മെറ്റാവേഴ്സ് രംഗത്തുനിന്ന് ദുബായ് ലക്ഷ്യമിടുന്നത് 400 കോടി ഡോളർ
ദുബായ് ∙ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട പദ്ധതികളുടെ പ്രവർത്തന പുരോഗതി വിലയിരുത്താൻ കർമസമിതി. മെറ്റാവേഴ്സ് പ്ലാറ്റ്ഫോം ഉൾപ്പെടെയുള്ള സാങ്കേതിക മുന്നേറ്റത്തിനൊരുങ്ങുന്ന സാഹചര്യത്തിൽ ഒരോ ഘട്ടവും വിദഗ്ധസമിതി വിലയിരുത്തും. 2030 ആകുമ്പോഴേക്കും മെറ്റാവേഴ്സ് രംഗത്തു നിന്നു മാത്രം 400 കോടി ഡോളർ നേട്ടം ലക്ഷ്യമിടുന്നു.
>
ശസ്ത്രക്രിയകളിൽ 230% മികവു വർധിപ്പിക്കാനും ഒട്ടേറെ തൊഴിലവസരങ്ങൾക്കും മെറ്റാവേഴ്സ് സഹായകമാകുമെന്നു പ്രതീക്ഷിക്കുന്നു. നിർമിതബുദ്ധി, ഇന്റർനെറ്റ് ഓഫ് തിങ്സ്, ഫിൻടെക്, 3 ഡി പ്രിന്റിങ് സാങ്കേതികവിദ്യകൾ കോർത്തിണക്കി അതിവേഗ വാണിജ്യ-വ്യാപാര ശൃംഖല യാഥാർഥ്യമാക്കും. ആരോഗ്യം, ബഹിരാകാശം, നക്ഷത്രശാസ്ത്ര പഠനം, ടൂറിസം, ബാങ്കിങ്, വാർത്താവിനിമയം എന്നിങ്ങനെ എല്ലാ മേഖലകളിലും ഡിജിറ്റലൈസേഷൻ വിപ്ലവകരമായ മുന്നേറ്റത്തിനു വഴിയൊരുക്കും.
സാങ്കേതിക രംഗത്തെ നയപരിപാടികളുടെയും കർമപദ്ധതികളുടെയും പൂർണ മേൽനോട്ടം സമിതിക്കാണെന്ന് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ വ്യക്തമാക്കി.
മെറ്റാവേഴ്സ് എന്നാൽ...
ഓഗ്മെന്റഡ് റിയാലിറ്റി (എആർ), വെർച്വൽ റിയാലിറ്റി (വിആർ) സാങ്കേതിക വിദ്യകളുടെ അടുത്ത തലമാണ് മെറ്റാവേഴ്സ്. ഓപ്പറേറ്റിങ് സിസ്റ്റം, വിഡിയോ കോൺഫറൻസിങ്, ഹാർഡ് വെയർ, ക്ലൗഡ്, വിനോദം, സോഷ്യൽ നെറ്റ് വർക്ക് എന്നിവ മെറ്റാവേഴ്സ് പ്ലാറ്റ്ഫോമിൽ ഒന്നിപ്പിക്കാനാണ് നീക്കം.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.