• Home
  • News
  • മുസ്‌ലിം ഇതര മതസ്ഥരുടെ വ്യക്തിനിയമം ഇനി എല്ലാ എമിറേറ്റുകളിലും

മുസ്‌ലിം ഇതര മതസ്ഥരുടെ വ്യക്തിനിയമം ഇനി എല്ലാ എമിറേറ്റുകളിലും

അബുദാബി∙ അമുസ്‌ലിംകൾക്ക് അബുദാബിയിൽ നടപ്പാക്കിയ വ്യക്തിഗത, കുടുംബ നിയമം (പഴ്സനൽ സ്റ്റേറ്റസ് ലോ) ഇന്നു മുതൽ യുഎഇയിലെ എല്ലാ എമിറേറ്റുകളിലും പ്രാബല്യത്തിൽ. വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, അനന്തരാവകാശം എന്നിവ അടങ്ങിയതാണ് നിയമം. സിവിൽ മാര്യേജ് കരാർ പ്രകാരം സങ്കീർണ നടപടികളും സാക്ഷിവിസ്താരവും ഒഴിവാക്കി പരസ്പര സമ്മതത്തോടെ വിവാഹവും വിവാഹ മോചനവും നടത്താമെന്നതാണ് പ്രത്യേകത.

വിവാഹവുമായി ബന്ധപ്പെട്ട തർക്കങ്ങൾ, നഷ്ടപരിഹാരം, വിവാഹമോചനം, കുട്ടികളുടെ സംയുക്ത സംരക്ഷണം, സാമ്പത്തിക അവകാശങ്ങളിൽ തീരുമാനമെടുക്കൽ, വിൽപത്രം, പിൻതുടർച്ചാവകാശം തുടങ്ങിയവയും നിയമത്തിന്റെ പരിധിയിൽ വരും. യുഎഇ സന്ദർശനത്തിനിടെ വിവാഹവും വിവാഹ മോചനവും നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഫാമിലി കോർട്ടിൽ റജിസ്റ്റർ ചെയ്യാം. അമുസ്‌ലിംകളുടെ വ്യക്തിഗത, കുടുംബ കേസുകൾ പരിഗണിക്കുന്ന കോടതിയിൽ സിവിൽ മാര്യേജ് കരാർ പ്രകാരമായിരിക്കും പരസ്പര സമ്മതത്തോടെയുള്ള വിവാഹം.

ഇതിന് വധുവിന്റെ പിതാവിന്റെ അനുവാദം ആവശ്യമില്ല. അതുകൊണ്ടുതന്നെ അബുദാബി കോടതിയിൽ വിവാഹം റജിസ്റ്റർ ചെയ്യാനായി എത്തുന്ന വിദേശികളുടെ എണ്ണം വർധിച്ചുവരികയാണ്. കഴിഞ്ഞ വർഷം അയ്യായിരത്തിലേറെ വിവാഹങ്ങൾ നടന്നിരുന്നു. യുകെ, യുഎസ്, ന്യൂസിലൻഡ്, സ്പെയിൻ, ചൈന, സിംഗപ്പൂർ തുടങ്ങിയ രാജ്യക്കാരാണ് അബുദാബിയിലെത്തി വിവാഹിതരായവരിൽ ഏറെയും.

വിൽപത്രം

അമുസ്‌ലിം വിൽപത്രം റജിസ്റ്റർ ചെയ്യൽ, ഒരു പ്രവാസിക്ക് അവന്റെ/അവളുടെ എല്ലാ സ്വത്തുക്കളും അവൻ/അവൾ ആഗ്രഹിക്കുന്നവർക്ക് മരണശേഷം വീതിച്ചു നൽകുന്നതിനുള്ള അവകാശവും നൽകുന്നു. വിൽപത്രം എഴുതാതെ മരിച്ചാൽ സ്വത്തിന്റെ പകുതി ഇണയ്ക്കും ബാക്കി മക്കൾക്കും വീതിച്ചു നൽകണമെന്നാണ് നിയമം.

കുട്ടികളുടെ സംരക്ഷണം

കുട്ടികളുടെ സംരക്ഷണത്തിനു ഇരുവർക്കും തുല്യാവകാശമുണ്ട്. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിന് അവരുടെ സംരക്ഷണം തുല്യമായി പങ്കിടാം. കുട്ടിയെ നോക്കാനായി ജീവിത പങ്കാളികളിൽ ആരെങ്കിലും ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ സാമ്പത്തിക സഹായം നൽകാൻ പങ്കാളിക്കു ബാധ്യതയുണ്ട്.

വിവാഹിതരാകാൻ

അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റിന്റെ നോൺ-മുസ്‌ലിം ഫാമിലി കോർട്ട് വെബ്‌സൈറ്റിൽ വിവാഹം എന്ന ഓപ്ഷനിൽ ക്ലിക് ചെയ്ത് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷാ ഫോറം, പാസ്‌പോർട്ട് പകർപ്പ് എന്നിവ സഹിതം [email protected] എന്ന വിലാസത്തിലേക്ക് അയയ്ക്കണം. ഉടൻ അപേക്ഷകന് ലഭിക്കുന്ന എസ്എംഎസ് ലിങ്കിൽ പ്രവേശിച്ച് 800 ദിർഹം ഫീസ് അടച്ചാൽ വെർച്വലായോ നേരിട്ടോ പങ്കെടുക്കേണ്ട സമയം ഇമെയിലിൽ ലഭിക്കും. ഈ ദിവസം എത്തി രേഖകളിൽ ഒപ്പുവയ്ക്കുന്നതോടെ 15 മിനിറ്റിനകം വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കും.

ജീവനാംശം 

വിവാഹമോചനം നേടിയ ഭാര്യയ്ക്ക് ദാമ്പത്യകാല ദൈർഘ്യം, പ്രായം, സാമ്പത്തിക സ്ഥിതി എന്നിവയെല്ലാം പരിഗണിച്ച് ജീവനാംശത്തിനുള്ള അവകാശമുണ്ട്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All