• Home
  • Sports
  • വിവാദം തീരാതെ മങ്കാദിങ‌്
mankading

വിവാദം തീരാതെ മങ്കാദിങ‌്

ജയ്‌പുർ: ഐപിഎലിൽ രവിചന്ദ്രൻ അശ്വിന്റെ മങ്കാദിങ‌് വിവാദം പുകയുന്നു. അശ്വിനെ എതിർത്തും അനുകൂലിച്ചും ഒട്ടേറേപ്പേർ രംഗത്തെത്തി. ഇന്ത്യൻ പ്രീമിയർ ലീഗിൽ ജയ്‌പുരിലെ മാൻസിങ്‌ സ്‌റ്റേഡിയത്തിൽ നടന്ന രാജസ്ഥാൻ റോയൽസ്‌–-കിങ്‌സ്‌ ഇലവൻ പഞ്ചാബ്‌ മത്സരത്തിനിടെയാണ‌് പഞ്ചാബ്‌ നായകൻ അശ്വിൻ രാജസ്ഥാന്റെ ജോസ്‌ ബട‌്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയത‌്. ബൗളർ നോൺ സ്‌ട്രൈക്ക്‌ ബാറ്റ്‌സ്‌മാനെ പന്തെറിയാതെ സ്റ്റമ്പ്‌ ചെയ്യുന്ന രീതിയാണ്‌ മങ്കാദിങ്‌.

ഇന്ത്യയുടെ വിനൂ മങ്കാദാണ്‌ ഈ രീതി ആദ്യമായി ഓസ്‌ട്രേലിയയുടെ ബിൽ ബൗണിനെതിരെ പ്രയോഗിച്ചത്‌. ഓസ്‌ട്രേലയിൻ മാധ്യമങ്ങൾ ഇതോടെ ഈ രീതിക്ക്‌ മങ്കാദിങ്‌ എന്ന്‌ പേരുമിട്ടു. ക്രിക്കറ്റിൽ മങ്കാദിങ‌് അനുവദനീയമാണ്‌. പക്ഷേ ഭൂരിപക്ഷം പേരും ഈ രീതി പിന്തുടരാറില്ല. അശ്വിൻ രണ്ടാം തവണയാണ്‌ മങ്കാദിങ്‌ പരീക്ഷിക്കുന്നത്‌. ബട‌്‌ലറാകട്ടെ മങ്കാദിങ്ങിന്റെ ഇരയാകുന്നത‌ും രണ്ടാം പ്രാവശ്യമാണ‌്. 2012ൽ ഓസ്‌ട്രേലിയയിൽ നടന്ന കോമൺവെൽത്ത്‌ ബാങ്ക്‌ ത്രിരാഷ്ട്ര പരമ്പരയിൽ ശ്രീലങ്കയുടെ ലാഹിരു തിരിമാനെയെ സമാനമായി അശ്വിൻ പുറത്താക്കിയിരുന്നു. എന്നാൽ അന്ന‌് ക്യാപ‌്റ്റനായിരുന്ന വീരേന്ദർ സെവാഗും സച്ചിൻ ടെൻഡുൽക്കറും ചേർന്ന‌് അമ്പയറുമായി ചർച്ച ചെയ‌്ത‌് തിരിമാനെയെ പുറത്താക്കിയ അപ്പീൽ പിൻവലിച്ചു. ബട‌്‌ലറിനെ ലങ്കയുടെ സചിത്ര സേനനായകെ 2014ൽ ഇതേ രീതിയിൽ പുറത്താക്കി.

മത്സരത്തിൽ ബട‌്‌ലറുടെ പുറത്താകലാണ‌് കളിയിൽ രാജസ്ഥാന്റെ തോൽവിയിൽ നിർണായകമായത‌്. മത്സരശേഷം ഇരുടീമുകളിലെയും കളിക്കാർ പരസ‌്പരം കൈ കൊടുക്കുന്ന വേളയിൽ ബട‌്‌ലർ അശ്വിന‌് കൈ കൊടുത്തില്ല.

Recent Updates

Related News