• Home
  • News
  • നിയമലംഘനം; 2 മാസത്തേക്കു കണ്ടുകെട്ടാനുള്ള നിർദേശം അസാധുവാക്കി
kuwait

നിയമലംഘനം; 2 മാസത്തേക്കു കണ്ടുകെട്ടാനുള്ള നിർദേശം അസാധുവാക്കി

കുവൈത്ത് സിറ്റി: സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ചാലും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാലും വാഹനം 2 മാസത്തേക്കു കണ്ടുകെട്ടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം ഭരണനിർവഹണ കോടതി അസാധുവാക്കി. ഈ വിഷയത്തിൽ കോടതിയെ സമീപിച്ച സ്വദേശിക്ക് 500 ദിനാർ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടതായി അഭിഭാഷകൻ അറിയിച്ചു. നിയമ വിധേയമല്ലാത്തതാണ് തീരുമാനം എന്ന് ഉറപ്പുണ്ടായിരുന്നതിനാലാണ് കോടതിയെ സമീപിച്ചതെന്ന് അഭിഭാഷകനായ ഖാലിദ് അൽ ശമ്മരി അറിയിച്ചു.

ഒരുമാസം മുൻപാണ് വാഹനം കണ്ടുകെട്ടുമെന്ന തീരുമാനം ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചത്. ഗതാഗതനിയമം കർശനമായി പാലിക്കുന്നതും അപകടങ്ങൾ കുറയ്ക്കുന്നതും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മന്ത്രാലയത്തിന്റെ തീരുമാനം. അതിന്റെ അടിസ്ഥാനത്തിൽ ഒട്ടേറെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. അതിനിടയിലാണ് തീരുമാനത്തിലെ അപാകത ചൂണ്ടിക്കാട്ടി സ്വദേശി കോടതിയെ സമീപിച്ചത്. അതേസമയം, തിരക്കേറിയ റോഡുകളിൽ നിശ്ചിത സമയങ്ങളിൽ ട്രക്ക്, ട്രെയ്‌ലർ, ട്രാക്ടർ തുടങ്ങിയ വാഹനങ്ങൾക്കുള്ള നിരോധനം നിലനിൽക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മാധ്യമ വിഭാഗം മേധാവി ലഫ്.കേണൽ നാസർ മുസ്‌ലൈബ് അറിയിച്ചു.