില്‍ തന്നെ പുറത്തായി. കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുമെന്ന തോന്നിച്ച ഘട്ടത്തില്‍ നിന്ന് 67 റണ്‍സെടുക്കുന്നതിനിടയില്‍ അഞ്ചു വിക്കറ്റുകള്‍ നഷ്ടമാക്കുന്ന നിലയിലെത്തി ഇംഗ്ലണ്ട്.

Recent Updates

Related News