• Home
  • News
  • ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനെത്തുന്ന മലയാളികളുടെ അവസാന സംഘം ഇന്ന് മദീനയിലെ
saudi

ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനെത്തുന്ന മലയാളികളുടെ അവസാന സംഘം ഇന്ന് മദീനയിലെത്തും

ജിദ്ദ : സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനെത്തുന്ന മലയാളികളുടെ അവസാന സംഘം ഇന്ന് മദീനയിലെത്തും. ഇരുപത്തിയെട്ടാം തിയതിയാണ് മദീന സന്ദര്‍ശനം കഴിഞ്ഞ് മക്കയിലേക്ക് തിരിക്കുക. ഹാജിമാരുടെ ഒഴുക്ക് വര്‍ധിച്ചതോടെ സജീവമാണ് മക്കാ മദീനാ നഗരികള്‍. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് മലയാളി ഹാജിമാരുടെ അവസാന സംഘം മദീനയിലെത്തുക. ഇരുപത്തി ഒന്നാം തീയതി മുംബൈയില്‍ നിന്ന് 300 ഹാജിമാരുമായി വരുന്ന വിമാനത്തോടെ ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഇന്ത്യന്‍ ഹാജിമാരുടെ വരവ് പൂര്‍ണമാകും. എഴുപതിനായിരത്തോളം ഇന്ത്യന്‍ ഹാജിമാരാണ് ഹജ്ജിനു മുമ്പ് മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കുക. എട്ടു ദിന മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കുന്ന തീര്‍ഥാടകരെല്ലാം മക്കയിലെത്തി ഉംറ നിര്‍വഹിക്കുന്നുണ്ട്. പ്രായമേറിയവരാണ് ഹാജിമാരില്‍ ഭൂരിഭാഗവും. സഹായത്തിന് ഹജ്ജ് മിഷനൊപ്പം വളണ്ടിയര്‍മാരും സജ്ജമാണ്. മദീനയില്‍ നിന്നുള്ള അവസാന ഇന്ത്യന്‍ സംഘം മുപ്പതിന് മുമ്പായി മക്കയിലെത്തും. കൂടാതെ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ മക്കയില്‍ എത്തിയ മലയാളി ഹാജിമാര്‍ ഉംറ നിര്‍വഹിച്ച് ചരിത്ര സന്ദര്‍ശനത്തിന് പുറപ്പെട്ടു. പ്രവാചകന്മാരുമായി ബന്ധപ്പെട്ട ചരിത്ര കേന്ദ്രങ്ങളിലാണ് സന്ദര്‍ശനം. പുണ്യ ഭൂമിയിൽ എത്തി ഹജ്ജിന് മുന്നോടിയായി ആദ്യ ഉംറ കര്‍മം നിർവഹിച്ച സന്തോഷത്തിലാണ് മലയാളി ഹാജിമാർ. ഹജ്ജ് മിഷൻ ഒരുക്കിയ പ്രത്യേക ബസ്സുകളിലാണ് ഹറമിൽ എത്തിയത്. ആദ്യമായി കഅ്ബക്കരികിലെത്തി ഉംറ നിര്‍വഹിച്ച നിര്‍വൃതിയിലാണ് ഹാജിമാര്‍. വഴി തെറ്റുന്നവര്‍ക്ക് ഹജ്ജ് മിഷനും വളണ്ടിയര്‍മാരും സഹായത്തിനുണ്ട്. ചരിത്ര കേന്ദ്രങ്ങളിലുള്ള സന്ദര്‍ശനത്തിലാണിപ്പോള്‍ ഹാജിമാര്‍. ഇതിനിടെ, മദീനയില്‍ നിന്നും ഹാജിമാരുടെ വരവ് തുടരുകയാണ്.

Entertainment

Business