ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്ക് അഞ്ചാംതോൽവി
ചെന്നൈ: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്ക് അഞ്ചാംതോൽവി. രണ്ടിനെതിരെ മൂന്നു ഗോളിന് ചെന്നൈ സിറ്റി എഫ്സിയാണ് ഗോകുലത്തെ കീഴടക്കിയത്. ഹാട്രിക് നേടിയ പെദ്രോ മൻസിയാണ് ചെന്നൈയുടെ വിജയശിൽപ്പി. ഗോകുലത്തിനായി ജോയൽ സണ്ടെ, മുഡ് മുസ എന്നിവർ ലക്ഷ്യംകണ്ടു. ആദ്യപകുതിയിൽ ഒരു ഗോളിന് മുന്നിൽനിന്നശേഷമാണ് ഗോകുലം തോൽവി വഴങ്ങിയത്. ആദ്യപകുതിയുടെ പരിക്കുസമയത്ത് ഗോകുലത്തിന്റെ അർജുൻ ജയരാജും ചെന്നൈയുടെ സിനിവാസൻ പാണ്ടിയനും ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ പത്തു പേരുമായാണ് ഇരുടീമും കളി പൂർത്തിയാക്കിയത്. തുടർച്ചയായ ആറാം മത്സരത്തിലാണ് ജയമില്ലാതെ ഗോകുലം തിരിച്ചുകയറുന്നത്. ജയത്തോടെ ചെന്നൈ സിറ്റി പട്ടികയിൽ രണ്ടാമതുള്ള നെരോക എഫ്സിയുമായുള്ള അന്തരം മൂന്നാക്കി. 11 കളിയിൽനിന്ന് 10 പോയിന്റുമായി ഗോകുലം എട്ടാമത് തുടർന്നു. മറ്റൊരു മത്സരത്തിൽ 3–-2ന് നെരോക ഷില്ലോങ് ലജോങ്ങിനെ തോൽപ്പിച്ചു.