ബിരുദ സർട്ടിഫിക്കറ്റുകളുടെ സൂക്ഷ്മ പരിശോധന: പുതിയ സംവിധാനം ഉടൻ നടപ്പിൽവരും
മനാമ: ബഹ്റൈനിൽനിന്നും വിദേശത്തുനിന്നുമുള്ള യൂനിവേഴ്സിറ്റി ബിരുദങ്ങളും വിദ്യാഭ്യാസ യോഗ്യതകളും പരിശോധിക്കുന്നതിനുള്ള പുതിയ സംവിധാനം ഉടൻ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം പുതിയ നടപടിക്രമങ്ങൾക്ക് ഇതിനകം അംഗീകാരം നൽകിക്കഴിഞ്ഞു.
മൂല്യനിർണയത്തിനായി സർട്ടിഫിക്കറ്റുകൾ ദേശീയ യോഗ്യത നിർണയ സമിതിക്കോ ഉന്നത വിദ്യാഭ്യാസ കൗൺസിലിനോ സമർപ്പിക്കാതെ ബിരുദങ്ങൾ പരിശോധിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കാര്യക്ഷമമാക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമാഅ പറഞ്ഞു. വിദ്യാഭ്യാസ യോഗ്യതകൾ പരിശോധിക്കുന്നതിനുള്ള പുതിയ നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ ദേശീയ പോർട്ടലിൽ (Bahrain.bh) ലഭ്യമാണ്.
സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കി പൊതു-സ്വകാര്യ മേഖലകളിലെ നിയമന നടപടികൾ കാര്യക്ഷമമാക്കുന്നതാണ് പുതിയ സംവിധാനമെന്ന് ഡോ. ജുമാഅ പറഞ്ഞു.മെഡിക്കൽ, എൻജിനീയറിങ് ബിരുദങ്ങളുടെ മേൽനോട്ടം നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) കൗൺസിൽ ഫോർ റെഗുലേറ്റിങ് ദി പ്രാക്ടീസ് ഓഫ് എൻജിനീയറിങ് പ്രഫഷൻസ് (സി.ആർ.പി.ഇ.പി) എന്നിവ നിർവഹിക്കും.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.