• Home
  • News
  • കേരളത്തിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു: രോഗം എവിടെ നിന്നെന്ന് അറിയില്ല
kerala-reports-2nd-covid-death

കേരളത്തിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു: രോഗം എവിടെ നിന്നെന്ന് അറിയില്ല

തിരുവനന്തപുരം∙ കേരളത്തിലെ രണ്ടാമത്തെ കോവിഡ് മരണത്തിൽ ആശങ്ക ഒഴിയുന്നില്ല. രോഗബാധിതനായിരുന്ന അബ്ദുല്‍ അസീസിന്(68) രോഗം എവിടെ നിന്നു കിട്ടിയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. അബ്ദുല്‍ അസീസിന്റെ മകൾ കെഎസ്ആർടിസി കണ്ടക്ടറാണ്. വികാസ് ഭവൻ ഡിപ്പോയിൽ ജോലി ചെയ്യുന്ന ഇവർ രണ്ടു മക്കൾക്കൊപ്പം അബ്ദുൽ അസീസിന്റെ കൂടെയാണ് താമസം. മാർച്ച് 17 നും 19 നും ഇവർ ജോലിക്കു പോയിരുന്നു.

അബ്ദുൽ അസീസ് വേങ്ങോടുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ജലദോഷം ബാധിച്ചാണ് ആദ്യം എത്തിയത്. തുടര്‍ന്ന് വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. മാർച്ച് 23 ന് രോഗലക്ഷണം പ്രകടിപ്പിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റി. അബ്ദുല്‍ അസീസിന്റെ ആദ്യ പരിശോധന ഫലം നെഗറ്റിവായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് അഞ്ചിനും 23നും ഇടയില്‍ വിവാഹ, സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. പങ്കെടുത്ത പ്രാര്‍ഥനകളിലെ ആള്‍സാന്നിധ്യവും പരിശോധനയിലാണ്. പിടിഎ പരിപാടിയിലും ഇയാൾ പങ്കെടുത്തിരുന്നു. ബാങ്കിലെ ചിട്ടി ലേലത്തിലും പങ്കെടുത്തു. ബ്രാഞ്ച് അടച്ചു. ബാങ്കിലെ ജീവനക്കാർ നിരീക്ഷണത്തിലാണ്.

ഡിഎംഒയുടെ നേതൃത്വത്തിൽ സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. 10.30 നാണ് ഖബറടക്കം. കൊച്ചിയിലേതുപോലെ ബന്ധുക്കളെ മൃതദേഹം കാണിക്കില്ലെന്ന് അധികൃതർ അറിയിച്ചു. അബ്ദുല്‍ അസീസിന്റെ മകളുടെ സാംപിൾ പരിശോധനയ്ക്കായി എടുത്തിരുന്നുവെങ്കിലും റിസൽട്ട് വന്നിട്ടില്ല. ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ കഴിയണമെന്നും മന്ത്രി പറഞ്ഞു.

Recent Updates

OMAN LATEST NEWS

UAE LATEST NEWS