ഖത്തറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ 'ഇന്ത്യ ഫെസ്റ്റ്' തുടങ്ങി
ദോഹ : ഇന്ത്യയുടെ തനത് ഉല്പന്ന വൈവിധ്യങ്ങളുമായി ഖത്തറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഇന്ത്യ ഫെസ്റ്റിന് തുടക്കമായി. 72-ാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷവേളയില്‍ ഇന്ത്യയുടെ സാംസ്കാരിക, പൈതൃക, രുചി വൈവിധ്യങ്ങള്‍ പ്രതിഫലിപ്പിച്ചുകൊണ്ടാണ് അല്‍ ഗരാഫ ശാഖയില്‍ ഇന്ത്യാ ഫെസ്റ്റിന് തുടക്കമായത്. ഇന്ത്യന്‍ സ്ഥാനപതി ഡോ.ദീപക് മിത്തല്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ലുലുവിന്റെ പുനരുപയോഗ ജൂട്ട് ബാഗുകളുടെ പുതിയ ശേഖരങ്ങളും സ്ഥാനപതി ഉദ്ഘാടനം ചെയ്തു.
ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അല്‍താഫ്, എംബസി ഉദ്യോഗസ്ഥര്‍, ലുലു മാനേജ്മെന്റ് പ്രതിനിധികള്‍, മന്ത്രാലയം ഉദ്യോഗസ്ഥര്‍, ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് അധികൃതര്‍, കമ്യൂണിറ്റി നേതാക്കള്‍ എന്നിവര്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് ദോഹയിലെ കലാകാരന്മാര് അവതരിപ്പിച്ച ബംഗാളി, രാജസ്ഥാനി, കഥക്, ഒഡിസി നൃത്തരൂപങ്ങളുടെ ഫ്യൂഷനും ശ്രദ്ധേയമായി. ഫെസ്റ്റിന്റെ ഭാഗമായുള്ള ഇന്ത്യന്‍ സില്‍ക്ക് ആന്‍ഡ് എത്നിക് വിയര് ഫെസ്റ്റിവല്‍ ഇന്ത്യന്‍ സ്ഥാനപതിയുടെ പത്നി ഡോ.അല്പന മിത്തല്‍ ഉദ്ഘാടനം ചെയ്തു. തനത് സില്‍ക്ക് സാരികളുടെ വൈവിധ്യ ശേഖരമാണ് ഇവിടെയുള്ളത്.
ഇന്ത്യന്‍ ട്രേഡ് പ്രമോഷന് കൗണ്‍സില്‍, അഗ്രികള്‍ചറല്‍ ആന്‍ഡ് പ്രൊസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോര്ട് ഡവലപ്മെന്റ് അതോറിറ്റി, ഇന്ത്യന്‍ സില്‍ക്ക് എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സില്‍ എന്നിവയുമായി സഹകരിച്ചാണ് ഫെസ്റ്റ് നടത്തുന്നത്. ഇന്ത്യയുടെ രുചി വൈവിധ്യവും ഫാഷനുമാണ് മേളയുടെ പ്രത്യേകത. ഇന്ത്യയുടെ ഭക്ഷ്യ, ഭക്ഷ്യേതര ഉല്പന്നങ്ങള്, സുഗന്ധവ്യജ്ഞനങ്ങള്‍, സില്‍ക്ക് സാരികള്‍ കൂടാതെ പ്രമുഖ ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ തുണിത്തരങ്ങളും ചെരിപ്പുകളുമെല്ലാം മേളയിലുണ്ട്. ഇന്ത്യയുടെ ഭക്ഷ്യ, ഭക്ഷ്യേതേര ഉല്പന്നങ്ങള്ക്ക് പുറമേ കശ്മീരില്‍ നിന്നുള്ള ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള കുങ്കുമപ്പൂ, വിവിധതരം ആപ്പിള്‍, മാതളനാരങ്ങ എന്നിവയും ഇന്ത്യാ ഫെസ്റ്റിന്റെ സവിശേഷതകളാണെന്ന് ഡോ.മുഹമ്മദ് അല്‍താഫ് പറഞ്ഞു. ഈ മാസം 31 വരെയാണ് ഇന്ത്യാ ഫെസ്റ്റ്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.