• Home
  • News
  • എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ തനിച്ച് യാത്ര ചെയ്യുന്ന കുട്ടികൾക്ക് അധിക ഫീസ് ഏ

എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ തനിച്ച് യാത്ര ചെയ്യുന്ന കുട്ടികൾക്ക് അധിക ഫീസ് ഏർപ്പെടുത്തി

അബുദാബി: എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ തനിച്ച് യാത്ര ചെയ്യുന്ന കുട്ടികൾക്ക് (അൺ അക്കംപനീഡ് മൈനർ) അധിക ഫീസ് ഏർപ്പെടുത്തി. വൺവേയ്ക്ക് 165 ദിർഹമാണ് അധികം നൽകേണ്ടത്. ഇരുവശത്തേക്കും തനിച്ച് യാത്ര ചെയ്യുന്ന കുട്ടികൾക്ക് 330 ദിർഹം വിമാന ടിക്കറ്റിന് പുറമെെ നൽകണം. ദേശീയ എയർലൈനായ എയർഇന്ത്യ എക്സ്പ്രസിൽ നേരത്തെ ഇതിനായി പ്രത്യേക നിരക്ക് ഈടാക്കിയിരുന്നില്ല. പുതുതായി ഏർപ്പെടുത്തിയ നിരക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം ഈടാക്കും. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവരാണെങ്കിൽ എയർഇന്ത്യ എക്സ്പ്രസ് ഓഫിസിലെത്തി അധിക തുക അടയ്ക്കേണ്ടിവരും.

യാത്ര റദ്ദാക്കിയാൽ തുക തിരികെ ലഭിക്കില്ല. മറ്റൊരു ദിവസത്തേക്ക് യാത്ര മാറ്റുകയാണെങ്കിൽ അൺഅക്കംപനീഡ് തുക വീണ്ടും അടയ്ക്കേണ്ട. 5 മുതൽ 12 വയസ്സു വരെയുള്ള കുട്ടികളെയാണ് അൺഅക്കംപനീഡ് മൈനർ വിഭാഗത്തിൽ വിമാനത്തിൽ തനിച്ച് യാത്ര ചെയ്യാൻ അനുവദിക്കുക. ഇതിനായി മാതാപിതാക്കളുടെ പാസ്പോർട്ട് കോപ്പി ഉൾപ്പെടെ ബന്ധപ്പെട്ട എയർലൈൻ ഓഫിസിൽ നേരിട്ടെത്തി അപേക്ഷ നൽകണം. നാട്ടിലെ വിമാനത്താവളത്തിൽ കുട്ടിയെ സ്വീകരിക്കുന്ന വ്യക്തിയുടെ പേരും നമ്പറും കുട്ടിയുമായുള്ള ബന്ധവും അപേക്ഷയിൽ രേഖപ്പെടുത്തണം. യാത്രാ ദിവസം ചെക്കിൻ കൗണ്ടറിലെത്തിയാൽ കുട്ടിയെ വിമാന ജീവനക്കാർ ഏറ്റുവാങ്ങും.

Related News

Entertainment