• Home
  • Sports
  • ഇന്ത്യ ജോർദാൻ ഇന്ന് നിശ്ചയിച്ചിരുന്ന സൗഹൃദ ഫുട്ബോൾ മത്സരം

ഇന്ത്യ ജോർദാൻ ഇന്ന് നിശ്ചയിച്ചിരുന്ന സൗഹൃദ ഫുട്ബോൾ മത്സരം റദ്ദാക്കി

അമ്മാൻ: ഏഷ്യാ കപ്പിനുള്ള തയാറെടുപ്പിന്‍റെ ഭാഗമായി ഇന്ത്യ ജോർദാനെതിരേ ഇന്ന് നിശ്ചയിച്ചിരുന്ന സൗഹൃദ ഫുട്ബോൾ മത്സരം റദ്ദാക്കി. ഇന്ത്യൻ ടീമിലെ ചില കളിക്കാരും ഒഫീഷ്യലുകളും പ്രളയത്തെ തുടർന്ന് കുവൈറ്റിൽ കുടുങ്ങിപ്പോയതാണ് മത്സരം ഉപേക്ഷിക്കാൻ കാരണമായത്. മത്സരത്തിന് വേണ്ട തയാറെടുപ്പുകൾ നടത്താൻ ഇന്ത്യൻ ടീമിന് യാത്ര വൈകിയത് മൂലം സാധിക്കാതെ വന്നതാണ് മത്സരം ഉപേക്ഷിക്കാൻ കാരണമായത്.

വ്യാഴാഴ്ച തന്നെ 15 അംഗ ഇന്ത്യൻ സംഘം ജോർദാനിൽ എത്തിയിരുന്നു. എന്നാൽ ഇവർക്ക് പിന്നാലെ വന്ന ഏഴ് കളിക്കാരും ടീം ഒഫീഷ്യലുകളും അടങ്ങിയ സംഘത്തിന്‍റെ വിമാനം മോശം കാലാവസ്ഥയെ തുടർന്ന് പത്തു മണിക്കൂറോളം കുവൈറ്റ് സിറ്റി വിമാനത്താവളത്തിൽ കുടുങ്ങി. പിന്നീട് ദോഹ വഴി ശനിയാഴ്ച പുലർച്ചെയോടെയാണ് സംഘത്തിന് ജോർദാൻ തലസ്ഥാനമായ അമാനിൽ വിമാനമിറങ്ങാൻ കഴിഞ്ഞത്.

ഇന്ന് തീരുമാനിച്ചിരുന്ന മത്സരം അടുത്ത ദിവസം നടത്തുന്ന കാര്യം ആലോചിച്ചെങ്കിലും ചൊവ്വാഴ്ച ജോർദാന് സൗദി അറേബ്യയ്ക്കെതിരേ മത്സരമുള്ളതിനാൽ ഉപേക്ഷിക്കേണ്ടി വന്നു. ഇനി ഏഷ്യാ കപ്പിന് മുന്നോടിയായി ഡിസംബറിൽ ഒമാനെതിരേയും ഇന്ത്യയ്ക്ക് സൗഹൃദ മത്സരമുണ്ട്.

Recent Updates

Related News