ഇന്ത്യൻ താരം അമിത് പംഗലിന് സ്വർണം
ജക്കാർത്ത: പുരുഷന്മാരുടെ 49 കിലോ ഗ്രാം ലൈറ്റ് ഫ്ലൈയിൽ ഇന്ത്യൻ താരം അമിത് പംഗലിന് സ്വർണം. 2016ലെ ഒളിമ്പിക് ചാമ്പ്യനും ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ ജേതാവുമായ ഉസ്ബെക്കിസ്ഥാൻെറ ഹസൻബോ ഡുസ്മാറ്റോവിനെയാണ് 22കാരനായ അമിത് പംഗൽ തോൽപിച്ചത്(3-2) .തൊട്ടുപിന്നാലെ ബ്രിജ് (ചീട്ടുകളി) ടീം ഇനത്തിൽ പുരുഷ ടീമും സ്വർണം സ്വന്തമാക്കിയതോടെ ഗെയിംസിന്റെ പതിനാലാം ദിനത്തിൽ ഇന്ത്യയ്ക്ക് ‘ഡബിൾ സന്തോഷം’. ബ്രിജിൽത്തന്നെ രണ്ടാമത്തെ പുരുഷ ടീമും മിക്സ്ഡ് ഡബിൾസ് ടീമും വെങ്കലവും നേടിയതോടെ പതിനാലാം ദിനത്തിൽ ഇന്ത്യയുടെ മെഡൽനേട്ടം നാലായി ഉയർന്നു.
ഇതോടെ, ഏഷ്യൻ ഗെയിംസിലെ ആകെ മെഡൽ നേട്ടത്തിൽ ഇന്ത്യ ചരിത്രമെഴുതി. 15 സ്വർണവും 23 വെള്ളിയും 31 വെങ്കലവും ഉൾപ്പെടെ ജക്കാർത്തയിലെ ആകെ മെഡൽനേട്ടം 69 ആക്കി ഉയർത്തിയ ഇന്ത്യ, 2010ലെ ഗ്വാങ്ചൗ ഗെയിംസിൽ 14 സ്വർണവും 17 വെള്ളിയും 34 വെങ്കലവും ഉൾപ്പെടെ നേടിയ 65 മെഡലുകളുടെ റെക്കോർഡാണ് തിരുത്തിയത്. സ്വർണ, വെള്ളി മെഡലുകളുടെ എണ്ണത്തിലും ഇത് റെക്കോർഡ് കുതിപ്പാണ്. 2010ൽ ഗ്വാങ്ചൗവിൽ ഇന്ത്യ 14 സ്വർണ മെഡലുകൾ നേടിയിരുന്നു. ഇനി സ്ക്വാഷ് വനിതാ വിഭാഗം ടീം ഇനത്തിലും ഇന്ത്യയ്ക്കു ഫൈനലുണ്ട്.