ഖത്തർ വിപണിയിൽ ഇന്ത്യൻ മത്സ്യം കിട്ടാക്കനിയായിട്ട് മാസങ്ങളേറെ
ദോഹ ∙ ഖത്തർ വിപണിയിൽ ഇന്ത്യൻ മത്സ്യം കിട്ടാക്കനിയായിട്ട് മാസങ്ങളേറെ. എന്നാൽ വിപണിയിൽ പ്രാദേശിക മീൻ ഒട്ടേറെയുണ്ട്. ഇന്ത്യയിൽ നിന്നെത്തുന്ന ഫ്രഷ്, ശീതീകരിച്ച മീനുകളിൽ രാസവസ്തുക്കൾ കലർത്തിയിരിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ഒക്‌ടോബറിലാണ് ഇറക്കുമതി നിരോധിച്ചത്.
ഇന്ത്യയ്ക്ക് പുറമേ പാക്കിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള മീനുകൾക്കും വിലക്കുണ്ട്. പ്രശ്‌നം പരിഹരിക്കാൻ ഖത്തർ സർക്കാരുമായി ചർച്ച നടത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ വർഷം ദോഹയിലെ വ്യാപാരികളും ഇന്ത്യൻ എംബസി അധികൃതരും യോഗം ചേർന്നിരുന്നു. ലോകകപ്പ് കഴിയുമ്പോൾ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ലെന്ന് സഫാരി ഹൈപ്പർമാർക്കറ്റ് ഫ്രഷ് ഫുഡ് വിഭാഗം റീജനൽ മാനേജർ മുഹമ്മദ് ഫൈസൽ പറഞ്ഞു.
ഇന്ത്യയുടെ മാന്തൾ, ചൂട, മത്തി, കായൽ മീനുകളായ പള്ളത്തി, വരാൽ, പരൽ, കരിമീൻ എന്നിവയെല്ലാമാണ് നേരത്തെ വിപണിയിൽ സുലഭമായിരുന്നത്. അതേസമയം ഇന്ത്യൻ മീനുകളുടെ വരവ് നിലച്ചത് പ്രവാസികളുടെ അടുക്കളകളെ കാര്യമായി ബാധിച്ചിട്ടില്ല. ഇന്ത്യൻ മീനുകൾക്ക് പൊതുവേ വിലകൂടുതൽ ആണെന്നതു മാത്രമല്ല പ്രാദേശിക മീനുകളോടു തന്നെയാണ് ഒട്ടുമിക്ക പ്രവാസികൾക്കും ഏറെ ഇഷ്ടം എന്നതുമാണ് ഇതിനു കാരണം.
നിലവിൽ പ്രാദേശിക മീനുകൾക്ക് പുറമേ ഒമാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്നാണ് വിപണിയിലേക്ക് മീൻ എത്തുന്നത്. ഒമാനിൽ നിന്ന് നേരിട്ടുള്ള മീൻ ഇറക്കുമതി സുഗമമായതിനാൽ ഒമാൻ മത്തി ഉൾപ്പെടെ ഇപ്പോൾ വിപണിയിൽ സുലഭമാണ്. കിലോയ്ക്ക് 10 റിയാലിൽ (222 ഇന്ത്യൻ രൂപ) താഴെയാണ് മത്തിയുടെ വില. നാട്ടുരുചി കിട്ടില്ലെങ്കിലും ഒമാൻ മത്തിക്കും ആവശ്യക്കാരേറെയുണ്ട്. ഖത്തറിന്റെ ഇറക്കുമതി ചട്ടങ്ങളും പരിശോധനകളും കർക്കശമാണ്.
രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന മീൻ, പച്ചക്കറി ഉൾപ്പെടെയുള്ള ഭക്ഷ്യ ഉൽപന്നങ്ങൾ ഉപയോഗയോഗ്യമാണോ എന്ന് ഉറപ്പാക്കിയ ശേഷമാണ് വിൽപന അനുവദിക്കുന്നത്. ജനങ്ങളുടെ ആരോഗ്യ സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും അധികൃതർ തയാറല്ല. ഇക്കാര്യത്തിൽ പൊതുജനാരോഗ്യ മന്ത്രാലയവും വാണിജ്യ-വ്യവസായ മന്ത്രാലയവും കർശന സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇറക്കുമതി ചെയ്യുന്ന മീനുകളിൽ നിന്ന് സാംപിൾ എടുത്ത് സെൻട്രൽ ലബോറട്ടറിയിൽ പരിശോധന നടത്തി രാസവസ്തുക്കളില്ലെന്നും ഭക്ഷ്യ യോഗ്യമാണെന്നു ഉറപ്പാക്കിയ ശേഷം മാത്രമാണ് വിൽപന അനുവദിക്കുന്നത്. മീനായാലും പച്ചക്കറികളായാലും മറ്റ് ഭക്ഷ്യ വിഭവങ്ങൾ ആയാലും ശരി ഏതെങ്കിലും തരത്തിലുള്ള മായമോ കീടനാശിനിയോ രാസവസ്തുവോ ഉണ്ടെന്ന് തെളിഞ്ഞാൽ അവ പിടിച്ചെടുത്ത് അധികൃതർ തന്നെ നശിപ്പിക്കുകയാണ് പതിവ്.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.