• Home
  • News
  • സംസ്‌ഥാന ഹജ്‌ കമ്മിറ്റി മുഖേന ഈ വർഷത്തെ ആദ്യ തീർഥാടക സംഘം മദീനയിൽ
saudi

സംസ്‌ഥാന ഹജ്‌ കമ്മിറ്റി മുഖേന ഈ വർഷത്തെ ആദ്യ തീർഥാടക സംഘം മദീനയിൽ

മദീന/കരിപ്പൂർ: സംസ്‌ഥാന ഹജ്‌ കമ്മിറ്റി മുഖേനയുള്ള ഈ വർഷത്തെ ആദ്യ തീർഥാടകസംഘത്തിനു മദീന പ്രിൻസ് മുഹമ്മദ് രാജ്യാന്തര വിമാനത്താവളത്തിൽ വരവേൽപ് നൽകി. ഇന്ത്യൻ ഹജ് മിഷനും കെഎംസിസി, വെൽഫയർ ഫോറം പ്രവർത്തകരും ചേർന്നു തീർഥാടകരെ റോസാപ്പൂക്കൾ നൽകി സ്വീകരിച്ചു. തുടർന്ന് ഈന്തപ്പഴവും ലഘുഭക്ഷണവും വിതരണം ചെയ്തു. കോഴിക്കോട് വിമാനത്താവളത്തിൽനിന്നു പുറപ്പെട്ട 300 പേരുടെ ആദ്യസംഘം വൈകിട്ടാണു മദീനയിൽ എത്തിയത്. 133 പുരുഷന്മാരും 167 സ്ത്രീകളുമായിരുന്നു സംഘത്തിൽ. രണ്ടാമത്തെ വിമാനത്തിൽ 140 പുരുഷൻമാരും 160 സ്‌ത്രീകളും ഉൾപ്പെടെ ഇന്നലെ ആകെ 600 തീർഥാടകർ യാത്രതിരിച്ചു. മന്ത്രി കെ.ടി.ജലീൽ വിമാനം ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ ഹജ്‌ ഹൗസിൽ നടന്ന യാത്രയയപ്പ് സംഗമത്തിൽ ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി ഉദ്‌ബോധനം നടത്തി. സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി പ്രാർഥനയ്ക്കു നേതൃത്വം നൽകി. ജില്ലാ പൊലീസ് മേധാവി യു.അബ്‌ദുൽ കരീം, ഹജ് സെൽ ഓഫിസർ എസ്.നജീബ് എന്നിവർ യാത്രാനിർദേശങ്ങൾ നൽകി. തീർഥാടകരെ വിമാനത്താവള അധികൃതരും സൗദി എയർലൈൻസ് പ്രതിനിധികളും സിഐഎസ്എഫും സ്വീകരിച്ചു. ഹജ് കമ്മിറ്റി സിഇഒ കൂടിയായ കലക്ടർ ജാഫർ മലിക് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും എംഎൽഎമാരും ചേർന്നു യാത്രയാക്കി. ഇന്ന് 3 വിമാനങ്ങളിലായി 900 പേർ യാത്ര തിരിക്കും.

13,472 തീർഥാടകരാണ് ഈ വർഷം സംസ്ഥാന ഹജ് കമ്മിറ്റിക്കു കീഴിൽ യാത്രപോകുന്നത്. ഹജ് കമ്മിറ്റിയുടെ ക്ഷണമനുസരിച്ച് ഫ്ലാഗ് ഓഫ് ചടങ്ങിനെത്തിയ മാധ്യമപ്രവർത്തകർക്ക് വിമാനത്താവള അധികൃതർ അവസാനനിമിഷം പ്രവേശനം നിഷേധിച്ചതിൽ പ്രതിഷേധമുയർന്നു. സംഭവത്തിൽ പിന്നീട് ഹജ് കമ്മിറ്റി ഖേദം പ്രകടിപ്പിച്ചു. സർക്കാർ വൊളന്റിയർമാരായ സൈതലവി നെല്ലികോട്ട് പറമ്പത്ത്, മുജീബ്റഹ്മാൻ പുഞ്ചിരി എന്നിവർ തീർഥാടകരെ അനുഗമിച്ചിരുന്നു. പിന്നീട് ഹജ് മിഷൻ ഏർപെടുത്തിയ പ്രത്യേക ബസുകളിൽ താമസ സ്ഥലത്തെത്തിച്ചു. സൗദി കെഎംസിസി നാഷനൽ ഹജ് സെൽ നേതാക്കളായ അഹമ്മദ് പാളയാട്ട്, പിഎം അബ്ദുൽഹഖ്, മുജീബ് പൂക്കോട്ടൂർ, കുഞ്ഞിമോൻ കാക്കിയ, ഗഫൂർ പട്ടാമ്പി എന്നിവരും മദീന ഹജ് സെൽ ഭാരവാഹികളായ സെയ്ദ് മുന്നിയൂർ, ഷരീഫ് കാസർക്കോട്, ഹംസ പെരുമ്പലം, ഫൈസൽ വെളിമുക്ക്, നാസർ തടത്തിൽ, അഷ്റഫ് അഴിഞ്ഞിലം, കബീർ വല്ലപ്പുഴ, മഹ്ബൂബ് കീഴ്പറമ്പ്, ഷാജഹാൻ ചാലിയം, അഹമ്മദ് മുനമ്പം, മുസ്തഫ പെരിമ്പലം, സെമീഹാ മഹ്ബൂബ്, സെക്കീന ഷാജഹാൻ, റനീസ അഹമ്മദ്, സുലൈഖ മജീദ് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.

Entertainment

Business