പുതുവര്‍ഷത്തില്‍ ബൂട്ട് കൊണ്ട് വിമർശകരുടെ വായടപ്പിച്ച് റൊണാള്‍ഡോ; ഒന്നൊന്നര ഹാട്രിക്
ടുറിന്‍: തന്‍റെ കാലം കഴിഞ്ഞെന്നുള്ള വിമര്‍ശനങ്ങള്‍ ചില കോണുകളില്‍ നിന്ന് ഉയര്‍ന്നു തുടങ്ങിയപ്പോള്‍ ബൂട്ട് കൊണ്ട് നിറയൊഴിച്ച് മറുപടിയുമായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇറ്റാലിയന്‍ ലീഗ് ഫുട്ബോളില്‍ ഹാട്രിക് സ്വന്തമാക്കിയാണ് റോണോ വിമര്‍ശകരുടെ വായടപ്പിച്ചത്. ക്രിസ്റ്റ്യാനോയുടെ മികവില്‍ യുവന്‍റസ് മറുപടിയില്ലാത്ത നാല് ഗോളിന് കാഗ്ലിയാരിയെ തകര്‍ത്തു.
പുതിയ ഹെയര്‍സ്റ്റൈലില്‍ ഹോം മത്സരത്തിനിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത് 49-ാം മിനിറ്റിലാണ്. ബോക്സിനുള്ളിലെ റൊണാള്‍ഡോയുടെ നീക്കങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കാഗ്ലിയാരി താരങ്ങള്‍ക്ക് മറുപടിയുണ്ടായില്ല. 67-ാം മിനിറ്റില്‍ കുതിച്ചെത്തിയ പൗളോ ഡിബാലയെ വീഴ്ത്തിയതിന് റഫറി യുവന്‍റസിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു.
2020ലെ ആദ്യ പെനാൽറ്റിയിൽ റൊണാള്‍ഡോയ്ക്ക് പിഴയ്ക്കാതിരുന്നപ്പോള്‍ യുവെ വീണ്ടും മുന്നിലെത്തി. 81-ാം മിനിറ്റില്‍ ഗോള്‍സാലോ ഹിഗ്വെയ്ന്‍ കൂടെ ഗോള്‍ നേടിയതോടെ ഇറ്റാലിയന്‍ ചാമ്പ്യന്‍ ടീം വിജയം ഉറപ്പിച്ചു. 82-ാം മിനിറ്റിലാണ് ലോകമെങ്ങുമുള്ള സി ആര്‍ 7 ആരാധകര്‍ കാത്തിരുന്ന നിമിഷം പിറന്നത്.
ഡഗ്ലസ് കോസ്റ്റ ബോക്സിലേക്ക് നീട്ടി നല്‍കിയ പന്ത് വലത് കാല് കൊണ്ട് നിയന്ത്രിച്ച് ഇടത് കാല് കൊണ്ട് അനായാസം റോണോ ഗോള്‍വര കടത്തി. ആദ്യമായാണ് സീരി എയിലെ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ റൊണാള്‍ഡോ ഗോളടിക്കുന്നത്. ഗോളില്ലാതെ ലിയോണല്‍ മെസി പുതുവര്‍ഷം തുടങ്ങിയതിന് തൊട്ടുപിന്നാലെ റൊണാള്‍ഡോ ഹാട്രിക്ക് നേടിയത് ആരാധകരെയും ആവേശത്തിലാക്കിയിട്ടുണ്ട്.