• Home
  • News
  • വിഷുവിന് പരമ്പരാഗത വസ്ത്രങ്ങൾ വാങ്ങാനും തിരക്ക്
uae malayali vishu celebration

വിഷുവിന് പരമ്പരാഗത വസ്ത്രങ്ങൾ വാങ്ങാനും തിരക്ക്

അബുദാബി: വിഷുവിന് പരമ്പരാഗത വസ്ത്രങ്ങൾ വാങ്ങാനും തിരക്ക്, കണിയും കൈനീട്ടവും സദ്യയും കഴിഞ്ഞാൽ വിഷുവാഘോഷങ്ങളിൽ ഏറ്റവും പ്രധാനമാണ് വിഷുക്കോടി. ലോകത്തിന്റെ ഏതുകോണിലായാലും മലയാളികൾക്ക് വിഷുക്കോടി പരമ്പരാഗത വസ്ത്രങ്ങൾതന്നെയാണ്. ഒരാഴ്ചയായി യു.എ.ഇയിലെ പ്രധാനപ്പെട്ട വസ്ത്രാലയങ്ങളിലും മാളുകളിലുമെല്ലാം മലയാളികളുടെ തനതുവസ്ത്രങ്ങളായ കസവുമുണ്ടും ജുബ്ബയും കസവുസാരിയും പട്ടുപാവാടയുമൊക്കെയാണ് നിറഞ്ഞുനിൽക്കുന്നത്. പടക്കംപൊട്ടിച്ച് വിഷുവാഘോഷിക്കാൻ യു.എ.ഇയിൽ അവസരമില്ലാത്തതിന്റെ ക്ഷീണം മലയാളികൾ മാറ്റുന്നത് ഇത്തരത്തിൽ ഓർമകൾകൊണ്ട് നെയ്ത വസ്ത്രങ്ങൾ അണിയുമ്പോഴാണ്. സംഘടനാകാര്യാലയങ്ങളിൽ നടക്കുന്ന വിഷുആഘോഷങ്ങളിലെല്ലാം പരമ്പരാഗത വസ്ത്രമണിഞ്ഞെത്തുന്നവരെ കാണാൻ കഴിയും. അൻപതുമുതൽ അഞ്ഞൂറ് ദിർഹംവരെ വിലയുള്ള സാരികളും പാട്ടുപാവാടകളുമെല്ലാം നാട്ടിൽനിന്ന് യു.എ.ഇ മാർക്കറ്റിൽ എത്തിച്ചിട്ടുണ്ട്.

കേരളത്തിൽനിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള തുണികളാണ് കൂടുതലായും എത്തിയിട്ടുള്ളതെന്ന് കച്ചവടക്കാർ പറഞ്ഞു. ചുവർചിത്രമാതൃകയിൽ കൃഷ്ണരൂപവും വിഷുക്കണിയുമെല്ലാം ആലേഖനം ചെയ്ത സാരികൾക്കും ഷർട്ടുകൾക്കും ആവശ്യക്കാർ ഏറെയാണ്. ആഘോഷനിമിഷങ്ങൾ ഓരോന്നും ചിത്രങ്ങളായി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കേണ്ടതിനാൽ വിഷുക്കോടി വിപണിയിൽ തിരക്ക് ഏറെയാണ്. ഓഫീസുകളിൽ നടക്കുന്ന വിഷുവാഘോഷങ്ങളിൽ കേരളത്തിന്റെ പരമ്പരാഗത വസ്ത്രമണിഞ്ഞ് മലയാളികൾക്കൊപ്പം മറ്റു നാട്ടുകാരും സജീവമാവാറുണ്ട്. കേരളത്തിലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ യു.എ.ഇയിൽ സംഘടനകൾ ഒന്നും ഓണാഘോഷം കാര്യമായി നടത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ വിഷു പൊലിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവാസി മലയാളികൾ. അടുത്ത വാരാന്ത്യങ്ങളിലും വൈകുന്നേരങ്ങളിലും മലയാളി സംഘടനകളുടെ വിഷുവാഘോഷങ്ങൾ നടക്കും.

Entertainment