• Home
  • Sports
  • കേരളത്തിന്റെ സ്നേഹം അറിഞ്ഞു ;സച്ചിൻ
sachin cbl

കേരളത്തിന്റെ സ്നേഹം അറിഞ്ഞു ;സച്ചിൻ

ആലപ്പുഴ :ആലപ്പുഴയിൽ ചാംപ്യൻസ് ബോട്ട് ലീഗിന് ആവേശത്തുഴയെറിഞ്ഞു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ സാന്നിധ്യത്തിൽ പ്രഥമ ചാംപ്യൻസ് ബോട്ട് ലീഗിനു (സിബിഎൽ‍) മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കമിട്ടതോടെ 5 ജില്ലകളിലായി ഇനി 3 മാസം സിബിഎൽ സീസൺ. 9 ടീമുകളാണ് ഐപിഎൽ മാതൃകയിലുള്ള സിബിഎല്ലിൽ മൽസരിക്കുന്നത്.

പുന്നമടക്കായലിലൂടെ തുറന്ന ബാ‍ർജിൽ സഞ്ചരിച്ച സച്ചിൻ കായൽനടുവിൽ ട്രോഫി അനാഛാദനം ചെയ്തു. ‘ക്രിക്കറ്റ് കളിക്കുന്ന കാലത്തേ കണ്ടിട്ടുണ്ട്, സ്പോർട്സിനോടുള്ള കേരളത്തിന്റെ അഭിനിവേശം. ആ ആവേശവും പ്രയാസങ്ങളെ അതിജീവിക്കാനുള്ള ധൈര്യവും പ്രളയകാലത്തും കണ്ടു. ഇനി ചാംപ്യൻസ് ബോട്ട് ലീഗും കേരളത്തിന്റെ ആവേശമാകട്ടെ’– മാസ്റ്റർ ബ്ലാസ്റ്ററുടെ വാക്കുകൾ.വേദിയിൽ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ സച്ചിന്റെ കയ്യിലൊരു ചിത്രമുണ്ടായിരുന്നു; രണ്ടു കയ്യുമില്ലാത്ത പാലക്കാട് സ്വദേശി പ്രണവ് എന്ന കുട്ടി ആരാധകൻ കാലുകൊണ്ടു വരച്ചത്. ആ ചിത്രം ഉയർത്തി സച്ചിൻ വികാരനിർഭരമായി പറഞ്ഞു: ഇത്തരം ഓർമകൾ എന്നും കൂടെയുണ്ടാകും. ഏതാനും മത്സരങ്ങൾ കണ്ടിട്ടാണു സച്ചിൻ മടങ്ങിയത്. ആവേശമുയർത്തിയ ഫിനിഷിങ്ങുകൾ സച്ചിൻ വേദിയിൽ‍ എഴുന്നേറ്റു നിന്ന് ആസ്വദിച്ചു.

പള്ളാത്തുരുത്തി ആദ്യ വിജയി

ബോട്ട് ക്ലബ് പ്രഥമ ചാംപ്യൻസ് ബോട്ട് ലീഗിന്റെ ആദ്യ മത്സരത്തിൽ വിജയികളായി നെഹ്റു ട്രോഫിയിൽ മുത്തമിട്ട നടുഭാഗം ചുണ്ടനിലൂടെ പള്ളാത്തുരുത്തി.12 മത്സരങ്ങൾ ഉൾപ്പെടുന്ന ലീഗിൽ 10 പോയിന്റോടെ പള്ളാത്തുരുത്തി ഒന്നാം സ്ഥാനത്തേക്കു കയറുകയും ചെയ്തു. 7നു കോട്ടയം താഴത്തങ്ങാടിയ‍ിലാണു അടുത്ത മത്സരം. 5 ലക്ഷം രൂപ സമ്മാനവും 4 ലക്ഷം ബോണസും ഉൾപ്പെടെ 9 ലക്ഷം രൂപയാണ് ലീഗ് മത്സരത്തിലെ വിജയിക്കു ലഭിക്കുന്നത്.

Recent Updates

Related News