പൊതുഗതാഗത മേഖലയിലെ ബസ് ഡ്രൈവർമാർ നാലര മണിക്കൂറിലധികം ജോലി ചെയ്യുന്നതിന് വിലക്ക്
റിയാദ് : പൊതുഗതാഗത മേഖലയിലെ ബസ് ഡ്രൈവർമാരെ നാലര മണിക്കൂറിലധികം തുടർച്ചയായി ജോലി ചെയ്യുന്നതിൽ നിന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി (പിടിഎ) വിലക്കി.
ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും റോഡപകടങ്ങൾ ഒഴിവാക്കുന്നതിനുമായി പിടിഎ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ ഒന്നാണിത്. ഗതാഗത സേവനങ്ങളുടെ നിലവാരം ഉയർത്താനും ഇത് ലക്ഷ്യമിടുന്നുണ്ട്.
ആഴ്ചയിൽ 56 മണിക്കൂറിൽ കൂടുതൽ ഡ്രൈവർ ബസ് ഓടിക്കാൻ പാടില്ല. തുടർച്ചയായി രണ്ടാഴ്ചയിൽ ഡ്രൈവർ 90 മണിക്കൂറിൽ കൂടുതലും ജോലി ചെയ്യാൻ പാടില്ല. ഡ്രൈവറുടെ പ്രതിദിന വിശ്രമ സമയം തുടർച്ചയായ 11 മണിക്കൂറിൽ കുറയാൻ പാടില്ല. തുടർച്ചയായി ആറു ദിവസം ജോലി ചെയ്ത ശേഷം ഡ്രൈവർക്ക് ലഭിക്കുന്ന പ്രതിവാര വിശ്രമ സമയം തുടർച്ചയായ 45 മണിക്കൂറിൽ കുറയരുത് തുടങ്ങിയവയാണ് നിർദേശങ്ങൾ.
റോഡുകളിലെ സുരക്ഷ പരിഗണിച്ച് പരമാവധി ഡ്യൂട്ടി സമയം ഡ്രൈവർക്ക് മറികടക്കാവുന്നതാണ്. ബസ് നിർത്താൻ സുരക്ഷിതവും അനുയോജ്യവുമായ സ്ഥലത്ത് എത്തുന്നതു വരെ പരമാവധി 30 മിനിറ്റോ 50 കിലോമീറ്ററോ ഏതാണ് ആദ്യം എത്തുന്നത് അതുവരെയാണ് ഡ്രൈവർക്ക് ഡ്യൂട്ടി സമയം മറികടക്കാൻ അനുവാദമുള്ളത്.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.