നിയമ ലംഘനം; റദ്ദാക്കിയ ലൈസന്‍സ് തിരിച്ചെടുക്കാന്‍ അവസരം
അബൂദബി: ഗതാഗത നിയമ ലംഘനങ്ങള്‍ മൂലം ഒരുവര്‍ഷം 24 ബ്ലാക്ക് പോയന്റ് കിട്ടി ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കപ്പെട്ടവര്‍ക്ക് ഇവ തിരിച്ചെടുക്കാന്‍ അവസരം. അധികൃതര്‍ നല്കുന്ന നിയമ കോഴ്സില്‍ പങ്കെടുക്കുകയും പിഴയായ 2400 ദിര്‍ഹം അടക്കുകയുമാണ് ഇതിനായി ചെയ്യേണ്ടത്. പിഴത്തുക ഒരുമിച്ച് അടക്കുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക ഭാരം ഒഴിവാക്കാന്‍ എമിറേറ്റിലെ അഞ്ച് പ്രമുഖ ബാങ്കുകളുമായി സഹകരിച്ച് ലോണ്‍ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഫസ്റ്റ് അബൂദബി ബാങ്ക്, അബൂദബി കൊമേഴ്സ്യല്‍ ബാങ്ക്, അബൂദബി ഇസ്ലാമിക് ബാങ്ക്, മഷ്രിഖ്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് എന്നീ ബാങ്കുകളില്‍ നിന്നാണ് പലിശ രഹിത വായ്പ ഒരുവര്‍ഷത്തെ കാലാവധിയില്‍ നല്‍കുന്നത്. ഈ സൗകര്യം ഉപയോഗപ്പെടുത്തണമെങ്കില്‍ ഡ്രൈവര്‍മാര്‍ക്ക് മേല്പറഞ്ഞ ഏതെങ്കിലുമൊരു ബാങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടായിരിക്കണം.
ഇതിനുശേഷം നിയമ കോഴ്സില്‍ ചേരാന്‍ രജിസ്റ്റര്‍ ചെയ്യുകയും 800 ദിര്‍ഹം ഫീസ് കെട്ടുകയും വേണം. പിഴ ഒടുക്കാത്ത വാഹനങ്ങള്‍ക്ക് മേല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അബൂദബി പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗതാഗത നിയമലംഘനത്തിനുള്ള പിഴ 7000 ദിര്‍ഹത്തിനു മുകളിലായവര് തുക ഉടന്‍ അടക്കണമെന്നും അല്ലാത്തപക്ഷം വാഹനം ലേലത്തില്‍ വില്‍ക്കുമെന്നുമാണ് അറിയിച്ചത്. ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുത്ത് മൂന്നുമാസം വരെ സൂക്ഷിക്കും. എന്നിട്ടും പിഴയൊടുക്കിയില്ലെങ്കില്‍ ലേലത്തില്‍ വില്‍ക്കും.
കൈയില്‍ പണമില്ലെങ്കില്‍ ഫസ്റ്റ് അബൂദബി ബാങ്ക്, അബൂദബി കൊമേഴ്സ്യല്‍ ബാങ്ക്, അബൂദബി ഇസ്ലാമിക് ബാങ്ക്, മഷ്രിഖ്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് എന്നീ ബാങ്കുകളില്‍ നിന്ന് പലിശ രഹിത വായ്പ ഒരുവര്‍ഷത്തെ കാലാവധിയില്‍ നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരുവര്‍ഷ തവണ വ്യവസ്ഥയിലാണ് ഇങ്ങനെ പലിശരഹിതമായി ട്രാഫിക് പിഴ അടക്കുന്നത്. അതേസമയം, ഗതാഗതനിയമലംഘനത്തിന് പിഴ ചുമത്തപ്പെട്ടവര് രണ്ടുമാസത്തിനുള്ളില്‍ തുക ഒടുക്കുകയാണെങ്കില്‍ പിഴത്തുകയില്‍ 35 ശതമാനം ഇളവ് നല്‍കുമെന്നും അബൂദബി പൊലീസ് അറിയിച്ചു. ഒരുവര്‍ഷത്തിനകം കെട്ടുകയാണെങ്കില്‍ 25 ശതമാനം ഇളവ് അനുവദിക്കും.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.