• Home
  • Sports
  • എമിലിയാനോ സലയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
emiliano sala died

എമിലിയാനോ സലയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ലണ്ടന്‍: അര്‍ജന്റീനിയന്‍ ഫുട്ബോള്‍ താരം എമിലിയാനോ സലയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയ്ക്കും നെഞ്ചിലുമേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലീഷ് ചാനലില്‍ നിന്ന് കണ്ടെടുത്ത മൃതദേഹം വിരലടയാളങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് സലയുടേതെന്ന് ഉറപ്പിച്ചത്. സംഭവത്തില്‍ എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് (എ.എ.ഐ.ബി) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന് ആറുമാസം മുതല്‍ ഒരു വര്‍ഷം വരെയെടുത്തേക്കും. സംഭവത്തില്‍ ബേണ്‍മൗത്ത് കോടതിയില്‍ വിചാരണ ആരംഭിച്ചിട്ടുണ്ട്. നവംബര്‍ ആറിനാണ് കേസ് പരിഗണിക്കുക. ഇംഗ്ലണ്ടിലെ നിയമപ്രകാരം പെട്ടെന്ന് സംഭവിക്കുന്നതോ കാരണം വിശദമാക്കുവാന്‍ സാധിക്കാത്തതോ ആയ മരണങ്ങളില്‍ വിചരണ നടത്തുന്നത് പതിവാണ്.

അതേസമയം സലയ്‌ക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് ഡേവിഡ് ഇബോട്ട്സണെ കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല. ജനുവരി 21-നാണ് ഇരുപത്തിയെട്ടുകാരനായ സല സഞ്ചരിച്ച ചെറുവിമാനം കാണാതായത്. സലയോടൊപ്പം പൈലറ്റ് ഡേവിഡ് ഇബോട്സണേയും കാണാതായിരുന്നു. പിന്നീട് ആഴ്ച്ചകള്‍ നീണ്ട തിരച്ചലിനൊടുവില്‍ ഇംഗ്ലീഷ് ചാനലില്‍ നിന്ന് വിമാനാവശിഷ്ടങ്ങളും ഒരു മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഈ മൃതദേഹം ആരുടേതാണെന്ന് തിരച്ചില്‍ നടത്തിയ എയര്‍ അക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് (എ.എ.ഐ.ബി) പുറത്തുവിട്ടിരുന്നില്ല. പോര്‍ട്ട്ലാന്‍ഡിലേക്ക് മാറ്റിയ ഈ മൃതദേഹം സലയുടേതാണെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപം ഇംഗ്ലീഷ് ചാനലിന് മുകളില്‍ വെച്ചാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. തന്റെ പഴയ ക്ലബ്ബ് നാന്റെസ് വിട്ട് പുതിയ ക്ലബ്ബ് കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു താരം.

Recent Updates

Related News