• Home
  • Sports
  • ദേശീയ ക്രിക്കറ്റിന്റെ വലിയ മൈതാനത്തേക്ക‌് കേരളം ഉശിരോടെ കാൽവ
renji trophy kerala

ദേശീയ ക്രിക്കറ്റിന്റെ വലിയ മൈതാനത്തേക്ക‌് കേരളം ഉശിരോടെ കാൽവച്ചു

കൃഷ‌്ണഗിരി: വയനാടൻ കാറ്റിന‌് പാടിനടക്കാൻ ഇനി മറ്റൊരു വീരഗാഥ കൂടി. ദേശീയ ക്രിക്കറ്റിൽ ഇതുവരെ ഒതുങ്ങിനിന്ന കേരളം കൃഷ‌്ണഗിരിയിൽ കൊടുങ്കാറ്റായി വീശി. പാരമ്പര്യത്തിന്റെ വമ്പുമായെത്തിയ ഗുജറാത്തിനെ വിറപ്പിച്ചുവീഴ‌്ത്തി, ദേശീയ ക്രിക്കറ്റിന്റെ വലിയ മൈതാനത്തേക്ക‌് കേരളം ഉശിരോടെ കാൽവച്ചു.പാളയത്തിൽപട പന്തം കൊളത്തിയ വാർത്തയാണ് ഇൗ സീസൺ തുടങ്ങുന്നതിന് മുമ്പ് കേരളത്തിന്റെ രഞ്ജി ട്രോഫി ക്യാമ്പിൽനിന്ന് പുറത്തുവന്നത്. തമ്മിലടികൊണ്ട് താറുമാറായിപ്പോകുമായിരുന്ന ഒരു സീസണിൽ ഏറ്റവും ഉന്നതിയിലെത്തി നിൽക്കുന്ന സന്ദർഭത്തിൽ ആ പ്രശ്നം ഇലയ്ക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ പരിഹരിക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ കാട്ടിയ അനിതരസാധാരണ മികവ് അഭിനന്ദനമർഹിക്കുന്നു. നായകനായ സച്ചിൻ ബേബിക്കെതിരെ ടീമിലെ ഭൂരിഭാഗം പരാതിക്കത്തിൽ ഒപ്പിട്ടുനൽകിയിരുന്നു. ആ താരങ്ങളെല്ലാം ഇന്ന് കളിക്കളത്തിൽ ഒത്തൊരുമയോടെ സച്ചിൻ ബേബിക്ക് പിന്നിൽ അണിനിരന്നിരിക്കുന്നു.

കേരളത്തിൽ നിന്ന് മഹാൻമാരായ നിരവധി ക്രിക്കറ്റ് താരങ്ങൾ ഉദയം കൊണ്ടിട്ടുണ്ട്. രവിയച്ചനും ബാലൻ പണ്ഡിറ്റും മുതൽ ടിനു യോഹന്നാനും അനന്ത പത്മനാഭനും ശ്രീശാന്തും വരെയുള്ളവർ ക്രിക്കറ്റ് ചരിത്രത്തിൽ അവരുടെ സ്ഥാനവും അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ടീമെന്ന നിലയിൽ കേരളം എന്നും പുറമ്പോക്കിലായിരുന്നു. രഞ്ജി ട്രോഫിയിൽ വമ്പന്മാരാകെ എലൈറ്റ് ഗ്രൂപ്പിൽ കളിക്കുമ്പോൾ കേരളം പ്ളേറ്റ് ഗ്രൂപ്പിന്റെ പിന്നാമ്പുറത്ത് പാത്രം മോറുകയായിരുന്നു പതിവ്. കഴിഞ്ഞ കുറച്ചുസീസണുകൾ കൊണ്ടാണ് ആ രീതിക്ക് മാറ്റമുണ്ടായത്. കേരളം എലൈറ്റ് ഗ്രൂപ്പിലേക്ക് ഉയർത്തപ്പെട്ടു. കഴിഞ്ഞവർഷം ക്വാർട്ടർ ഫൈനൽ വരെയെത്തി. ഇൗവർഷം ഇതാ സെമിയിലേക്ക്. ഇനിയുമൊരുപാട് മുന്നേറേണ്ടതുണ്ട്. കേരളം അതിനുള്ള ശേഷി സച്ചിനും സഞ്ജുവും ജലജും ബേസിലുമൊക്കെയടങ്ങിയ ഇൗ സംഘത്തിനുണ്ട്. ടീം സ്പിരിറ്റും ഭാഗ്യവും കൂടിയുണ്ടെങ്കിൽ കൃഷ്ണഗിരിയിലെ പിച്ചിൽ ഒരു ചരിത്ര നിമിഷം കൂടി പിറക്കും. കേരളം രഞ്ജി ട്രോഫി ഫൈനലിലേക്ക് പ്രവേശിക്കുന്ന സുവർണ മുഹൂർത്തം.

Recent Updates

Related News