• Home
  • News
  • ഒമാൻ: കോവിഡ്​ വ്യാപനം, ഭാഗിക ലോക്​ഡൗൺ പരിഗണിക്കേണ്ടി വരുമെന്ന് ആരോഗ്യ മന്ത്രി

ഒമാൻ: കോവിഡ്​ വ്യാപനം, ഭാഗിക ലോക്​ഡൗൺ പരിഗണിക്കേണ്ടി വരുമെന്ന് ആരോഗ്യ മന്ത്രി

മസ്​കത്ത്​: രാജ്യത്തെ കോവിഡ്​ രോഗികളുടെ എണ്ണം ഉയരുകയാണെന്ന്​ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്​ അൽ സഈദി. സ്​ഥിതിഗതികൾ ഇങ്ങനെ തുടരുന്ന പക്ഷം രോഗവ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ ഭാഗിക ലോക്​ഡൗൺ ഏർപ്പെടുത്തുന്നത്​ ഒരുപക്ഷെ പരിഗണിക്കേണ്ടി വരുമെന്ന്​ സുപ്രീം കമ്മിറ്റിയുടെ പ്രതിവാര വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ ആരോഗ്യ മന്ത്രി പറഞ്ഞു.

തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ എണ്ണം വ്യാഴാഴ്​ച 190ആയി ഉയർന്നു. മഹാമാരി ആരംഭിച്ച ശേഷം ആദ്യമായാണ്​ തീവ്ര പരിചരണ വിഭാഗത്തിൽ ഇത്രയധികം രോഗികൾ പ്രവേശിപ്പിക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നത്​. രോഗമുക്​തി നിരക്ക്​ 94 ശതമാനമായിരുന്നത്​ 91 ശതമാനമായി കുറഞ്ഞു. ഗുരുതരമല്ലാത്ത കോവിഡ്​ രോഗികളെ പ്രവേശിപ്പിക്കുന്നതിനായുള്ള ഫീൽഡ്​ ആശുപത്രി രണ്ടാഴ്​ചക്കുള്ളിൽ തുറക്കാൻ എല്ലാ നടപടികളും പൂർത്തിയായതായും ആരോഗ്യ മന്ത്രി പറഞ്ഞു.

പൊതുസ്​ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കണമെന്നതടക്കം നിർദേശങ്ങളുടെ ലംഘനമാണ്​ രോഗബാധ ഉയരാൻ കാരണമെന്ന്​ ഡോ. അൽ സഈദി പറഞ്ഞു. ഉയരുന്ന രോഗികളുടെ എണ്ണം ആരോഗ്യ മേഖലക്ക്​ അമിത ഭാരമാണ്​ നൽകുന്നത്​. തീവ്ര പരിചരണ വിഭാഗങ്ങളിൽ പ്രവേശിപ്പിക്കപ്പെടുന്ന 30 ശതമാനം രോഗികളുടെയും വൃക്കകൾ തകരാറിലാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വാണിജ്യ പ്രവർത്തനങ്ങൾ തുടങ്ങിയതും ജീവനക്കാർ ഓഫീസുകളിൽ തിരികെയെത്തിയതും രോഗ വ്യാപനത്തിന്​ കാരണമായിട്ടുണ്ടെങ്കിലും പ്രധാന കാരണമായി പറയാവുന്നത്​ സാമൂഹിക അകലമടക്കം പ്രതിരോധ നടപടികൾ പാലിക്കാത്തതാണ്​. രോഗ വ്യാപനം കൂടുമ്പോഴും ഒരു വിഭാഗമാളുകൾ നിയന്ത്രണങ്ങൾ മറികടന്ന്​ കൃഷിതോട്ടങ്ങളിലും റെസ്​റ്റ്​ ഹൗസുകളിലും ബീച്ചുകളിലുമെല്ലാം ഒത്തുചേരലുകൾ നടത്തുന്നത്​ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

മഹാമാരി ആരംഭിച്ച ശേഷം 2848 ആരോഗ്യ പ്രവർത്തകർ രോഗബാധിതരായി. ഇതിൽ 42 ശതമാനം പേരും സാമൂഹിക വ്യാപനത്തിലൂടെയാണ്​ രോഗബാധിതരായത്​. ഒരു ഡോക്​ടറും നഴ്​സുമാണ്​ മഹാമാരി ആരംഭിച്ച ശേഷം മരണപ്പെട്ട ആരോഗ്യ പ്രവർത്തകർ. പ്രായമായവരും ഗുരുതര രോഗബാധിതരും മാത്രമല്ല 15നും 17നുമിടയിൽ പ്രായമുള്ളവരും കോവിഡ്​ മൂലം മരണപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ഏഴ്​ ദിവസത്തിൽ കൂടുതൽ സമയത്തേക്ക്​ ഒമാനിലേക്ക്​ വരുന്നവർക്ക്​ ക്വാറന്റൈൻ നിർബന്ധമായിരിക്കുമെന്ന്​ ഡിസീസസ്​ സർവൈലൻസ്​ ആൻറ്​ കൺട്രോൾ വിഭാഗം ഡയറക്​ടർ ജനറൽ ഡോ.സൈഫ്​ അൽ അബ്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇവർക്ക്​ കൈയിൽ കെട്ടാവുന്ന ബ്രേസ്​ലെറ്റ്​ നൽകും. എല്ലാ സന്ദർശകരും കോവിഡ്​ നിരീക്ഷണ ആപ്ലിക്കേഷനായ തറാസുദ്​ പ്ലസിൽ രജിസ്​റ്റർ ചെയ്​തിരിക്കണം. കര, വ്യോമ അതിർത്തികൾ വരുന്നവരെല്ലാം അതത്​ അതിർത്തികളിൽ പി.സി.ആർ പരിശോധനക്ക്​ വിധേയരാകേണ്ടിവരും. രോഗം ഭേദമായവർ വീണ്ടും രോഗ ബാധിതരായ സംഭവങ്ങൾ ഒമാനിൽ റിപ്പോർട്ട്​ ചെയ്​തിട്ടില്ല. രോഗം ഭേദമായ ചിലരിൽ പരിശോധനാ ഫലങ്ങൾ നാലുമാസം വരെ പോസിറ്റീവ്​ ആകാറുണ്ട്​. എന്നിരുന്നാലും ഇവർക്ക്​ യാത്ര ചെയ്യാൻ തടസങ്ങളില്ലാത്ത സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ഡോ.സൈഫ്​ അൽ അബ്രി പറഞ്ഞു.

ഒക്​ടോബർ ഒന്നിന്​ വ്യോമഗതാഗതം പുനരാരംഭിക്കുമ്പോൾ സ്വദേശികൾക്കും വിദേശികൾക്കും അനുമതിയില്ലാതെ യാത്ര ചെയ്യാൻ കഴിയുമെന്ന്​ ഗതാഗത വാർത്താവിനിമയ വിവര സാങ്കേതിക വകുപ്പ്​ മന്ത്രി എഞ്ചിനീയർ സൈദ്​ ബിൻ ഹമൂദ്​ അൽ മഅ്​വാലി പറഞ്ഞു. യാത്രക്കാർ ആരോഗ്യ നിർദേശങ്ങൾ കർശനമായി പാലിക്കണം. ഏഴാം ഘട്ട വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള അനുമതി അടുത്ത സുപ്രീം കമ്മിറ്റി യോഗം പരിഗണിക്കും. ഒമാനിലേക്ക്​ എത്തുന്ന സന്ദർശകർക്ക്​ മുപ്പത്​ ദിവസത്തെ കോവിഡ്​ ചികിത്സക്കുള്ള നിർബന്ധിത ആരോഗ്യ ഇൻഷൂറൻസ്​ ഉണ്ടായിരിക്കണമെന്നും മന്ത്രി പറഞ്ഞു.

മസ്​കത്ത്​ വിമാനത്താവളത്തിൽ നിന്ന്​ മാത്രമായിരിക്കും ആദ്യം അന്താരാഷ്​ട്ര സർവീസുകൾ ആരംഭിക്കുകയെന്ന്​ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡൻറ്​ ഡോ. മുഹമ്മദ്​ ബിൻ നാസർ അൽ സാബി പറഞ്ഞു. ആഭ്യന്തര വിമാന സർവീസുകൾക്കും ഒക്​ടോബർ മുതൽ തുടക്കമാകുമെന്നും അൽ സാബി പറഞ്ഞു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All