• Home
  • News
  • വന്ദേഭാരത് നാലാം ഘട്ടത്തിൽ കുവൈത്തും ഖത്തറും പുറത്ത്, സൗദിയിൽനിന്ന് 11 വിമാനങ്ങൾ

വന്ദേഭാരത് നാലാം ഘട്ടത്തിൽ കുവൈത്തും ഖത്തറും പുറത്ത്, സൗദിയിൽനിന്ന് 11 വിമാനങ്ങൾ

റിയാദ് : വന്ദേഭാരത് മിഷന്റെ നാലാം ഘട്ട വിമാന സർവീസുകളിൽ നിന്ന് ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളെ ഒഴിവാക്കി. ജൂലൈ ഒന്നു മുതൽ 14 വരെ തീയതികളിലേക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ പട്ടികയിയിൽ ജിസിസിയിൽ നിന്ന് യുഎഇ, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നത്. നാട്ടിലേക്കു പോകാനായി ഖത്തർ, കുവൈത്ത് രാജ്യങ്ങളിൽ റജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന ആയിരകണക്കിന് സാധാരണക്കാർക്ക് സർക്കാരിന്റെ തീരുമാനം തിരിച്ചടിയായി.

ഇതേസമയം എയർ ഇന്ത്യ ഇന്നലെ രാത്രി വൈകി പുറത്തുവിട്ട പട്ടിക അനുസരിച്ച് സൗദിയിൽനിന്ന് കേരളത്തിലേക്ക് 11 വിമാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കുവൈത്തിൽ മാത്രം 82,000ത്തിലേറെ പേരും ഖത്തറിൽ 45000 പേരുമാണ് നാട്ടിലേക്കു മടങ്ങാനായി ഇന്ത്യൻ എംബസിയിൽ റജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത്. വന്ദേഭാരത്, ചാർട്ടേ‍ഡ് വിമാനങ്ങളിലായി ഇവിടങ്ങളിൽ നിന്ന് ഏതാണ്ട് കാൽഭാഗം പേർ മാത്രമേ നാട്ടിലേക്കു പോയിട്ടുള്ളൂ. ശേഷിച്ച മുക്കാൽ ഭാഗത്തോളം പേർ നാട്ടിലേക്കുള്ള അവസരത്തിനായി കാത്തിരിക്കുമ്പോഴാണ് സാധാരണക്കാർക്ക് ആശ്രയിക്കാവുന്ന വന്ദേഭാരത് വിമാനങ്ങൾ ഈ സെക്ടറിൽനിന്നും പിൻവലിച്ചത്. ഇതുമൂലം കൂടിയ തുക നൽകി ഇതര വിമാനങ്ങളിൽ സീറ്റു തരപ്പെടുത്തേണ്ട അവസ്ഥയാണ്.

ഖത്തറിൽ നിന്ന് കേരള സെക്ടറുകളിലേക്ക് വന്ദേഭാരത് ടിക്കറ്റിന് 750 റിയാലായിരുന്നു. ചാർട്ടേഡ് വിമാനങ്ങളിൽ 900 മുതൽ 1500 റിയാൽ വരെയാണ് ഈടാക്കുന്നത്. 150 മുതൽ 650 റിയാൽ വരെ അധികം. കുവൈത്തിൽ വന്ദേഭാരത് ടിക്കറ്റ് 80–85 ദിനാറിന് കിട്ടിയിരുന്നു. ചാർട്ടേ‍ഡ് വിമാനങ്ങളിൽ 110–130 ദിനാർ വരെയാണ് ഈടാക്കുന്നത്. 30–50 ദിനാർ അധികം നൽകേണ്ടിവരുന്നു. ജോലി നഷ്ടപ്പെട്ടും വീസാ കാലാവധി കഴിഞ്ഞും അടിയന്തര ചികിത്സയ്ക്കും പ്രസവത്തിനുമായി നാട്ടിലേക്കുള്ള യാത്രയ്ക്കായി കാത്തിരിക്കുന്ന ഒട്ടേറെ പേരുണ്ട് ഈ രാജ്യങ്ങളിൽ. അതിനാൽ വന്ദേഭാരത് മിഷൻ വിമാന സർവീസ് ഈ രാജ്യങ്ങളിൽ പുനസ്ഥാപിക്കണമെന്നാണ് സാധാരണ പ്രവാസികളുടെ ആവശ്യം.

സൗദിയിൽനിന്ന് 11 വിമാനങ്ങൾ

 

റിയാദ്‌ ∙ വന്ദേഭാരത്‌ മിഷന്റെ ഭാഗമായി പ്രഖ്യാപിച്ച നാലാം ഘട്ട വിമാന പട്ടികയിൽ സൗദിയിൽ നിന്ന് കേരളത്തിലേക്ക്‌ 11 സർവീസുകളുണ്ടാകുമെന്ന് റിയാദ്‌ ഇന്ത്യൻ എംബസി അറിയിച്ചു. ജൂലൈ 1 മുതൽ 14 വരെ പ്രഖ്യാപിച്ച 136 സർവീസുകളിൽ കേരളത്തിലേക്ക്‌ വിമാനങ്ങൾ ഇല്ലാത്തതിനെ ചൊല്ലി വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ജൂണ്‍16 മുതല്‍ 22 വരെ നടത്തിയ മൂന്നാം ഘട്ട പട്ടികയിലും സൗദിയില്‍ നിന്നുകേരളത്തിലേക്ക് സര്‍വീസ് അനുവദിച്ചിരുന്നില്ല. 12 വിമാനങ്ങളാണ്‌ ഈ ഘട്ടത്തിൽ മറ്റുഗൾഫ്‌ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക്‌ എത്തിയത്‌. 

അതേസമയം നാലാം ഘട്ടത്തിൽ യു എ ഇ, ബഹ്‌റൈൻ, ഒമാൻ, മലേഷ്യ, സിങ്കപ്പൂർ എന്നിവിടങ്ങളിൽ നിന്നായി 94 വിമാനങ്ങളാണ്‌ കേരളത്തിൽ എത്തുക. യു എ ഇ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്ന്39 വീതവും ഒമാൻ 13, മലേഷ്യ, സിങ്കപ്പൂർ എന്നിവിടങ്ങളിൽ നിന്ന് ഓരോന്നു വീതവുമാണ്‌ സർവീസ്‌ നടത്തുക. നിലവിൽ മറ്റു ഗൾഫ് രാജ്യങ്ങൾക്കനുസരിച്ച് വന്ദേഭാരത് ഉദ്യമത്തിൽ സൗദിക്കെതിരെയുള്ള അവഗണന തുടരുകയാണ്.

പുതിയ പട്ടിക പ്രകാരം സൗദിയിൽ നിന്നുള്ള വിമാനങ്ങളുടെ  വിവരങ്ങൾ ഇങ്ങനെയാണ്,  ജൂലൈ 3, 5, 7, തീയതികളിൽ യാഥക്രമം ദമാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ നിന്ന് കണ്ണൂരിലേക്കും, ജൂലൈ 3, 4,6 തീയതികളിൽ യഥാക്രമം റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിൽ നിന്ന് കോഴിക്കോട്ടേക്കും ജൂലൈ 4,8,9 തീയതികളിൽ യഥാക്രമം റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുറത്തേക്കും ജൂലൈ 6, 10 തീയതികളിൽ ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്കുമാണ് വിമാനങ്ങൾ. 11 സർവീസുകളും നടത്തുന്നത് എയർ ഇന്ത്യ വിമാനങ്ങളാണ്.

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS