• Home
  • News
  • കേരളത്തിലെ പട്ടികജാതി യുവാക്കൾക്ക് ഗൾഫിൽ ജോലി ഉറപ്പാക്കാൻ ശക്തമായ നടപടികൾ
uae kerala

കേരളത്തിലെ പട്ടികജാതി യുവാക്കൾക്ക് ഗൾഫിൽ ജോലി ഉറപ്പാക്കാൻ ശക്തമായ നടപടികൾ

ദുബായ്: പട്ടികജാതി–പട്ടികവർഗ യുവാക്കൾക്ക് ഗൾഫിൽ ജോലി ഉറപ്പാക്കാൻ കൂടുതല്‍ ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നതായി പിന്നാക്ക ക്ഷേമ മന്ത്രി എ.കെ.ബാലൻ. 1300 പട്ടിക ജാതി–വര്‍ഗ യുവാക്കളുടെ ഗൾഫിലൊരു ജോലി എന്ന സ്വപ്നം ഉടൻ പൂവണിയിക്കാനാണ് ശ്രമമെന്നും അദ്ദേഹം ദുബായിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സർക്കാർ നടപ്പിലാക്കിവരുന്ന നൈപുണ്യ വികസന പരിശീലനത്തിന്റെ ഭാഗമായി പരിശീലനം പൂർത്തിയാക്കിയ ഉദ്യോഗാർഥികള്‍ക്ക് വേണ്ടി തൊഴിലിടം കണ്ടെത്താനാണ് യുഎഇയിൽ എത്തിയിരിക്കുന്നത്. തൊഴിൽ നൽകാൻ സന്ന്ദ്ധരായവരുടെ യോഗങ്ങൾ കഴിഞ്ഞ ദിവസം ദുബായിലും അബുദാബിയിലും നടത്തിയിരുന്നു. അഡ്നോക്, സാബ് ടെക്, അൽ സൈദ, എസ് ടിഎസ്, ഇറാം മാൻപവർ സർവീസസ് പ്രതിനിധികൾ അടക്കം 70 സംരംഭകർ യോഗങ്ങളിൽ പങ്കെടുത്തു. ഇന്നത്തെ സാഹചര്യത്തിൽ ഏതെല്ലാം മേഖലയിൽ ജോലി നൽകാൻ സാധിക്കും എന്നും അതിന് എന്തെല്ലാം നൈപുണ്യമാണ് വേണ്ടതെന്നു ചർച്ച ചെയ്തതായും മന്ത്രി പറഞ്ഞു. പട്ടിക ജാതി–വർഗക്കാരെ വിദേശത്ത് ജോലിക്കായി എത്തിക്കുന്നതിനുള്ള ചെലവുകൾ സർക്കാർ വഹിക്കും. ഇതിനിടെ 2357 പേർ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. ഇവരിൽ 234 പേർ വിദേശത്ത് ജോലി ലഭിച്ചു യാത്രയ്ക്കുള്ള ഒരുക്കത്തിലാണ്. 2240 പേർ സ്വയം തൊഴിൽ കണ്ടെത്തി വിദേശ രാജ്യങ്ങളിൽ നല്ല നിലയിൽ കഴിയുന്നു. ഓയിൽ ആൻഡ് റിഗ്ഗ് മേഖലയില്‍ 182 പേർക്ക് തൊഴിൽ ലഭിച്ചു. ഏറ്റവും കൂടുതൽ പേർ ജോലി നേടിയതും ഈ മേഖലയിലാണ്. ഹോസ്പിറ്റാലിറ്റി മേഖലയിൽ 37 പേർക്കും ജോലി ലഭിച്ചു. 1300 പേർക്ക് തൊഴിൽ ഉടനെ ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ പൈപ്പ് ഫാബ്രിക്കേറ്റർ, ഫിറ്റർ, ഇൻഡസ്ട്രിയൽ ഇലക്ട്രിഷ്യൻ, വെൽഡർമാർ, സ്റ്റോർ കീപ്പർമാർ, സഹായികൾ, ക്വാണ്ടിറ്റി സർവേയർ, എൻഡിറ്റി ടെക്നിഷ്യൻ, സുരക്ഷാ ഉദ്യോഗസ്ഥർ. ഈ മേഖലകളിൽ അവസരങ്ങള്‍ യഥേഷ്ടമുണ്ടെന്ന് അഡ്നോക് പ്രതിനിധി അറിയിച്ചു. ക്വാണ്ടിറ്റി സർവേയർക്ക് വേണ്ട പരിശീലനം ഇന്ത്യയിൽ ലഭ്യമല്ലാത്തതിനാൽ അതാരംഭിക്കുമെന്നും ഇതുവഴി ഒട്ടേറെ പേർക്ക് മികച്ച ജോലി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ സംരക്ഷണ രംഗത്ത് ജോലി ലഭ്യമാക്കാൻ എംഒഎച്, ഡിഎച്എ, എച് എഎഡി ലൈസൻസുകൾക്കുള്ള പരിശീലനവും ഇന്ത്യയിൽ ‌കാര്യക്ഷമമാക്കേണ്ടതുണ്ട്. അബുദാബിയിൽ എത്തിഹാദ് റെയിലിന്റെ ജോലികൾ ആരംഭിക്കുന്നതോടെ നിർമാണ മേഖലയിലും ഒട്ടേറെ മികച്ച തൊഴിലവസരങ്ങളാണ് യാഥാർഥ്യമാകുക. സുരക്ഷാ ജീവനക്കാർ, കെയർ ഗിവേഴ്സ്, ബാങ്കിങ്, ഇൻഷുറൻസ്, ഐടി, ഫിനാൻസ് മാനേജ്മെന്റ്, നിർമാണം, ടൈലറിങ്, ക്രെയിൻ–ഹെവി എക്വിപ്മെന്റ് ഓപറേറ്റർമാർ, അലുമിനിയം ഫാബ്രിക്കേഷൻ മേഖലകളിലും യോഗ്യരായവർക്ക് ഒഴിവുകളുണ്ടെന്ന് തൊഴിൽദാതാക്കൾ അറിയിച്ചു. വിദേശത്ത് ജോലിക്ക് വേണ്ട വൈദഗ്ധ്യവും പരിശീലനവും ആശയവിനിമയ വൈദഗ്ധ്യവും സുരക്ഷാ ബോധവത്കരണവും നാട്ടിൽ നടത്താനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. പാലക്കാട് ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രവാസി സെന്ററിന്റെ 15 പ്രതിനിധികൾ ഇന്നലെ മന്ത്രിയെ കണ്ടു. 500 പേർക്ക് വിദേശത്ത് തൊഴിൽ നൽകാമെന്ന് അറിയിച്ചു. ഇതിൽ 250 പേർക്ക് ഉടൻ ജോലി ലഭിക്കും. പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ ഉന്നമനത്തിനുള്ള ഈ പദ്ധതി ലോകത്ത് തന്നെ ഇതാദ്യമാണെന്ന് മന്ത്രി ബാലൻ വ്യക്തമാക്കി. ദുബായിലെ മലയാളി വിഷന്റെ വിവിധ ശാഖകളിലെ പ്രവർത്തകരുമായും മന്ത്രി ചർച്ച നടത്തി. പട്ടിക ജാതി–വർഗ വികസന വകുപ്പ് ഡയറക്ടർ അലി അസ്മർ പാഷയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Entertainment