• Home
  • News
  • വിശുദ്ധ ഹജ്ജ് കർമം നിർവഹിക്കാനായി പുണ്യഭൂമിയിലെത്തിയത് 11.68 ലക്ഷം തീർഥാടകർ
saudi arabia

വിശുദ്ധ ഹജ്ജ് കർമം നിർവഹിക്കാനായി പുണ്യഭൂമിയിലെത്തിയത് 11.68 ലക്ഷം തീർഥാടകർ

ജിദ്ദ: സൗദി അറേബിയയിൽ വിശുദ്ധ ഹജ്ജ് കർമം നിർവഹിക്കാനായി ജൂലായ് 30 വരെയായി 11.68 ലക്ഷം പേർ എത്തി. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് വിഭാഗം നൽകിയ റിപ്പോർട്ട് പ്രകാരം ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമത്തിനായി ഇതുവരെ 11,68,203 വിദേശ തീർഥാടകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയിട്ടുണ്ടെന്ന് സൗദി അറേബ്യയുടെ ഔദ്യോഗീക വാർത്താ ഏജൻസി അറിയിച്ചു. വിമാനം വഴി 10,95,584 തീർഥാടകർ എത്തിയപ്പോൾ റോഡ് മാർഗം 60,886 പേരും കപ്പൽ മാർഗം 11,733 പേരും സൗദിയിലെത്തിയിട്ടുണ്ട്. കഴിഞ്ഞവർഷം ഇതേ സീസണിൽ എത്തിയവരെക്കാൾ 1,10,327 അതായത് 10 ശതമാനം തീർഥാടകർ കൂടുതലാണിത്. പുണ്യഭൂമിയിലെത്തിയ ഹജ്ജ് തീർഥാടകരിൽ 1,32,126 തീർഥാടകരാണ് മക്ക റൂട്ട് ഇനീഷ്യേറ്റിവ് പദ്ധതി വഴി സൗദിയിലെത്തിയിട്ടുള്ളത്. ദുൽഖഅദ് ഒന്നുമുതൽ 25 വരെ 329 വിമാനങ്ങളിലാണ് മക്ക റൂട്ട് പദ്ധതി വഴിയുള്ള തീർഥാടകർ സൗദിയിലെത്തിയത്. ഇവരിൽ 81,583 പേർ ജിദ്ദ വിമാനത്താവളം വഴിയും 50,354 പേർ മദീന വിമാനത്താവളം വഴിയുമാണ് എത്തിയത്. ഹജ്ജ് തീർഥാടകരുടെ യാത്രാ നടപടിക്രമങ്ങൾ അവർ പുറപ്പെടുന്ന വിമാനത്താവളത്തിൽ നിന്നു തന്നെ പൂർത്തീകരിക്കുന്ന പദ്ധതിയാണ് മക്ക റൂട്ട് ഇനീഷ്യേറ്റിവ് പദ്ധതി. ഈ പദ്ധതി വഴി ഹാജിമാർക്ക് മറ്റ് നടപടിക്രമങ്ങൾ കൂടാതെ ജിദ്ദ, മദീന വിമാനത്താവളത്തിൽനിന്നും എളുപ്പത്തിൽ പൂറത്തിറങ്ങാനാകും. കഴിഞ്ഞ ദിവസം വരെ മദീനയിൽ എത്തിയത് 6,63,162 തീർഥാടകരാണ്. മറ്റുള്ള തീർഥാടകരെല്ലാം മക്കയിലാണുള്ളത്.

Entertainment

Business