കാറ്റിന്റെ ശക്തി കുറഞ്ഞു; ജിദ്ദയില്‍ കപ്പല്‍ ഗതാഗതം പുനരാരംഭിച്ചു
ജിദ്ദ : ജിദ്ദ ഇസ്ലാമിക് പോര്‍ട്ടില്‍ കപ്പല്‍ ഗതാഗതം പുനരാരംഭിച്ചു. ശക്തമായ കാറ്റിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി നിര്‍ത്തിവെച്ച കപ്പല്‍ ഗതാഗതം ഇന്നലെ രാവിലെയാണ് പുനരാരംഭിച്ചത്. കാറ്റിന്റെ ശക്തി കുറഞ്ഞതിനെ തുടര്‍ന്നാണ് കപ്പല്‍ ഗതാഗതം പുനരാരംഭിച്ചതെന്ന് മക്ക ഗവര്‍ണറേറ്റ് അറിയിച്ചു.
മദീനയില്‍ ഇന്നലെ രാവിലെ ശക്തമായ മഴ പെയ്തു. നഗരത്തിന്റെ ചില ഭാഗങ്ങളില്‍ ഇടത്തരം മഴയും മറ്റു ഭാഗങ്ങളില്‍ ശക്തമായ മഴയുമാണ് പെയ്തത്. മദീന പ്രവിശ്യയില്‍ പെട്ട യാമ്പുവിലും അല്‍അയ്സിലും പരിസരപ്രദേശങ്ങളിലും വെള്ളിയാഴ്ച ശക്തമായ മഴ പെയ്തിരുന്നു. ഇടിമിന്നലിന്റെ അകമ്പടിയോടെയായിരുന്നു മഴ. ശക്തമായ മഴയില്‍ പ്രദേശത്തെ താഴ്വരകള്‍ നിറഞ്ഞൊഴുകി. ഏതാനും ഗ്രാമപ്രദേശങ്ങളില്‍ റോഡുകള്‍ തകര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.
യാമ്പുവിന് വടക്ക് വാദി അല്ഹനുവില് ജീപ്പ് ഒഴുക്കില്‍ പെട്ടു. യാമ്പുവിന് 70 കിലോമീറ്റര്‍ ദൂരെ അല്ഹനു താഴ്വര മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ശക്തമായ മലവെള്ളപ്പാച്ചിലില്‍ ജീപ്പ് അകപ്പെട്ടത്. മലവെള്ളപ്പാച്ചിലില്‍നിന്ന് പുറത്തുകടക്കാനുള്ള ഡ്രൈവറുടെ ശ്രമങ്ങള്‍ വിജയിച്ചില്ല. ജീപ്പിനകത്ത് ഏഴംഗ കുടുംബമാണുണ്ടായിരുന്നതെന്നും ഏഴു പേരും അപകടത്തില്‍ മരിച്ചതായും ട്വിറ്റര്‍ ഉപയോക്താക്കളില്‍ ഒരാള്‍ പറഞ്ഞു. എന്നാല്‍ ജീപ്പില്‍ പതിമൂന്നിലേറെ പേരുണ്ടായിരുന്നതായി തനിക്കറിയാമെന്ന് മറ്റൊരു ഉപയോക്താവ് പറഞ്ഞു. ഒഴുക്കില്‍പെട്ട് കാണാതായ ഇവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണെന്നും ഇയാള്‍ പറഞ്ഞു. അപകടത്തിലെ ജീവഹാനിയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും സിവില്‍ ഡിഫന്‍സ് നല്‍കിയിട്ടില്ല. ജീപ്പ് ഒഴുക്കില്‍ പെട്ടതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
യാമ്പുവിന് വടക്ക് അബൂശകീര് വാദിയില്‍ ഒഴുക്കില്‍ പെട്ടയാളെ സന്നദ്ധസേവകരായ യുവാക്കള്‍ രക്ഷപ്പെടുത്തി. ഏറെ ദൂരം ഒഴുകിയശേഷം താഴ്വരയുടെ കരയില്‍ കയറി രക്ഷപ്പെട്ട് അവശനായി കിടക്കുന്ന നിലയിലുള്ള സൗദി പൗരനെ ഏതാനും യുവാക്കള്‍ കണ്ടെത്തി പ്രാഥമികശുശ്രൂഷകള്‍ നല്കി കാറില്‍ നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ പങ്കുവെച്ചു.
ഉംലജിന് വടക്ക് വാദി ഖഫില്‍ മറ്റൊരു കാറും ഒഴുക്കില്‍പെട്ടു. ശക്തമായ ഒഴുക്കില്‍പെട്ട് കാര്‍ താഴോട്ട് നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് ദൃക്സാക്ഷികള്‍ ചിത്രീകരിച്ച് പുറത്തുവിട്ടു. തബൂക്ക് പ്രവിശ്യയില്‍ പെട്ട ഉംലജിലും വെള്ളിയാഴ്ച കനത്ത മഴയാണ് പെയ്തത്. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച മഴ ഏറെനേരം നീണ്ടുനിന്നു
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.