• Home
  • Sports
  • ഐ.എസ്.എല്ലില്‍ ഡല്‍ഹി ഡൈനാമോസും എഫ്.സി പുണെ സിറ്റിയും സമനിലയ

ഐ.എസ്.എല്ലില്‍ ഡല്‍ഹി ഡൈനാമോസും എഫ്.സി പുണെ സിറ്റിയും സമനിലയും പിരിഞ്ഞു

ന്യൂഡല്‍ഹി: ഐ.എസ്.എല്ലില്‍ ഡല്‍ഹി ഡൈനാമോസും എഫ്.സി പുണെ സിറ്റിയും തമ്മിലുള്ള മത്സരം സമനിലയില്‍. 88-ാം മിനിറ്റില്‍ ബ്രസീല്‍ താരം ഡീഗോ കാര്‍ലോസിലൂടെ പുണെ, ഡല്‍ഹിയെ ഒപ്പം പിടിക്കുകയായിരുന്നു. പകരക്കാരനായി കളത്തിലിറങ്ങിയ ബ്രസീല്‍ വിങ്ങര്‍ മനോഹരമായൊരു ഫിനിഷിലൂടെ ലക്ഷ്യം കണ്ടു. തണുപ്പൻ തുടക്കമായിരുന്നുവെങ്കിലും ഡൽഹി ഗോൾ നേടിയശേഷം രണ്ടാം പകുതിയിൽ കളി ചൂടുപിടിച്ചു. ഡൽഹി ജയം ഉറപ്പിച്ചുനിൽക്കെ ആണ‌് പുണെ സമനില പിടിച്ചെടുത്തത‌്. ഐഎസ‌്എൽ അഞ്ചാം പതിപ്പിലെ തങ്ങളുടെ കന്നിമത്സരത്തിൽ ഇരുകൂട്ടരും ഓരോ പോയിന്റ‌് പങ്കുവച്ചു. റാണ ഗരാമി ഡൽഹിയുടെയും ദ്യോഗോ കാർലോസ‌് പുണെയുടെയും ഗോൾ നേടി.

കളിയുടെ തുടക്കം ഏറെ തണുപ്പനായിരുന്നു. പുണെയായിരുന്നു ആദ്യം ആക്രമിച്ചു കളിച്ചത‌്. മലയാളി താരം ആഷിഖ‌് കരുണിയനായിരുന്നു ഇൗ മുന്നേറ്റങ്ങളുടെ ആസൂത്രകൻ. കോർണറുകൾ വഴങ്ങിയാണ‌് പുണെ ആക്രമണങ്ങൾ ഡൽഹി ഒഴിവാക്കിയത‌്. 20 മിനിറ്റ‌് പിന്നിട്ടപ്പോൾ ഡൽഹിയും താളം കണ്ടെത്തി. നാരായൺ ദാസും റാണ ഗരാമിയും ഒത്തിണങ്ങി കളിച്ചു. ഇരുടീമിലെയും വിദേശ താരങ്ങൾക്ക‌് കളിയിൽ വലിയ സ്വാധീനം ചെലുത്താനായില്ല. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ കളിക്കാനിറങ്ങിയ ഡല്‍ഹിയെ 44-ാം മിനിറ്റ് വരെ പുണെ പിടിച്ചുകെട്ടി. എന്നാല്‍ ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ഇന്ത്യന്‍ താരം റാണ ലക്ഷ്യം കണ്ടു. ബോക്‌സിന് പുറത്തുനിന്നുള്ള റാണയുടെ ഷോട്ട് പോസ്റ്റിന്റെ ഇടതുമൂലയില്‍ വിശ്രമിച്ചു. ഐ.എസ്.എല്ലില്‍ അരങ്ങേറ്റം നടത്തിയ റാണ 35 വാര അകലെ നിന്നാണ് ലക്ഷ്യം കണ്ടത്. ഐ.എസ്.എല്‍ ഈ സീസണില്‍ ഒരിന്ത്യന്‍ താരം നേടുന്ന ആദ്യ ഗോളായിരുന്നു അത്.

Recent Updates

Related News