• Home
  • News
  • ഭീകരതയ്ക്കെതിരായ പോരാട്ടം ശക്തമാക്കാൻ ഇന്ത്യ-യുഎഇ
uae india

ഭീകരതയ്ക്കെതിരായ പോരാട്ടം ശക്തമാക്കാൻ ഇന്ത്യ-യുഎഇ

ദുബായ്: ഭീകരതയ്ക്കെതിരായ പോരാട്ടം ശക്തമാക്കാൻ ഇന്ത്യ-യുഎഇ ധാരണയിലെത്തി. പ്രതിരോധ, സുരക്ഷാ മേഖലകളിൽ സഹകരണം ശക്തമാക്കുകയും നിക്ഷേപം വർധിപ്പിക്കുകയും ചെയ്യും. സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി ഡോ.എസ്.ജയ്ശങ്കർ എന്നിവരുമായി യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ.അഹമ്മദ് അബ്ദുൽ റഹ്മാൻ അൽ ബന്നയും പങ്കെടുത്തു. ത്രിദിന സന്ദർശനത്തിനു ഞായറാഴ്ച ഇന്ത്യയിലെത്തിയ ഷെയ്ഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം വ്യവസായികൾ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവരുമായും ചർച്ചകൾ നടത്തി.

ഊർജരംഗത്തെ തന്ത്രപ്രധാന സഹകരണവും വ്യാപിപ്പിക്കും. ഇന്ത്യയിലെ എണ്ണ, പെട്രോകെമിക്കൽ മേഖലയിൽ നിക്ഷേപം വർധിപ്പിക്കുമെന്ന് യുഎഇ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. പാരമ്പര്യേതര ഊർജരംഗത്തും പദ്ധതികൾ ആവിഷ്കരിച്ചുവരികയാണ്. അബുദാബി തീരത്ത് എണ്ണ ഖനനത്തിന് ഇന്ത്യയ്ക്ക് 100% ഓഹരി പങ്കാളിത്തമുള്ള സുപ്രധാന കരാറിൽ ഇന്ത്യൻ ഓയിൽ കോർപറേഷനും ഭാരത് പെട്രോളിയവും ഉൾപ്പെട്ട കൺസോർഷ്യവും അബുദാബി ദേശീയ എണ്ണക്കമ്പനിയായ അഡ്നോകും തമ്മിൽ മാർച്ചിൽ ഒപ്പുവച്ചിരുന്നു. ഷെയ്ഖ് അബ്ദുല്ലയുടെ സന്ദർശനത്തോടെ ഈ രംഗത്തു കൂടുതൽ പദ്ധതികൾക്ക് വഴിയൊരുങ്ങുമെന്നു പ്രതീക്ഷിക്കുന്നു. മേഖലയിലെ രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളും ചർച്ചാ വിഷയമായി. യുഎഇ ഭരണാധികാരികളുടെ ആശംസകൾ നരേന്ദ്രമോദിക്ക് ഷെയ്ഖ് അബ്ദുല്ല കൈമാറി.

ഭീകര ശൃംഖലകൾ, ഭീകരർക്കും തീവ്രവാദികൾക്കും സഹായം നൽകുന്ന സംഘടനകൾ, സാമ്പത്തിക സ്രോതസ്സുകൾ എന്നിവയ്ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ഇരുരാജ്യങ്ങളുടെയും നിലപാട്. ഇന്ത്യ-യുഎഇ പ്രതിരോധ സഹകരണത്തിന്റെയും സമഗ്ര നയതന്ത്ര പങ്കാളിത്തത്തിന്റെയും ഭാഗമായി ഇന്ത്യൻ നാവികസേനയുടെ പടക്കപ്പലുകളായ വിക്രം, ഐഎൻഎസ് ഗോമതി, ഐഎൻഎസ് കൊൽക്കത്ത എന്നിവ കഴിഞ്ഞവർഷം യുഎഇയിൽ എത്തിയിരുന്നു. സംയുക്ത പരിശീലനം, വ്യായാമങ്ങൾ, പങ്കാളിത്തം, പ്രതിരോധ പ്രദർശനങ്ങൾ എന്നിവ സഹകരണത്തിന്റെ ഭാഗമാണ്