• Home
  • Sports
  • സഊദി ചതുര്‍രാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആദ്യ മത്സരത്തില്‍

സഊദി ചതുര്‍രാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആദ്യ മത്സരത്തില്‍ അര്‍ജന്റീന 4-0ന് ഇറാഖിനെ തകര്‍ത്തു

റിയാദ്: സഊദിയില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഗാലറികളില്‍ ആവേശം വിതറി മലയാളികളും. റിയാദ് മലസിലെ അമീര്‍ ഫൈസല്‍ ബിന്‍ ഫഹദ് സ്റ്റേഡിയത്തിലായിരുന്നു ആദ്യ മത്സരം അരങ്ങേറിയത്. അര്‍ജന്റീനയും ഇറാഖും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ആദ്യ ദിവസത്തെ മത്സരത്തില്‍ അര്‍ജന്റീന 4-0ന് ഇറാഖിനെ തകര്‍ത്തു. അര്‍ജന്റീനയുടെ ആരാധകര്‍ക്ക് ഏറെ ആവേശം പകരുന്നതായിരുന്നു ആദ്യ ദിനത്തിലെ കളി. അര്‍ജന്റീനയുടെ കളി കാണാനെത്തിയ മലയാളികളടക്കമുള്ള ആരാധകര്‍ക്ക് അത് ആഹ്ലാദവുമായി. ഒന്നാം പകുതിയില്‍ അര്‍ജന്റീന 10ന് മുന്നിലായിരുന്നു. പതിനെട്ടാം മിനിറ്റില്‍ ലോട്ടാറോ മാര്‍ട്ടിനെസാണ് ആദ്യ ഗോള്‍ നേടുന്നത്. 59-ാം മിനിറ്റില്‍ ആര്‍. പെരേര ലീഡുയര്‍ത്തി. 82ാം മിനിറ്റില്‍ പെസേലയുടെ വകയായിരുന്നു മൂന്നാം ഗോള്‍. ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ സെര്‍വി ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. യൂവെന്റസ് താരം പാബ്ലോ ഡിബാലോയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന ടീം ഭാവിയിലും ലോക ഫുട്‌ബോളില്‍ വന്‍ശക്തിയായിരിക്കുമെന്ന് തെളിയിക്കുന്നതായി മത്സരമെന്നാണ് വിലയിരുത്തല്‍.

വെള്ളിയാഴ്ച്ച രാത്രിയാണ് ആരാധകര്‍ കാത്തിരിക്കുന്ന ബ്രസീല്‍ സഊദി മത്സരം. സൂപ്പര്‍ താരം നെയ്മാര്‍ ബ്രസീല്‍ നിരയിലുണ്ടാവുമെന്നത് മലയാളികളായ ആരാധകര്‍ക്കും ആവേശം പകരുന്നു. സൗഹൃദ മത്സരത്തിലെ അവസാന ദിവസമായ ചൊവാഴ്ചയാണ് സഊദിയെ ആവേശ കടലിലാക്കി തീപാറും മത്സരം അരങ്ങേറുന്നത്. ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റിയില്‍ രാത്രി നടക്കുന്ന സമാപന മത്സരത്തില്‍ അര്‍ജന്റീനബ്രസീല്‍ സൂപ്പര്‍ പോരാട്ടത്തിന്റെ ദൃസാക്ഷികളാകാന്‍ ടിക്കറ്റുകള്‍ വന്‍ ഡിമാന്റിലാണ് വിറ്റു തീരുന്നത്. സഊദി,ഇറാഖ് എന്നീ രാജ്യങ്ങളടക്കം നാല് രാജ്യങ്ങളുടെ സൗഹൃദ മത്സരമാണ് അരങ്ങേറുന്നത്. കളിക്കായി സഊദിയിലെത്തിയ ബ്രസീലിയന്‍, അര്‍ജന്റീന താരങ്ങള്‍ക്ക് ആവേശകരമായ സ്വീകരണമാണ് ഫുട്‌ബോള്‍ ലഹരിക്കടിമകളായ സഊദി യുവാക്കള്‍ നല്‍കിയത്. നെയ്മര്‍,കുട്ടീഞ്ഞോ, തിയാഗോ സില്‍വ തുടങ്ങി മിക്ക പ്രമുഖ താരങ്ങളും ബ്രസീല്‍ നിരയില്‍ കളിക്കുന്നുണ്ട്. അര്‍ജന്റീനയുടെ ലയണല്‍ മെസ്സി എത്തിയില്ലെങ്കിലും പൗളോ ഡിബാല, ഇക്കാര്‍ഡി, ലോ സെല്‍സോ തുടങ്ങിയ ഇടിവെട്ട് നിരകളാണ് സഊദിയിലെത്തിയത്. ഇരു രാജ്യങ്ങളുടെ ടീമുകള്‍ക്കും സഊദിയില്‍ വന്‍ ആരാധകരാണുള്ളത്.

Recent Updates

Related News