ഐലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്.സിയെ ഇന്ത്യന്‍ ആരോസ് സമനിലയില്‍ തളച്ചു
കോഴിക്കോട്: ഐലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്.സിയുടെ ശനിദശ തീരുന്നില്ല; വിജയവഴിയില്‍ തിരിച്ചെത്താന്‍ സ്വന്തം തട്ടകത്തില്‍ രണ്ടുംകല്‍പിച്ച് ഇറങ്ങിയ ഗോകുലത്തെ കൗമാരസംഘമായ ഇന്ത്യന്‍ ആരോസ് സമനിലയില്‍ തളച്ചു. (1-1). മലയാളിതാരം കെ.പി രാഹുലാണ്(22) സന്ദര്‍ശകര്‍ക്കായി ഗോള്‍നേടിയത്. വിദേശതാരം മാര്‍ക്കസ് ജോസഫിലൂടെ(64) ഗോകുലം സമനില പിടിച്ചു. തുടര്‍ച്ചയായ ഏഴ് എവേമത്സരങ്ങള്‍ക്ക് ശേഷമാണ് ശനിയാഴ്ച ആതിഥേയര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഇറങ്ങിയത്. ഐലീഗില്‍ പതിനാറ് കളിയില്‍ രണ്ട് ജയവും ഏഴുസമനിലയുമായി 13പോയന്റുള്ള ഗോകുലം 10ാം സ്ഥാനത്ത് തുടരുന്നു. പതിനെട്ട് കളിയില്‍ അഞ്ച് ജയവും രണ്ട് സമനിലയുമുള്ള ആരോസ് ഏഴാമതാണ്. 22ാം മിനിറ്റിലാണ് ഗോകുലത്തെ ഞെട്ടിച്ച് ആരോസിന്റെ അമ്പ് തുളച്ച് കയറിയത്. വലതുവിംഗില്‍ നിന്ന് പ്രതിരോധതാരം ആശിഷ് റായി നല്‍കിയ നെടുനീളന്‍ ക്രോസില്‍ നിന്നായിരുന്നു ഗോളിന് വഴിയൊരുങ്ങിയത്. ബോക്‌സിനുള്ളില്‍വെച്ച് സ്‌ട്രൈക്കര്‍ റഹിം അലി ഹെഡ്ഡ് ചെയ്ത് രാഹുലിന് മറിച്ച് നല്‍കി. മാര്‍ക്ക് ചെയ്യാതെ നില്‍ക്കുകയായിരുന്നു മലയാളിതാരത്തിന്റെ വോളിക്ക് മുന്നില്‍ നിസഹായനായി നില്‍ക്കാനേ ഗോകുലം ഗോള്‍കീപ്പര്‍ അര്‍ണാബ് ദാസിന് കഴിഞ്ഞുള്ളൂ. (1-0) .