• Home
  • News
  • യുവാവിനെ കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തി; പോലീസിന്റെ അനാസ്ഥയെന്ന് ബന്ധുക്കളും
kerala police

യുവാവിനെ കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തി; പോലീസിന്റെ അനാസ്ഥയെന്ന് ബന്ധുക്കളും നാട്ടുകാരും

കൊച്ചി: നെട്ടൂരില്‍ യുവാവിനെ കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തി അന്വേഷണത്തിൽ പോലീസിന്റെ അനാസ്ഥയെന്ന് ബന്ധുക്കളും നാട്ടുകാരും. കസ്റ്റഡി മരണത്തിലടക്കം പൊലിസിന്റെ മുഖം വീണ്ടും വികൃതമാക്കുകയാണ് ഈ കേസിലും പൊലിസ് നടപടിയെന്നാണ് ഉയരുന്ന ആരോപണം. കുമ്പളം മാന്നനാട്ട് വീട്ടില്‍ എം.എസ്.വിദ്യന്റെ മകന്‍ അര്‍ജുനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അര്‍ജുന്റെ സുഹൃത്തുക്കളായ നാലുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. പൊലിസിനെതിരേ നേരത്തെ തന്നെ കൊല്ലപ്പെട്ട അര്‍ജുന്റെ പിതാവ് രംഗത്തെത്തിയിരുന്നു. പൊലിസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് അര്‍ജുന്റെ മാതാവ് സിന്ധുവും മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. എന്നിട്ടും ഒന്നന്വേഷിക്കാന്‍ പോലും പൊലിസുകാര്‍ തയാറായില്ല. ഈ അവസ്ഥയില്‍ അന്വേഷണം മറ്റ് ഏതെങ്കിലും ഏജന്‍സിയെ ഏല്‍പിക്കണമെന്നും സിന്ധു ആവശ്യപ്പെട്ടു. കൊലപാതകവുമായി ബന്ധപ്പെട്ട്കുമ്പളം മാളിയേക്കല്‍ നിപിന്‍ പീറ്റര്‍(20), നെട്ടൂര്‍ എസ്.എന്‍ ജങ്ഷനില്‍ കുന്നലക്കാട്ട് റോണി(22), നെട്ടൂര്‍ കളപ്പുരക്കല്‍ അനന്തു (21), കുമ്പളം തട്ടാശ്ശേരി അജിത് (22) എന്നിവരെയാണ് പനങ്ങാട് പൊലിസ് അറസ്റ്റ് ചെയ്തത്.

നെട്ടൂര്‍ റെയില്‍വെ സ്റ്റേഷനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികളെ പിടികൂടിയത് കൊല്ലപ്പെട്ട അര്‍ജുന്റെ സുഹൃത്തുക്കളാണ്. പൊലിസിന്റെ മിടുക്കുകൊണ്ടല്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. കഴിഞ്ഞ വര്‍ഷം പ്രതികളിലൊരാളായ നിപിന്റെ സഹോദരനൊപ്പം അര്‍ജുന്‍ ബൈക്കില്‍ യാത്ര ചെയ്തിരുന്നു. കളമശേരിയില്‍ അപകടത്തില്‍ ബൈക്കോടിച്ചിരുന്നയാള്‍ മരിച്ചു. അര്‍ജുനും സാരമായി പരുക്കേറ്റു. അര്‍ജുന്‍ തന്റെ സഹോദരനെ കൊണ്ടുപോയി കൊന്നുകളഞ്ഞതായി നിപിന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അര്‍ജുനോടുണ്ടായ നിപിന്റെ അടങ്ങാത്ത പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതികള്‍ പൊലിസിനോടു പറഞ്ഞു. അര്‍ജുന്റെ തിരോധാനത്തില്‍ സുഹൃത്തുക്കളായ നിപിന്‍, റോണി എന്നിവരെക്കുറിച്ച് സംശയം പ്രകടിപ്പിച്ച് പൊലിസില്‍ പരാതി നല്‍കിയെങ്കിലും അത് അവഗണിക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട അര്‍ജുന്റെ പിതാവ് വിദ്യന്‍ പറഞ്ഞു. പിടിയിലായവരില്‍ ഒരാള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ്. ഇയാളാണ് മര്‍ദനത്തിനു നേതൃത്വം നല്‍കിയത്. പട്ടിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. മറ്റൊരാള്‍ കല്ലുകൊണ്ടും തലയ്ക്കടിച്ചു. അര്‍ജുനെ കാണാതായ ജൂലൈ രണ്ടിനു രാത്രി 10ന് വീട്ടില്‍ നിന്നിറക്കി രണ്ടര മണിക്കൂറിനുള്ളില്‍ കൃത്യം ചെയ്തതായാണു മൊഴി.

നെട്ടൂര്‍ റെയില്‍വേ സ്റ്റേഷന്റെ സമീപമുള്ള ചതുപ്പിലാണ് അര്‍ജുന്റെ മൃതദേഹം ഇവര്‍ കുഴിച്ചിട്ടത്. സംഭവദിവസം പെട്രോള്‍ തീര്‍ന്നുവെന്ന കാരണം പറഞ്ഞ് വിളിച്ചുവരുത്തി അര്‍ജുനെ ഇവര്‍ ക്രൂരമായി മര്‍ദിച്ച ശേഷം ചതുപ്പില്‍ കെട്ടിത്താഴ്ത്തുകയായിരുന്നുവെത്രെ. കൊലയ്ക്കു ശേഷം പ്രതികള്‍ അര്‍ജുന്റെ മൊബൈല്‍ ഫോണ്‍ ലോറിയില്‍ കയറ്റിവിട്ട് അന്വേഷണം വഴിതെറ്റിച്ചു. ഈ ഫോണിന്റെ സിഗ്നലുകള്‍ പിന്തുടര്‍ന്ന പൊലിസ് അര്‍ജുന്‍ ജീവിച്ചിരിക്കുന്നതായി തെറ്റിദ്ധരിച്ചതാണ് അന്വേഷണം വൈകാന്‍ കാരണമായതെത്രെ. ബുധനാഴ്ച ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തതിനുശേഷമാണ് പൊലിസ് അന്വേഷണം ആരംഭിച്ചത്. സംശയം തോന്നിയവരെ ചോദ്യം ചെയ്യാന്‍പോലും പൊലിസ് തയാറായില്ല. സ്വന്തം നിലയ്ക്ക് കേസ് അന്വേഷിക്കാനും പറഞ്ഞു. ഒടുവില്‍ അര്‍ജുന്റെ സുഹൃത്തുക്കളാണ് ഇവരെ സ്റ്റേഷനിലെത്തിച്ചത്. തുടര്‍ന്ന് പൊലിസ് ചോദ്യം ചെയ്യാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.