• Home
  • News
  • ദുബായ് - ഷാർജ ഫെറി ജനപ്രിയം
dubai sharjah ferry

ദുബായ് - ഷാർജ ഫെറി ജനപ്രിയം

ദുബായ്:ദുബായ്–ഷാർജ ഫെറി സർവീസ് ജനപ്രീതി നേടുന്നു. ഉദ്ഘാടനം ചെയ്ത് രണ്ടു മാസത്തിനുള്ളിൽ യാത്രയും ഹിറ്റ്. ജൂലൈ 27ന് ആരംഭിച്ച ഈ കടത്തുബോട്ടിൽ ആകെ 47,843 പേർ യാത്ര ചെയ്തതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ദുബായ് അ്ൽ ഗുബൈബ മറൈൻ സ്റ്റേഷൻ മുതൽ ഷാർജ അക്വേറിയം മറൈൻ സ്റ്റേഷൻ വരെയാണ് ഫെറി സർവീസ്. ദുബായിൽ നിന്ന് മറ്റൊരു എമിറേറ്റിലേയ്ക്കുള്ള ആദ്യത്തെ ഫെറി സർവീസാണിത്. രണ്ടു എമിറേറ്റുകൾക്കിടയിൽ പൊതുജനങ്ങൾ സുരക്ഷിത യാത്ര ആസ്വദിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ആർടിഎ പബ്ലിക് ട്രാൻസ്പോർട് ഏജന്‍സിയിലെ മറൈൻ ട്രാൻസ്പോർട് ഡയറക്ടർ മുഹമ്മദ് അബുബക്കർ അൽ ഹാഷിമി പറഞ്ഞു.

dubai sharjah ferry

35 മിനിറ്റ്; പ്രതിദിനം 42 സർവീസുകൾ

ഫെറി ഓരോ അര മണിക്കൂറും ഇടവിട്ട് പ്രതിദിനം 42 സർവീസുകളാണുള്ളത് (ഒാരോ ഭാഗത്തേയ്ക്കും 21 വീതം സർവീസുകൾ). 35 മിനിറ്റ് ദൈർഘ്യമുള്ള യാത്രയ്ക്ക് 15 (സിൽവർ ക്ലാസ്), 25(ഗോൾഡ് ക്ലാസ്) ദിർഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഷാർജയിൽ താമസിച്ച് ദുബായിൽ ജോലി ചെയ്യുന്ന സാധാരണക്കാർക്ക് ട്രാഫിക് തടസ്സങ്ങളിൽപ്പെടാതെ യാത്ര ചെയ്യാൻ ഫെറി സർവീസ് ഏറെ ഗുണകരമാകുന്നു. പ്രതിവർഷം 13 ലക്ഷം പേർക്ക് ഇൗ ഫെറി സർവീസിലൂടെ യാത്ര ചെയ്യാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. യാത്രക്കാരുടെ എണ്ണം വർധിക്കുകയാണെങ്കിൽ സർവീസും അധികമാക്കും. ആർടിഎയുടെ മേൽനോട്ടത്തിൽ നിലവിൽ അൽ ഗുബൈബ, മറീന മാൾ, ജദ്ദാഫ്, വാട്ടർ കനാൽ, ഷെയ്ഖ് സായിദ് റോഡ്, വാട്ടർ ഫ്രണ്ട്, മറാസി, ദുബായ് ഡിസൈൻ ഡിസ്ട്രിക്ട് സ്റ്റേഷനുകളിൽ നിന്ന് 9 ഫെറികൾ സർവീസ് നടത്തുന്നുണ്ട്.

സമയദൈർഘ്യം 35 മിനിറ്റ്

രാവിലെ അഞ്ചു മണിക്ക് ഷാർജയിൽ നിന്ന് ആണ് ആദ്യത്തെ സർവീസ്. ദുബായിൽ നിന്ന് രാവിലെ 5.15 മുതലും. 35 മിനിറ്റാണ് യാത്രാ സമയം. ദുബായിൽ നിന്നുള്ള ആദ്യ കടത്തു ബോട്ട് രാവിലെ 5.15ന് പുറപ്പെടുന്നു. അവസാനത്തെ സര്‍വീസ് രാത്രി എട്ടിനും. ഷാർജയിൽ നിന്നുള്ള ‌ആദ്യ സർവീസ് രാവിലെ 5നും അവസാന സർവീസ് രാത്രി 7.30നും പുറപ്പെടുന്നു. പ്രത്യേക പരിഗണന വേണ്ടവർക്കും അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കും സൗജന്യയാത്ര അനുവദിക്കുന്നു.

സുരക്ഷാ ക്രമീകരണങ്ങൾ

ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളാണ് ഫെറികളിൽ ഏർപ്പെടുത്തിയിട്ടുള്ളത്. പരിചയ സമ്പന്നരായ ജീവനക്കാർ, രക്ഷാ പ്രവർത്തകർ, അഗ്നിപ്രതിരോധ ഉപകരണങ്ങൾ, ജല മലിനീകരണ നിർമാർജനം എന്നിവ ശ്രദ്ധേയമായിരിക്കും. കൂടാതെ, 125 യാത്രക്കാരെ ഉൾക്കൊള്ളുന്ന അഞ്ചു രക്ഷാ ചങ്ങാടങ്ങൾ, 110 ലൈഫ് ജാക്കറ്റുകൾ, രാജ്യാന്തര നിലവാരമുള്ള മറൈൻ റഡാർ, കടലാഴം അളക്കാനുള്ള ഉപകരണം, ഇലക്ട്രോണിക് മാപ്പുകൾ, നിരീക്ഷണ ഉപകരണങ്ങൾ തുടങ്ങിയവയുമുണ്ടായിരിക്കും.

Entertainment

Business