• Home
  • News
  • ഗതാഗതം സുഗമമാക്കാൻ ദോഹയിലെ ഈ പുതിയ പാത, പക്ഷെ
qatar road

ഗതാഗതം സുഗമമാക്കാൻ ദോഹയിലെ ഈ പുതിയ പാത, പക്ഷെ

ദോഹ∙ മുറൈഖ് മേഖലയിലെ ഗതാഗതം എളുപ്പവും സുഗമവും ആക്കാൻ ഉം അൽ ജമാജിം സ്ട്രീറ്റ് പൊതുമരാമത്ത് വകുപ്പ് (അഷ്ഗാൽ) തുറന്നു. അക്കാദമിക് വർഷത്തിന്റെ തുടക്കം, ലോക അത്‌ലറ്റിക് ചാംപ്യൻഷിപ് എന്നിവ മുന്നിൽ കണ്ടാണ് 1500 മീറ്റർ സ്ട്രീറ്റ് തുറന്നത്. ഇതോടെ അൽ ഖുഫൂസ് സ്ട്രീറ്റിലൂടെ ഫുറൗസിയ, അൽ വാബ് സ്ട്രീറ്റുകൾക്കിടയിൽ നേരിട്ടുള്ള ഗതാഗതം സുഗമമാകും. ഇരു വശങ്ങളിലേക്കും രണ്ടുവരി പാതകളുള്ള പുതിയ സ്ട്രീറ്റിൽ മണിക്കൂറിൽ 8,000 വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. സർവീസ് റോഡുകൾ കൂടാതെ കാൽനടയാത്രക്കാർക്കും സൈക്കിൾ സവാരിക്കാർക്കുമുള്ള പാതകളും ഉടൻ പൂർത്തിയാകും. യാത്രാ സമയത്തിൽ 60 % വരെ കുറവ് വരുത്താൻ പുതിയ സ്ട്രീറ്റിന് സാധിക്കും.

മുറൈഖ്, അൽ ബായ, ലുഐബ്, മുഹെർജ എന്നിവിടങ്ങളിലെയും അൽ ഫുറൈസിയ- അൽ വാബ് സ്ട്രീറ്റുകൾക്കിടയിലുമുള്ള താമസക്കാർക്ക് സ്ട്രീറ്റ് ഏറെ ഗുണം ചെയ്യും. ഒട്ടേറെ സ്‌കൂളുകളും കിന്റർഗാർട്ടനുകളുമുള്ളതിനാൽ പുതിയ അധ്യയനവർഷത്തിൽ ഇവിടത്തെ ഗതാഗതം കൂടുതൽ സൗകര്യപ്രദമാകുമെന്ന് ഹൈവേ പ്രോജക്ട് വകുപ്പ് മാനേജർ എൻജിനീയർ ബദർ ദാർവിഷ് പറഞ്ഞു. ഖലീഫ രാജ്യാന്തര സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന മേഖലയിലായതിനാൽ സ്ട്രീറ്റിന് പ്രാധാന്യവുമുണ്ട്. വില്ലാജിയോ മാൾ, ആസ്പയർ സോൺ, ഇക്വസ്ട്രിയൻ ക്ലബ് എന്നിവിടങ്ങളിലേക്ക് വേഗമെത്താം. ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിന്റെ വേദി കൂടിയായ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലേക്കുള്ള യാത്രയും സുഗമമാക്കും.

പക്ഷെ

ഉം അൽ ജമാജിം സ്ട്രീറ്റിന് ചുറ്റുമുള്ള നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അൽ ബായ സ്ട്രീറ്റ് ഞായറാഴ്ച മുതൽ 45 ദിവസത്തേക്ക് അടക്കും. പകരം വാഹനങ്ങൾക്ക് അൽ ഖരാര സ്ട്രീറ്റ് ഉപയോഗിക്കാം.

Entertainment

Business